Quantcast

പൗരത്വം, വോട്ടവകാശം: വംശീയ ഉന്മൂലനത്തിന്റെ റോഹിങ്ക്യൻ അനുഭവങ്ങൾ

ആദ്യം പൗരത്വത്തിന് അനർഹരാക്കുക, ശേഷം സകല അടിസ്ഥാനാവകാശങ്ങളും നിഷേധിക്കുക. ഒടുവിൽ, എന്നന്നേക്കുമായി ആ നീതിരാഹിത്യം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഭരണകൂട-തെരഞ്ഞെടുപ്പ് പ്രാതിനിധ്യത്തെ ഉന്മൂലനം ചെയ്യുക...

MediaOne Logo

  • Published:

    11 Nov 2020 10:33 AM GMT

പൗരത്വം, വോട്ടവകാശം: വംശീയ ഉന്മൂലനത്തിന്റെ റോഹിങ്ക്യൻ അനുഭവങ്ങൾ
X

അമേരിക്കൻ തെരഞ്ഞെടുപ്പ് വാർത്തകൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞൊഴുകുകയാണ്. ജനാധിപത്യ വിശ്വാസികൾക്ക് ഏതൊക്കെയോ തലത്തിൽ ആശ്വാസം നൽകുന്നതാണ് അമേരിക്കയിലെ പുതിയ മാറ്റങ്ങളെങ്കിൽ, നീതിനിഷേധത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും മറ്റൊരു ഔദ്യോഗിക ഏട് കൂടി രചിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മ്യാന്മറിൽ നിന്നുള്ള വാർത്ത. നിലവിൽ ജനാധിപത്യ രാജ്യമെന്ന് വിളിക്കപ്പെടുന്ന മ്യാന്മറിന്റെ പതിനേഴാമത് ജനറൽ ഇലക്ഷനായിരുന്നു ഇക്കഴിഞ്ഞ നവംബർ 8ന്. ഇത്തവണയും റോഹിങ്ക്യൻ ന്യൂനപക്ഷത്തിന് വോട്ടവകാശം നിഷേധിക്കപ്പട്ടു. തുടർച്ചയായ ക്രൂരതക്കും വംശഹത്യക്കും ഇരകളായ റോഹിങ്ക്യൻ ജനതയുടെ വലിയൊരു വിഭാഗവും ഇന്ന് അയൽ രാജ്യങ്ങളിൽ അഭയാർത്ഥികളായാണ് കഴിയുന്നത്. പൗരത്വവും വോട്ടവകാശവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് പിറന്ന മണ്ണിൽ തന്നെ അപരന്മാരന്മാരായി ജീവിക്കുന്നവരാണ് മ്യാൻമറിലെ രാഖൈൻ പ്രദേശത്ത് അവശേഷിക്കുന്ന റോഹിങ്ക്യക്കാർ.

