Quantcast

ബി.സി.സി.ഐ വിലക്ക് എല്ലാം നശിപ്പിച്ചു; ക്രിക്കറ്റ് അവസാനിപ്പിച്ച് ദിനേശ് മോംഗിയ

2002 മാർച്ചിൽ ഗുവാഹത്തിയിൽ സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ 159 റൺസ് നേടിയ വെടിക്കെട്ട് പ്രകടനം ആരാധകര്‍ ഒരിക്കലും മറക്കില്ല. 

MediaOne Logo

Web Desk 1

  • Published:

    18 Sep 2019 7:34 AM GMT

ബി.സി.സി.ഐ വിലക്ക് എല്ലാം നശിപ്പിച്ചു; ക്രിക്കറ്റ് അവസാനിപ്പിച്ച് ദിനേശ് മോംഗിയ
X

മുൻ ഇന്ത്യൻ ഓൾ‌റൌണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐ.സി.സി ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മോംഗിയ. 2007 ല്‍ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐ.സി.‌എൽ) ചേര്‍ന്നതിന് ബി.‌സി‌.സി‌.ഐ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് പഞ്ചാബിന് വേണ്ടിയാണ് മോംഗിയ അവസാനമായി കളത്തിൽ ഇറങ്ങിയത്.

1995 ഒക്ടോബറിൽ പഞ്ചാബിനുവേണ്ടിയാണ് മോംഗിയ അണ്ടർ 19 അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ആറു വർഷത്തിലേറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം. ഇതിനൊടുവില്‍ പ്രതിഭയുടെ മികവില്‍ 2001 ൽ ആസ്‌ട്രേലിയയ്‌ക്കെതിരായ ദേശീയ ടീമിലേക്ക് മോംഗിയയ്ക്ക് അവസരം ലഭിച്ചു.

ഇന്ത്യയ്‌ക്കായി 57 ഏകദിനങ്ങള്‍ കളിച്ച മോംഗിയ 27.95 ശരാശരിയിൽ 1230 റൺസ് നേടി. 2002 മാർച്ചിൽ ഗുവാഹത്തിയിൽ സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ 159 റൺസ് നേടിയ വെടിക്കെട്ട് പ്രകടനം ആരാധകര്‍ ഒരിക്കലും മറക്കില്ല. മോംഗിയ ഇന്ത്യയ്‌ക്കായി ആകെ ഒരു ട്വന്റി 20 മത്സരമാണ് കളിച്ചിട്ടുള്ളത്. 38 റണ്‍സും നേടി. പക്ഷേ താരത്തിന് ഒരിക്കലും ഒരു ടെസ്റ്റ് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇടംകൈ ബാറ്റ്സ്മാനായിരുന്ന മോംഗിയ തിളങ്ങുന്ന കരിയറാണ് വളര്‍ത്തിയെടുത്തത്. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച മോംഗിയയുടെ പേരില്‍ 27 സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളുമുണ്ട്. 308 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

2007 ല്‍ ബി.സി.സി.ഐ വിലക്ക് വന്നതിനെ തുടര്‍ന്ന് മോംഗിയക്ക് ക്രിക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഐ.സി.‌എല്ലുമായുള്ള ബന്ധം മൂലം ബോർഡ് നിരോധിച്ച മിക്ക കളിക്കാർക്കും പിന്നീട് പൊതുമാപ്പ് അനുവദിച്ചുവെങ്കിലും മോംഗിയയ്ക്ക് മാത്രം വിലക്ക് തുടർന്നു. ഇനി പരിശീലക വേഷത്തിലേക്ക് ചുവടുമാറ്റാനാണ് താരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ മോംഗിയയെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെലക്ടര്‍ സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. 2007 ല്‍ ബംഗ്ലാദേശിനെതിരെയാണ് മോംഗിയ ഇന്ത്യക്ക് വേണ്ടി അവസാനമായി പാഡണിഞ്ഞത്.

TAGS :

Next Story