Quantcast

വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ  

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റി ഞായറാഴ്ച ചേരാനിരിക്കെയാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    19 July 2019 7:26 AM GMT

വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ  
X

ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. ക്യാപ്ടൻ എന്ന നിലയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ ആളാണ് ധോണിയെന്നും, യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹം 'പ്രായോഗിക തീരുമാനം' കൈക്കൊള്ളണമെന്നും ഗംഭീർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ധോണി ഇപ്പോൾ ഏകദിന, ട്വന്റി 20 ഫോർമാറ്റുകൡ മാത്രമാണ് ഇന്ത്യക്കു വേണ്ടി കളിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റി ഞായറാഴ്ച ചേരാനിരിക്കെയാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്. 'ഭാവിയിലേക്ക് നോക്കേണ്ടത് അതിപ്രധാനമാണ്. ധോണി ക്യാപ്ടനായിരുന്നപ്പോൾ അദ്ദേഹം ഭാവിയിലേക്കാണ് നോക്കിയിരുന്നത്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ സി.ബി സീരീസിൽ ഗ്രൗണ്ടുകൾ വലുതായതിനാൽ ഞാനും സച്ചിനും സെവാഗും ഒന്നിച്ചു കളിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

'ലോകകപ്പിന് യുവകളിക്കാർ മതിയെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. വികാരം കൊള്ളുന്നതിനേക്കാൾ പ്രായോഗിക തീരുമാനം കൈക്കൊള്ളുന്നതാണ് ഇപ്പോൾ അത്യാവശ്യം. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇശാൻ കിഷൻ തുടങ്ങി പ്രതിഭയുള്ളവരെ വിക്കറ്റ് കീപ്പർ ആക്കണം. യുവാക്കൾക്ക് അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ, അവർക്ക് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയില്ല.'

'ഒരു കളിക്കാരന് ഒന്നര വർഷം അവസരം നൽകുക. അതിനിടയിൽ പ്രകടനം നന്നായില്ലെങ്കിൽ മറ്റുള്ളവർക്ക് അവസരം നൽകുക. അടുത്ത ലോകകപ്പിൽ വിക്കറ്റ് കീപ്പർ ആരായിരിക്കണമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.'

ധോണി മികച്ച ക്യാപ്ടൻ ആയിരുന്നുവെങ്കിലും ഇന്ത്യയുടെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് അദ്ദേഹത്തിന് നൽകുന്നത് ശരിയല്ലെന്നും ഗംഭീർ പറഞ്ഞു. 'കണക്കുകൾ നോക്കുകയാണെങ്കിൽ ധോണിയാണ് ഏറ്റവും നല്ല ക്യാപ്ടൻ. മറ്റു ക്യാപ്ടന്മാർ മോശമായിരുന്നു എന്ന് അതിനർത്ഥമില്ല. സൗരവ് ഗാംഗുലിയുടേത് നല്ല ക്യാപ്ടൻസി ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ നമ്മൾ വിദേശത്ത് ജയിച്ചിട്ടുണ്ട്. വിരാട് കോലിക്കു കീഴിൽ നാം ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും നേടി.'

'ധോണി നമുക്ക് രണ്ട് ലോകകപ്പുകൾ നേടിത്തന്നു എന്നത് ശരിയാണ്. പക്ഷേ, എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് നൽകേണ്ടതില്ല. ടീം മോശമാകുമ്പോൾ അദ്ദേഹത്തെ പഴിചാരുന്നതിൽ അർത്ഥവുമില്ല. ധോണി നമുക്ക് ചാമ്പ്യൻസ് ട്രോഫിയും ലോകകപ്പും നേടിത്തന്നു. എന്നാൽ മറ്റു ക്യാപ്ടന്മാരും ടീമിനെ മുന്നോട്ടു നയിച്ചിട്ടുണ്ട്.' - ഗംഭീർ പറഞ്ഞു.

TAGS :

Next Story