Quantcast

ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്‍ലി

ധോണിയുടെ സംഭാവന വിലമതിക്കാനാവാത്തത്. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊഹ്‍ലി

MediaOne Logo

Web Desk

  • Published:

    15 May 2019 8:23 AM GMT

ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്‍ലി
X

ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്‍ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് കൊഹ്‍ലി പറഞ്ഞു. ഇന്ത്യന്‍ ടീമിനെ ലോകകപ്പിലേക്ക് നയിക്കുന്ന വിരാട് കൊഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെ ധോണിയുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അത് തീര്‍ക്കുന്നതാണ് കൊഹ്‍ലിയുടെ വാക്കുകള്‍.

15 അംഗ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുള്ള ആദ്യ പരിഗണന അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന 38 കാരനായ ധോണിക്ക് തന്നെയാണ്. ധോണിയുടെ സാന്നിധ്യം ടീമിനെ നയിക്കുന്ന കാര്യത്തില്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്നും കൊഹ്‍ലി പറഞ്ഞു.

2018ല്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ധോണിക്ക് കൊഹ്‍ലിയുടെയും ടീം മാനേജര്‍ രവി ശാസ്ത്രിയുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നു. ഇത് ചില വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ ഫോമിലേക്ക് തിരിച്ച് വന്ന ധോണി 9 കളികളില്‍ നിന്ന് 81.75 ശരാശരിയോട് കൂടി 327 റണ്‍സും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി 15 കളികളില്‍ നിന്ന് 416 റണ്‍സും നേടി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.

'അദ്ദേഹത്തെ കുറിച്ച് ഞാന്‍ എന്തു പറയാനാണ്. ഞാന്‍ തുടങ്ങുന്നത് അദ്ദേഹത്തിന്‍റെ കീഴില്‍ നിന്നാണ്. അന്നുമുതല്‍ അദ്ദേഹത്തെ അടുത്തറിയാം. ധോണിക്ക് ഏറ്റവും വലുത് ഇന്ത്യന്‍ ടീമാണ്. ടീമിനേക്കാള്‍ മുകളില്‍ ഒന്നുമില്ല'. കൊഹ്‍ലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എല്ലാത്തിലുമുപരി ധോണിയുടെ പരിചയ സമ്പത്ത് ടീമിനെ സമ്പന്നമാക്കുന്നുവെന്നും വിക്കറ്റിന് പിന്നിലെ ധോണിയുടെ പ്രകടനം കളിയുടെ ഗതി തന്നെ മാറ്റുന്നതാണെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.

കൊഹ്‍ലിയുടെ വാക്കുകള്‍ തര്‍ക്കത്തിന് വകയില്ലാത്തതാണ്. വിക്കറ്റിനു പിന്നിലെ ധോണിയുടെ പ്രകടനത്തിന് സമാനതകളില്ല. അത്കൊണ്ടുതന്നെ ലോകകപ്പില്‍ കൊഹ്‍ലിയുടെ ക്യാപ്റ്റന്‍സിയോടൊപ്പം വിക്കറ്റിന് പിന്നില്‍നിന്ന് ധോണിയുടെ തന്ത്രങ്ങളും കൂടെ ചേരുമ്പോള്‍ ഇന്ത്യയുടെ സാധ്യത കൂടുന്നു. കൂടാതെ ഐ.പി.എല്ലിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സാന്നിധ്യവും ടീമിന് ഏറെ ഗുണം ചെയ്യുമെന്നും കൊഹ്‍ലിയും ശാസ്ത്രിയും കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനായി ഈ മാസം 22ന് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

TAGS :

Next Story