Quantcast

കോഹ്‍ലിപ്പടക്ക് ആശ്വാസ ജയം 

കോഹ്‍ലിയുടെയും ഡിവില്ലേഴ്സിന്റെയും കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്.

MediaOne Logo

Web Desk

  • Published:

    13 April 2019 7:07 PM GMT

കോഹ്‍ലിപ്പടക്ക് ആശ്വാസ ജയം 
X

ആറ് മത്സരങ്ങൾക്കൊടുവില്‍ കോഹ്‍ലിപ്പടക്ക് ആശ്വാസ ജയം. കിങ്സ് ഇലവന്‍ ഉയര്‍ത്തിയ 174 വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ബംഗളുരു മറി കടക്കുകയായിരുന്നു. മത്സരത്തിന്‍റെ തുടക്കത്തിൽ ആക്രമിച്ചു കളിച്ച പാർഥിവ് പട്ടേലിന്‍റെ വിക്കറ്റെടുത്ത് അശ്വിൻ പഞ്ചാബിന് പ്രതീക്ഷ നല്‍കി. എന്നാൽ കോഹ്‌ലിയും ഡിവില്ലേഴ്‌സും ചേര്‍ന്ന് മത്സരം പഞ്ചാബിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ സ്റ്റോണിസ് ഡിവില്ലേയേഴ്‌സിന് മികച്ച പിന്തുണ നൽകി. വീരോചിതമായ വിരാടിന്റെ ഇന്നിങ്സിന് ഷമി അർദ്ധ വിരാമം നൽകി. ഷമിയുടെ ഷോട്ട് പിച്ച് പന്തിൽ മുരുകൻ അശ്വിന് ക്യാച്ച് നൽകി വിരാട് കോഹ്‍ലി മടങ്ങി. 53 പന്തിൽ 67 റൺസാണ് കോഹ്‍ലി സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആഗ്രഹിച്ച തുടക്കമാണ് ഗെയിലും രാഹുലും ചേര്‍ന്ന് നല്‍കിയത്. ഒരു വേളയില്‍ മികച്ച ഒരു ഇന്നിങ്സ് കാഴ്ചവച്ചേക്കും എന്ന് സൂചന നല്‍കിയ രാഹുലിനെയും തുടര്‍ന്ന് വന്ന മായങ്ക് അഗര്‍വാളിനേയും യുസ്‌വേന്ദ്ര ചഹല്‍ പുറത്താക്കി. രാഹുല്‍ 15 പന്തുകളില്‍ 18 റണ്‍സ് എടുത്തു. ഒരു റണ്‍സ് അകലെ സ്വെഞ്ചുറി നഷ്ടപ്പെട്ട ക്രിസ് ഗെയിലിന്റെ കരുത്തില്‍ പൊരുതാനാകുന്ന ടോട്ടല്‍ സ്വന്തമാക്കിയിരുന്നു പഞ്ചാബ്.

തുടക്കത്തില്‍ ഉണ്ടായിരുന്ന റണ്‍ റേറ്റ് 10 ഓവറുകള്‍ പിന്നിട്ടപ്പോള്‍ കുറഞ്ഞെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച ഗെയില്‍ ഭേദപ്പെട്ട സ്കോര്‍ ടീമിന് സമ്മാനിച്ചു. 64 പന്തുകളില്‍ 99 റണ്‍സെടുത്ത് ഗെയില്‍ പുറത്താകാതെ നിന്നു. ഗെയിലാട്ടം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് പഞ്ചാബിന്റെ ബൌളിങ്ങ് നിര. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത മോയിന്‍ അലിക്കും രണ്ട് വിക്കറ്റ് വീഴ്ത്തിയ ചഹലിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

കോഹ്‍ലിയുടെയും ഡിവില്ലേഴ്സിന്റെയും കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. ഇരുവരും ചേർന്ന് 85 റൺസ് ചേർത്തു. ഡിവില്ലേഴ്‌സ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി ബാംഗ്ളൂരിന്റെ വിജയം അനായാസമാക്കി. പുറത്താകാതെ നിന്ന ഡിവില്ലേഴ്സ് 38 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 59 റൺസ് നേടി കളിയിലെ താരമായി.

TAGS :

Next Story