ഉന്മൂലനത്തിന്റെ നാൾവഴികൾ

റോഹിങ്ക്യൻ ഭാഷ സംസാരിക്കുന്ന കൂടുതലും ഇസ്‍ലാംമത വിശ്വാസികളുൾപ്പെടുന്ന റോഹിങ്ക്യൻ വംശത്തിന്റെ ദുരിതങ്ങൾക്ക് തുടക്കം കുറിക്കുന്നത് 1982ൽ സൈനിക ഭരണകൂടം നടപ്പിലാക്കിയ മ്യാന്മർ ദേശീയ നിയമത്തിന് (Myanmar nationality law) ശേഷമാണെന്നാണ് പഠനങ്ങൾ പറയുന്നത്. യാഥാർത്ഥത്തിൽ മ്യാന്മറെന്ന രാഷ്ട്രം സ്ഥാപിതമായ 1948 മുതൽ തന്നെ റോഹിങ്ക്യൻ വംശത്തിനെതിരായ സംഘടിത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ചരിത്രം തുടങ്ങുന്നുണ്ട്. മ്യാന്മർ നാഷണാലിറ്റി ലോ പിന്നീട് ഈ അപരവത്കരണത്തിന്റെ ഒരു ഔദ്യോഗിക പ്രഖ്യാപനമായി മാറിയെന്നു മാത്രം. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മ്യാന്മറിന്റെ തദ്ദേശീയ വംശങ്ങളിൽപ്പെട്ടവരെന്നോ, 1942ന് മുമ്പത്തെ ബ്രിട്ടീഷ് ബർമയിലെ ജീവിച്ചിരുന്നവരെന്നോ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ മ്യാന്മർ പൗരത്വം നഷ്ടപ്പെടും. തിരിച്ചറിയൽ കാർഡ്, ജനനസർട്ടിഫിക്കറ്റ്, സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സർക്കാർ ജോലികൾ തുടങ്ങി അടിസ്ഥാനാവകാശങ്ങൾ മുതൽ ജീവിക്കാനാവശ്യമായ എല്ലാ ചുറ്റുപാടും നിഷേധിക്കപ്പെടും. എന്നാൽ പൂർവിക അടയാളങ്ങൾ കണ്ടെത്തുന്നത്തിനുള്ള സാവകാശം ലഭിക്കും മുമ്പ് തന്നെ റോഹിങ്ക്യൻ വംശം മ്യാൻമറിലെ ദേശീയ വംശങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിരീക്ഷണമനുസരിച്ച്, റോഹിങ്ക്യൻ ജനതയോടുള്ള ഏറ്റവും വലിയ നീതി നിഷേധമായിരുന്നു മ്യാന്മറിന്റെ ഈ നീക്കം. ഭരണകൂടം തള്ളിപ്പറഞ്ഞ, അടിസ്ഥാനാവകാശങ്ങൾ പോലും തഴയപ്പെട്ട ഒരു ജനതക്ക് നേരെ ഭൂരിപക്ഷം തൊടുത്തുവിടുന്ന വംശീയ ഉന്മൂലനവും, ആക്രമണങ്ങളെ ഭയന്ന് അന്യ രാജ്യങ്ങളിലേക്ക് കൂട്ടപ്പാലായനം നടത്തേണ്ടിവരുന്ന ഒരു വംശം നേരിടുന്ന പ്രതിസന്ധികളുമാണ്, പിന്നീട് 'റോഹിങ്ക്യ' എന്ന പദം തന്നെ ലോകത്തോട് സംവദിച്ചുകൊണ്ടിരുന്നത്. 2015 ഓടെ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു എന്ന് പറയുമ്പോഴും റോഹിങ്ക്യൻ വേട്ടയും കൂട്ടപ്പാലായനങ്ങളും തുടർക്കഥകളായിക്കൊണ്ടിരുന്നു.

ജനാധിപത്യം ഇല്ലായ്മ ചെയ്യുന്ന പ്രാതിനിധ്യം

നാളുകളായി മ്യാന്മറിൽ നിലനിന്നിരുന്ന സൈനിക ഭരണകൂടത്തെ താഴെയിറക്കാൻ പോരാടിയ ഓങ് സാൻ സൂചിയുടെ നേത്രത്വത്തിൽ 2015ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോഴെങ്കിലും റോഹിങ്ക്യൻ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും, ഒട്ടുംവൈകാതെ തന്നെ അസ്ഥാനത്തായി. 2019ൽ യു.എന്നും ചേരി ചേര ഉച്ചകോടിയുമൊക്കെ പേരിനെങ്കിലും ഒരു അന്താരാഷ്ട്ര ഇടപെടലിനായി ശ്രമിച്ചുവെങ്കിലും ന്യുനപക്ഷ പ്രീണനം ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുമെന്ന,സമാധാന നോബേൽ പുരസ്കാര ജേതാവിന്റെ ഭയം, നീതിയെ വീണ്ടും ഇല്ലായ്മ ചെയ്തു. ഒടുവിൽ, 2020ൽ 'ജനാധിപത്യ മ്യാന്മറിന്റെ' രണ്ടാമത് ജനറൽ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും, മുറിവുണങ്ങാത്ത ഒരു ജനത, ആ മണ്ണിലും അയൽ രാജ്യങ്ങളിലുമായി അപരന്മാരായി തുടരുകയാണ്.

