Quantcast

ടി20യില്‍ വീണ്ടുമൊരു ത്രില്ലര്‍; സൂപ്പര്‍ ഓവറില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്ക് 

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ ജയം നിര്‍ണയിച്ചത് സൂപ്പര്‍ ഓവറില്‍  

MediaOne Logo

Web Desk

  • Published:

    20 March 2019 4:46 AM GMT

ടി20യില്‍ വീണ്ടുമൊരു ത്രില്ലര്‍; സൂപ്പര്‍ ഓവറില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്ക് 
X

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ ജയം നിര്‍ണയിച്ചത് സൂപ്പര്‍ ഓവറില്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ടി20യില്‍ സൂപ്പര്‍ ഓവറിലേക്ക് കളി എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

അഞ്ച് റണ്‍സായിരുന്നു അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇസുരു ഉഡാന എറിഞ്ഞ അവസാന ഓവറില്‍ നാല് റണ്‍സെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. അതോടെ കളി സൂപ്പര്‍ ഓവറിലെത്തി. ആദ്യം ബാറ്റ് ചെയ്തത് ദക്ഷിണാഫ്രിക്ക, ബാറ്റ് ചെയ്യാനെത്തിയത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍, കൂട്ടിന് വാന്‍ ഡേര്‍ ഡസനും. ലങ്കയ്ക്കായി പന്തെടുത്തത് സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗയും. ഒരു സിക്‌സറും ബൗണ്ടറിയും അടക്കം ദക്ഷിണാഫ്രിക്ക 14 റണ്‍സെടുത്തു. ഇതില്‍ 13 റണ്‍സും കണ്ടെത്തിയത് മില്ലര്‍.

പതിനഞ്ച് റണ്‍സിന്റെ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ലങ്കക്ക് നാല് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തിസാര പെരേരയും അവിഷ്‌ക ഫെര്‍ണാണ്ടോയുമായിരുന്നു ലങ്കക്കായി ബാറ്റെടുത്തിരുന്നത്. പന്തെറിഞ്ഞത് ഇംറാന്‍ താഹിറും. താഹിറിന്റെ പന്തുകളെ കണക്ട് ചെയ്യാന്‍ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളടങ്ങിയ ടി20യിലെ രണ്ടാം മത്സരം 22ന് നടക്കും.

TAGS :

Next Story