Quantcast

കോഹ്‌ലിക്ക് പരിശീലകനെ തെരഞ്ഞെടുക്കാം വനിതാ താരങ്ങള്‍ക്ക് പറ്റില്ല

പരിശീലകസ്ഥാനത്തേക്ക് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതി കുംബ്ലെയെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോഹ്ലി നിലപാട് ആവര്‍ത്തിച്ചതോടെയാണ് രവിശാസ്ത്രി പരിശീലകനാകുന്നത്

MediaOne Logo

Web Desk

  • Published:

    12 Dec 2018 9:39 AM GMT

കോഹ്‌ലിക്ക് പരിശീലകനെ തെരഞ്ഞെടുക്കാം വനിതാ താരങ്ങള്‍ക്ക് പറ്റില്ല
X

നിലവിലെ കീഴ്‌വഴക്കങ്ങളും നിയമങ്ങളും മറികടന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവിശാസ്ത്രിയെ നിയമിച്ചതെന്നും അതിലേക്ക് നയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിടിവാശിയാണെന്നും ആരോപണം. കുംബ്ലെയുമായുള്ള കോഹ്‌ലിയുടെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നാടകീയ നിയമനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തല്‍. ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) അംഗം ഡയാന എഡുല്‍ജി വിനോദ് റായിക്കയച്ച ഇമെയിലിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.

വിനോദ് റായിയും ഡയാന എഡുല്‍ജിയും

ഇന്ത്യന്‍ വനിതാ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഡ് ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലി ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയും എഡുല്‍ജിയും തമ്മില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ടീം അംഗം സ്മൃതി മന്ഥാന തുടങ്ങിയ വനിതാ താരങ്ങള്‍ പരിശീലക സ്ഥാനത്തേക്ക് രമേഷ് പൊവാറിനുവേണ്ടി വാദിച്ചിരുന്നു. എന്നാല്‍ മിതാലി രാജിനെ ട്വന്റി20 ലോകകപ്പ് സെമിയില്‍ കളിപ്പിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് പൊവാറിന് പരിശീലക സ്ഥാനം നഷ്ടമാവുകയാണുണ്ടായത്. പരിശീലകനെ കളിക്കാര്‍ വോട്ടുചെയ്തല്ല തെരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു വിനോദ് റായി പറഞ്ഞത്. തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

പുരുഷ ടീം ക്യാപ്റ്റന് പരിശീലകനെ തീരുമാനിക്കാമെങ്കില്‍ എന്തുകൊണ്ട് വനിതാ താരങ്ങള്‍ക്കായിക്കൂട എന്നതായിരുന്നു ഡയാന എഡുല്‍ജിയുടെ ചോദ്യം. വിനോദ് കുംബ്ലെയെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിക്ക് തുടര്‍ച്ചയായി മെസേജുകള്‍ അയച്ചിരുന്നതായും എഡുല്‍ജി ആരോപിക്കുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. കുംബ്ലെയുടെ പരിശീലന രീതികളോട് കോഹ്ലിക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പരിശീലകനായി തുടരുന്നതില്‍ ക്യാപ്റ്റനു ബുദ്ധിമുട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്ന് കുംബ്ലെ സ്ഥാനമൊഴിയുകയായിരുന്നു.

2017ലെ ചാംപ്യന്‍സ് ട്രോഫി വരെയായിരുന്നു കുംബ്ലെയുമായുള്ള കരാറെങ്കിലും പുതിയ പരിശീലകനെ തിരഞ്ഞ് മേയ് മാസം ഒടുവില്‍ത്തന്നെ ബിസിസിഐ പരസ്യം നല്‍കുകയായിരുന്നു. കുംബ്ലെക്ക് കീഴില്‍ ഇന്ത്യ കളിച്ച 17 ടെസ്റ്റുകളില്‍ ഒരു ടെസ്റ്റില്‍ മാത്രമായിരുന്നു പരാജയപ്പെട്ടത്. റാങ്കിംങിലും ടീം ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്. പരിശീലകസ്ഥാനത്തേക്ക് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതി കുംബ്ലെയെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോഹ്ലി കുംബ്ലെക്കെതിരായ നിലപാട് ആവര്‍ത്തിച്ചതോടെയാണ് രവിശാസ്ത്രി പരിശീലക സ്ഥാനത്തേക്കെത്തുന്നത്.

ശാസ്ത്രിയെ പരിശീലകനാക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും നിയമവിരുദ്ധമായിരുന്നുവെന്ന ഗുരുതര ആരോപണവും എഡുല്‍ജി ഉന്നയിക്കുന്നുണ്ട്. അതേസമയം, കുംബ്ലെ പുറത്തായതിനു പിന്നില്‍ കോഹ്‌ലിക്കു പങ്കുണ്ടായിരുന്നുവെന്ന് വിനോദ് റായി അയച്ച മറുപടി സന്ദേശത്തില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story