Quantcast

കോഹ്‍ലി ഹീറോയാടാ... ഹീറോ... വിരാടിന്‍റെ കരുത്തില്‍ ബംഗളുരുവിന് കൂറ്റന്‍ സ്കോര്‍

എം.ആര്‍.എഫ് എന്നെഴുതിയിരിക്കുന്ന ബാറ്റില്‍ നിന്നും പിറക്കുന്ന സെഞ്ച്വറികള്‍ ഇന്ത്യക്കാര്‍ക്ക് അന്നും ഇന്നും ഒരിത്തിരി കൂടുതല്‍ പ്രിയപ്പെട്ടതാണല്ലോ...

MediaOne Logo

Web Desk

  • Published:

    19 April 2019 4:20 PM GMT

കോഹ്‍ലി ഹീറോയാടാ... ഹീറോ... വിരാടിന്‍റെ കരുത്തില്‍ ബംഗളുരുവിന് കൂറ്റന്‍ സ്കോര്‍
X

ബാറ്റിങ് പൂര്‍ണ്ണ പരാജയമാണെന്ന പരാതിക്ക് ഒരിക്കല്‍കൂടി മറുപടി കൊടുത്തിരിക്കുകയാണ് ബംഗളുരു റോയല്‍ ചലഞ്ചേഴ്സ്. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചുകൂട്ടി കാണികള്‍ക്ക് വെടിക്കെട്ട് വിരുന്നൊരുക്കിയിരിക്കുകയാണ് കോഹ്‍ലിയും കൂട്ടരും. ചുക്കാന്‍ പിടിച്ചത് കപ്പിത്താന്‍ തന്നെ. 58 പന്തുകളില്‍ നിന്നും 100 റണ്‍സുമായി വിരാട് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കൊല്‍ക്കത്ത ബൌളര്‍മാര്‍ കുറച്ചൊന്നുമല്ല വിയര്‍ത്തത്. കോഹ്‍ലിയുടെ ബാറ്റില്‍ നിന്നും ഒമ്പത് ഫോറുകളും നാല് സിക്സറുകളും പിറന്നു. ഇരുപതാം ഓവറില്‍ ഗുര്‍ണെയുടെ പന്തിനെ ലെഗ് സൈഡിലേക്ക് പറഞ്ഞയച്ച് ബൌണ്ടറി നേടിയപ്പോള്‍ വിരാട് കോഹ്‍ലി എന്ന പേരിനോട് ചേര്‍ന്ന് മൂന്നക്ക സ്കോര്‍ വീണ്ടും തെളിഞ്ഞു. ഇതാണ് ഞങ്ങളുടെ വിരാട് എന്ന് ഏവരും ഒറ്റ സ്വരത്തില്‍ പറയുന്ന നിമിഷം. അതെ, എം.ആര്‍.എഫ് എന്നെഴുതിയിരിക്കുന്ന ബാറ്റില്‍ നിന്നും പിറക്കുന്ന സെഞ്ച്വറികള്‍ ഇന്ത്യക്കാര്‍ക്ക് അന്നും ഇന്നും ഒരിത്തിരി കൂടുതല്‍ പ്രിയപ്പെട്ടതാണല്ലോ...

മുഈന്‍ അലിയും ബംഗളുരുവിനായി വിരാടിന്‍റെ വീരോചിത ഇന്നിങ്സിന് മികച്ച പിന്തുണയേകി. 28 പന്തുകളില്‍ നിന്നുമാണ് മുഈന്‍ 66 റണ്‍സ് അടിച്ചുകൂട്ടിയത്. ബംഗളുരുവിന് ഈ കൂറ്റന്‍ സ്കോര്‍ സമ്മാനിക്കാനുള്ള വഴി വെച്ചത് മുഈന്‍റെ കൂടി ബാറ്റിങിന്‍റെ ഫലമാണ്. ആറ് സിക്സറുകളും അഞ്ച് ഫോറുകളും പറത്തി മുഈന്‍ വിരാടിനൊപ്പം കളം നിറഞ്ഞാടി.

11 റണ്‍സെടുത്ത് പാര്‍ഥിവ് പട്ടേലും 13 റണ്‍സെടുത്ത് അക്ഷ്ദീപ് പട്ടേലും വേഗത്തില്‍ തന്നെ പവലിയണിലേക്ക് മടങ്ങി. ഇന്നിങ്സിലെ അവസാന പന്തില്‍ തന്‍റെ റോയല്‍ ഇന്നിങ്സ് കോഹ്‍ലിക്ക് അവസാനിപ്പിക്കേണ്ടി വന്നു. മാര്‍ക്കസ് സ്റ്റോയിണിസ് 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റസല്‍, നരേന്‍, കുല്‍ദീപ് യാദവ്, ഗര്‍ണ്ണി എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ ബൌളിങ് നേരിടേണ്ടി വന്ന പ്രഹരം കുറച്ചുപോലും കുറഞ്ഞില്ല.

TAGS :

Next Story