Quantcast

ആസ്ട്രേലിയന്‍ മണ്ണില്‍ കിരീട നേട്ടം സ്വന്തമാക്കിയ മൂന്ന് ഇന്ത്യന്‍ നായകന്മാര്‍ ഇവരാണ്...

മൂന്ന് തവണയാണ് ഇന്ത്യന്‍ ടീം ആസ്ട്രേലിയയില്‍ കിരീടനേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    20 Jan 2019 1:57 PM GMT

ആസ്ട്രേലിയന്‍ മണ്ണില്‍ കിരീട നേട്ടം സ്വന്തമാക്കിയ മൂന്ന് ഇന്ത്യന്‍ നായകന്മാര്‍ ഇവരാണ്...
X

ആസ്ട്രേലിയക്കെതിരെയുള്ള നീണ്ട പരമ്പര ഇന്ത്യ വിജയകമായി അവസാനിപ്പിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പരക്ക് പുറമേ ഏകദിന പരമ്പരയിലും വിജയം കൈവരിച്ച് പരമ്പരയിലെ സമ്പൂര്‍ണ്ണാധിപത്യം നിലനിര്‍ത്തിയാണ് ഇന്ത്യ ആസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ആസ്ട്രേലിയയില്‍ അത്ര നല്ല ഏകദിന റെക്കാര്‍ഡുകളല്ല ഇന്ത്യയുടെ പേരിലുള്ളത്. ആസ്ട്രേലിയയുടെ സുവര്‍ണ്ണ കാലഘട്ടത്തിന് മുമ്പും ശേഷവും തങ്ങളുടെ മണ്ണില്‍ ഏതൊരു ടീമിനും ശക്തരായ എതിരാളികളാണ് കങ്കാരുപ്പട.

മൂന്ന് തവണയാണ് ഇന്ത്യന്‍ ടീം ആസ്ട്രേലിയയില്‍ കിരീടനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ആസ്ട്രേലിയന്‍ മണ്ണില്‍ കിരീടമുയര്‍ത്തിയ മൂന്ന് ഇന്ത്യന്‍ നായകന്മാര്‍ ഇവരൊക്കെയാണ്.

3. വിരാട് കോഹ്‍ലി

തങ്ങളുടെ കാണികളുടെ മുമ്പില്‍ വിജയത്തോടെയാണ് ആസ്ട്രേലിയ ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര തുടങ്ങിയത്. എന്നാല്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണ്ണറും ഇല്ലാത്ത കങ്കാരുപ്പട മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി. ആസ്ട്രേലിയയില്‍ ആസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിന പരമ്പര വിജയം എന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്‍ലി.

മുന്നില്‍ നിന്ന് ടീമിനെ നയിക്കുമ്പോഴും മികച്ച ബാറ്റിങ് പ്രകടനം തന്നെയാണ് വിരാട് കാഴ്ച വച്ചത്. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം മത്സരത്തിലെ സെഞ്ച്വറിയും മൂന്നാം മത്സരത്തിലെ 42 റണ്‍സും വിലമതിക്കാത്തതായിരുന്നു. മൂന്ന് അര്‍ദ്ദശതകങ്ങളുമായി പരമ്പരയിലെ താരമാവാന്‍ മഹേന്ദ്രസിങ് ധോണക്കുമായി.

2. സുനില്‍ ഗവാസ്കര്‍

1985ലായിരുന്നു ആ നേട്ടം. അക്കാലത്തെ ലോകത്തിലെ മികച്ച ഏഴ് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ടൂര്‍ണ്ണമെന്‍റായിരുന്നു അത്. ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായി. സുനില്‍ ഗവാസ്കറായിരുന്നു അന്ന് ഇന്ത്യക്ക് പരമ്പര സമ്മാനിച്ച നായകന്‍. യാദൃച്ഛികമെന്നു പറയട്ടെ, പരമ്പരയിലുടനീളം തുടര്‍ന്ന തന്‍റെ ആള്‍റൌണ്ടിങ് മികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്നത്തെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയായിരുന്നു ആ പരമ്പരയിലെ താരം.

പാകിസ്താന്‍, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ അപരാജിതരായായിരുന്നു ഇന്ത്യ സെമി പ്രവേശനം സ്വന്തമാക്കിയത്. സെമിയില്‍ ഏഴ് വിക്കറ്റിന് ന്യൂസിലാന്‍റിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക്. ഫൈനലില്‍ എട്ട് വിക്കറ്റിന് അനായാസം പാകിസ്താനെ പരാജയപ്പെടുത്തി കിരീട നേട്ടം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പര വിജയങ്ങളിലൊന്നായി അത് കുറിക്കപ്പെട്ടു.

1. മഹേന്ദ്രസിങ് ധോണി

ആസ്ട്രേലിയയുടെ പ്രതാപകാലത്ത് അവരുടെ മണ്ണില്‍ അവരെ തോല്‍പ്പിച്ച് പരമ്പര നേട്ടം കൈവരിച്ച നായകനാണ് മഹേന്ദ്രസിങ് ധോണി. ശ്രീലങ്കയും കൂടി പങ്കാളികളായ കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയാണ് ഇന്ത്യ 2008ല്‍ സ്വന്തമാക്കിയത്. റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ആന്‍ഡ്രു സൈമണ്‍സ്, മൈക്കിള്‍ ഹസി, മൈക്കിള്‍ ക്ലാര്‍ക്ക്, ബ്രെട്ട് ലീ, മിച്ചല്‍ ജോണ്‍സണ്‍ എന്നിങ്ങനെ വമ്പന്മാര്‍ അണിനിരന്ന ആസ്ട്രേലിയന്‍ ടീമിനെയാണ് അവരുടെ മണ്ണില്‍ ധോണിയും കൂട്ടരും വീഴ്ത്തിയത്.

ഇന്ത്യന്‍ ടീം വലിയ അഴിച്ചു പണികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നതിനാല്‍ താരതമ്യേന ചെറിയ ടീമായിരുന്നു ഇന്ത്യയുടേത്. എന്നിരുന്നാലും ധോണിയും കൂട്ടരും മൂന്ന് ഫൈനലുകളില്‍ രണ്ടും വിജയിച്ച് ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചു. നായകന്‍ എന്ന നിലയില്‍ ടീമിനെ നയിക്കുകയും ബാറ്റ്സമാന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വക്കാനും ധോണിക്കായി. പരമ്പരയില്‍ 347 റണ്‍സ് ധോണി നേടി. മഹേന്ദ്രസിങ് ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍റെ പടയോട്ടത്തിന് ഈ വിജയം വലിയ പങ്ക് വഹിച്ചു.

TAGS :

Next Story