Quantcast

നാലാം നമ്പര്‍ വിവാദത്തിന് അഭിമുഖത്തില്‍ രവിശാസ്ത്രി നല്‍കിയ മറുപടി

നാലാം നമ്പര്‍ വിവാദത്തില്‍ രവിശാസ്ത്രി ടീം തെരഞ്ഞെടുപ്പിന്റെ രീതിയെ തന്നെ വിമര്‍ശിക്കുകയാണ് ചെയ്തത്

MediaOne Logo

Web Desk 5

  • Published:

    17 Aug 2019 9:43 AM GMT

നാലാം നമ്പര്‍ വിവാദത്തിന് അഭിമുഖത്തില്‍ രവിശാസ്ത്രി നല്‍കിയ മറുപടി
X

രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചിരിക്കുകയാണ് കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശകസമിതി. 2021ലെ ടി20 ലോകകപ്പ് വരെയായിരിക്കും രവിശാസ്ത്രിയുടെ കാലാവധി. വെള്ളിയാഴ്ച്ച നടന്ന അഭിമുഖത്തിനിടെ രവിശാസ്ത്രിക്ക് ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യവും നേരിടേണ്ടി വന്നു. ഇതിന് രവിശാസ്ത്രിയുടെ പക്കല്‍ കുറിക്കുകൊള്ളുന്ന മറുപടിയുമുണ്ടായിരുന്നു.

രവിശാസ്ത്രി പ്രതീക്ഷിച്ചതു തന്നെയായിരിക്കണം ലോകകപ്പിലെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ വിവാദത്തെക്കുറിച്ചുള്ള ചോദ്യം. കാരണം ലോകകപ്പിനിടെ ഇന്ത്യ മധ്യനിരയില്‍ സുപ്രധാനമായ പരീക്ഷണങ്ങള്‍ നടത്തിയത് വലിയ വിമര്‍ശനങ്ങളാണ് വരുത്തിയത്. ഓപണര്‍ ശിഖര്‍ധവാന് പരിക്കേറ്റപ്പോള്‍ മധ്യനിര ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെ ടീമിലെടുത്തു. നാലാം നമ്പറില്‍ തിളങ്ങാതെ പോയ വിജയ് ശങ്കറിന് പകരക്കാരനായി കളിക്കാന്‍ അവസരം പോലും ലഭിക്കാത്ത മായങ്ക് അഗര്‍വാളുമെത്തി. ലോകകപ്പ് കളിച്ച മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനം നടത്തി രവീന്ദ്ര ജഡേജ മധ്യനിരയിലെ ടീം തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ക്ക് അടിവരയിടുകയും ചെയ്തു.

നാലാം നമ്പര്‍ വിവാദത്തില്‍ രവിശാസ്ത്രി ടീം തെരഞ്ഞെടുപ്പിന്റെ രീതിയെ തന്നെ വിമര്‍ശിക്കുകയാണ് ചെയ്തത്. ക്യാപ്റ്റന്‍ മാത്രമാണ് ടീം സെലക്ഷന്‍ യോഗങ്ങളില്‍ പങ്കെടുക്കാറ്. ഈ രീതി തന്നെ ശരിയല്ലെന്നായിരുന്നു രവിശാസ്ത്രിയുടെ വിമര്‍ശം. ഇത്തരം സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കാന്‍ പരിശീലകനും അവസരമുണ്ടാകണം. അങ്ങനെ വന്നാല്‍ ടീമിന്റെ പൊതുവികാരം കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ശാസ്ത്രിയുടെ പക്ഷം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അംഗീകാരവും ബഹുമതിയുമായി കരുതുന്നുവെന്നാണ് രവിശാസ്ത്രി പിന്നീട് പറഞ്ഞത്. ബി.സി.സി.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രവിശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ ചെറുവീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പരിശീലകനെ തെരഞ്ഞെടുത്ത സി.എ.സി പാനലിന് നന്ദി പറഞ്ഞുകൊണ്ടാണ് രവിശാസ്ത്രി ആരംഭിക്കുന്നത്.

TAGS :

Next Story