Quantcast

ഉടച്ചുവാർക്കാനൊരുങ്ങി പാക് ടീം; ക്യാപ്ടൻസി വിഭജിക്കും, കോച്ച് മാറും 

കാലാവധി അവസാനിച്ച കോച്ച് മിക്കി ആർതറുമായുള്ള കരാർ നീട്ടേണ്ടെന്നാണ് പി.സി.ബിയുടെ തീരുമാനം. പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകൾ ക്ഷണിക്കും. 

MediaOne Logo

Web Desk

  • Published:

    17 July 2019 11:41 AM GMT

ഉടച്ചുവാർക്കാനൊരുങ്ങി പാക് ടീം; ക്യാപ്ടൻസി വിഭജിക്കും, കോച്ച് മാറും 
X

ലാഹോർ: ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ടീമിനെ ഉടച്ചുവാർക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഈ മാസം അവസാനം നടക്കുന്ന ക്രിക്കറ്റ് കമ്മിറ്റി യോഗത്തിൽ കോച്ചിനെയും ക്യാപ്ടനെയും മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ചീഫ് സെലക്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് ഇൻസമാമുൽ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പിലെ ഒമ്പത് മത്സരങ്ങിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച പാകിസ്താൻ നെറ്റ് റൺറേറ്റ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തായതോടെ സെമിഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ടീമിന് പിന്നീട് സ്ഥിരത നിലനിർത്താനായില്ല. ഇന്ത്യക്കെതിരായ നിർണായക മത്സരം തോറ്റത് ഏറെ വിമർശനങ്ങൾക്കു കാരണമായി.

സർഫറാസ് അഹമ്മദിന്റെ പ്രകടനത്തെ ക്യാപ്ടൻസിയുടെ ഭാരം ബാധിക്കുന്നുണ്ടെന്നാണ് പി.സി.ബി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ. വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത ക്യാപ്ടൻമാർ എന്ന ഫോർമുലയിലേക്ക് മടങ്ങിപ്പോകുന്ന കാര്യം ക്രിക്കറ്റ് കമ്മിറ്റി യോഗം ചർച്ച ചെയ്യും. കമ്മിറ്റി അംഗമായ മുൻ ക്യാപ്ടൻ മിസ്ഹാബുൽ ഹഖിന്റെ തിരക്കുകളാണ് യോഗം നീണ്ടുപോകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഷുഹൈബ് അഖ്തർ, മുൻ വനിതാ താരം ഉറൂജ് മുംതാസ് എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. പി.സി.ബി മാനേജിംഗ് ഡയറക്ടർ വസീം ഖാന്റെ അധ്യക്ഷതയിലായിരിക്കും യോഗം.

കാലാവധി അവസാനിച്ച കോച്ച് മിക്കി ആർതറുമായുള്ള കരാർ നീട്ടേണ്ടെന്നാണ് പി.സി.ബിയുടെ തീരുമാനം. പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകൾ ക്ഷണിക്കും. ആ കൂട്ടത്തിൽ വേണമെങ്കിൽ മിക്കി ആർതറിനും അപേക്ഷിക്കാം. ലണ്ടനിൽ വെച്ച് വസീം ഖാനും പി.സി.ബി ചെയർമാൻ ഇഹ്‌സാൻ മാനി ഇക്കാര്യം ആർതറെ അറിയിച്ചിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്‌ളവറിനെയാണ് പി.സി.ബി അടുത്ത കോച്ചായി നോട്ടമിടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ഈ മാസം 30-ന് കാലാവധി അവസാനിക്കുന്നതിനാൽ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതായി ഇൻസമാമുൽ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്. സെലക്ടറായി തുടരാൻ താൽപര്യമില്ലെന്നും എന്നാൽ പി.സി.ബി മറ്റ് ജോലികൾ ഏൽപ്പിച്ചാൽ ഏറ്റെടുക്കാമെന്നും ഇൻസമാം പറഞ്ഞു. വിദേശ കോച്ചിനെ വേണ്ടെന്നാണ് പി.സി.ബി തീരുമാനിക്കുന്നതെങ്കിൽ ഇൻസമാമിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. 2012-ൽ പാക് ടീമിന്റെ ബാറ്റിംഗ് ഉപദേശകനായി ജോലി ചെയ്ത ഇൻസമാം പിന്നീട് അഫ്ഗാൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2015-ലെ സിംബാബ്‌വെ പര്യടനത്തിൽ അഫ്ഗാൻ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ടീമിനെ പരിശീലിപ്പിച്ചിരുന്നത് ഇൻസമാം ആയിരുന്നു.

TAGS :

Next Story