2010ൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ താത്കാലിക തിരിച്ചറിയൽ രേഖയായ വൈറ്റ് കാർഡ് കൈവശമുണ്ടായിരുന്ന റോഹിങ്ക്യക്കാർക്ക് മ്യാന്മർ വോട്ടവകാശം നൽകിയിരുന്നു. പിന്നീട് ഭൂരിപക്ഷ പ്രീണനം മുൻനിർത്തി ആ അവകാശവും മ്യാന്മർ ഭരണകൂടം എടുത്തുകളഞ്ഞു. റോഹിങ്ക്യക്കാർ അധിവസിക്കുന്ന രാഖൈൻ പ്രവിശ്യയിലെ മറ്റ് ന്യുനപക്ഷങ്ങളുൾക്കൊള്ളുന്ന ജനവിഭാഗങ്ങൾ, രാജ്യത്തെ മുഖ്യ ഭൂരിപക്ഷ പാർട്ടികളായ NLDയെയോ USDPയെയോ പിന്തുണക്കുന്നതിനു പകരം, സ്വജനപക്ഷ പാർട്ടികളെ പിന്തുണക്കുമെന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. 2010ൽ അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി ഓങ് സാൻ സൂചിയുടെ NLD തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോൾ, സമ്മതിദാനാവകാശം സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹത്തോടെ സൈനിക താല്പര്യങ്ങൾ വെച്ചുപുലർത്തുന്ന USDPയെ, റോഹിങ്ക്യൻ തെരഞ്ഞെടുപ്പ് പ്രാതിനിധ്യത്തെ എതിർക്കുന്ന രാഖൈൻ ദേശീയ പാർട്ടികൾക്ക് മുകളിൽ പിന്തുണച്ചവരാണ് റോഹിങ്ക്യൻ ജനത. തുടർച്ചയായി നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ അവർക്ക് നൽകിയ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തീരുമാനമായിരുന്നു അത്. എന്നാൽ 2015ഓടെ സൂചിയുടെ NLD രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ച് ജനാധിപത്യം വീണ്ടെടുക്കുന്നതോടെ, യാതൊരു പ്രാതിനിധ്യവുമില്ലാത്ത ഒരു വിഭാഗം ഇരകൾ മാത്രമായി ആ ജനതക്ക് പരിണമിക്കേണ്ടിവരുന്നു എന്നത് കടുത്ത അനീതി തന്നെയാണ്.

ആദ്യം പൗരത്വത്തിന് അനർഹരാക്കുക, ശേഷം ചുവടുപിടിച്ച് അടിസ്ഥാനാവകാശങ്ങൾ മുതൽ സകല ജീവിദോപാധികളും നിഷേധിക്കുക. ഒടുവിൽ, എന്നന്നേക്കുമായി ആ നീതിരാഹിത്യം ചോദ്യം ചെയ്യപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാനിടവരരുത് എന്ന താല്പര്യത്തോടെ ഭരണകൂട പ്രാതിനിധ്യവും, തെരഞ്ഞെടുപ്പ് പ്രാതിനിധ്യവും ഉന്മൂലനം ചെയ്യുക. ഒരു വംശത്തെ രാഷ്ട്രീയവും സാമൂഹികവുമായി എങ്ങനെ ഹത്യ ചെയ്യാമെന്നതിന്റെ ഏറ്റവും നീചമായ രീതികളിലൊന്നാണ് സൂചിയുടെ 'ജനാധിപത്യ മ്യാൻമറിന്റേത്'.

സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രതിസന്ധികൾ..

കണക്കുകൾ പ്രകാരം ആറ് ഘട്ടങ്ങളിലായി നടന്ന വംശീയാതിക്രമണങ്ങളെ ഭയന്ന് രാഖൈൻ പ്രവിശ്യ വിട്ട റോഹിങ്ക്യക്കാരിൽ കുറെ പേരെ മലേഷ്യയും തായ്ലൻഡും മറ്റ് സമീപസ്ഥ രാജ്യങ്ങളും ഏറ്റെടുത്തപ്പോൾ ഭൂരിപക്ഷവും മ്യാന്മറുമായി കൂടുതൽ അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലായിരുന്നു അഭയം പ്രാപിച്ചത്. ദരിദ്രരാജ്യമായ ബംഗ്ലാദേശ് സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മാറ്റിനിർത്തി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ലക്ഷങ്ങളോളം വരുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ ഇരു കയ്യും നീട്ടി പലഘട്ടങ്ങളിലായി സ്വീകരിച്ചത്. അയൽരാജ്യം കൂടിയായ മ്യാന്മർ പ്രശ്നപരിഹാരത്തിന് മുതിരുമെന്നും, അഭയാർത്ഥികൾക്ക് ജനിച്ച മണ്ണിലേക്ക് മടങ്ങുവാനുള്ള സാമൂഹിക അന്തരീക്ഷം രാഖൈൻ പ്രവിശ്യയിൽ മ്യാന്മർ ഭരണകൂടം മുൻകൈയെടുത്ത് സൃഷ്ടിക്കുമെന്നുമുള്ള ബംഗ്ലാദേശിന്റെ പ്രതീക്ഷ ഇന്നും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. പ്രശനപരിഹാരങ്ങൾക്കുള്ള സാഹചര്യങ്ങൾ തുറക്കപ്പെട്ടില്ലാ എന്ന് മാത്രമല്ല, പട്ടാളവും ബുദ്ധിസ്റ്റുകളും ചേർന്ന് റോഹിങ്ക്യൻ വേട്ട തുടർന്നുകൊണ്ടേയിരുന്നു.

ന്യുനപക്ഷങ്ങളിലെ ന്യൂനപക്ഷത്തിന്റെ വംശഹത്യയെ തടയാൻ ഭൂരിപക്ഷാധിപത്യ രാജ്യമായ മ്യാന്മർ മുൻകയ്യെടുക്കില്ലെന്ന് തിരിച്ചറിഞ്ഞ ബംഗ്ലാദേശ്, വിഷയത്തിൽ സമീപ-സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിന്റെ ആവശ്യകത ഉയർത്തിക്കഴിഞ്ഞു. ഇരുപത്തിയേഴാമത് ആസിയാൻ രാഷ്ട്രങ്ങളുടെ മന്ത്രിതല സമ്മേളനത്തെ അഭിമുഖീകരിക്കവേ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ മൂമീൻ പ്രശ്നപരിഹാര നടപടിയുണ്ടായില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെ സൂചിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രധാന അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും നിലവിൽ ഇവ്വിഷയത്തിൽ എടുത്തേക്കാവുന്ന നയ-നിലപാടുകളെന്തായിരിക്കുമെന്ന് സംശയഭേദമന്യേ മനസ്സിലാക്കാവുന്നതേയുള്ളൂ. ഉയ്ഗൂർ വംശത്തിന് നേരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ സമീപനം മ്യാന്മറിന്റേതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല. കൊറോണ സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥക്ക് തൊട്ട്മുന്നേവരെ ഇന്ത്യയിൽ ആളിക്കത്തിയ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളിലേക്ക് നയിച്ച ബിജെപി സർക്കാരിന്റെ മുസ്ലിം വിരുദ്ധ നയങ്ങളും, വർഗീയ വംശീയ അജണ്ടകളും, 'മ്യാന്മർ മോഡലിൽ' നിന്ന് അത്രകണ്ട് വ്യത്യസ്തമല്ലായെന്നും പറയേണ്ടിവരും. മാത്രമല്ല ഇന്ത്യയിൽ നിലവിലുള്ള റോഹിങ്ക്യൻ അഭയാർത്ഥികളെ എത്രയും പെട്ടന്ന് നാടുകടത്താനുള്ള തീവ്ര ശ്രമങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരേതര മനുഷ്യത്വ സ്രോതസ്സുകളുടെ ഔദാര്യത്തിൽ ജീവിതം തള്ളിനീക്കുന്ന ഈ അഭയാർത്ഥി സമൂഹത്തിന്റെ നിലവിലെ മുന്നോട്ട് പോക്ക്തന്നെ അനിശ്ചിതത്വത്തിലാണെന്നിരിക്കെയാണ് ഗവൺമെന്റിന്റെ പുതിയ നീക്കങ്ങൾ. വംശഹത്യകളും ന്യുനപക്ഷ വേട്ടകളുമൊക്കെ ഉച്ചിയിലെത്തുമ്പോൾ മാത്രം സാമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഒരു അന്താരാഷ്ട്ര വ്യവസ്ഥിതിയെയും, അപരവത്കരണവും വംശീയതയും അധികാരബ്രഹ്മവും കൈമുതലായി കൊണ്ട് നടക്കുന്ന ഭരണകൂടങ്ങളെയും മറികടന്ന്, മനുഷ്യാവകാശങ്ങളും നീതിയും നടപ്പിലാക്കുക ആരാണെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇനിയും അവശേഷിക്കുകയാണ്..

TAGS :

Next Story