Quantcast

പാളിപ്പോയ റിവ്യൂ... പന്തിനെ ക്രൂശിച്ച് സോഷ്യല്‍മീഡിയ; ധോണിയുമായുള്ള താരതമ്യം ഇങ്ങനെ...

ഏഴു വിക്കറ്റിന്റെ തോല്‍വിയാണ് ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനോട് വഴങ്ങിയത്. പന്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ ദിനം കൂടിയായിരിക്കും ഇന്നലെ കഴിഞ്ഞുപോയത്. 

MediaOne Logo

Web Desk

  • Published:

    4 Nov 2019 7:29 AM GMT

പാളിപ്പോയ റിവ്യൂ... പന്തിനെ ക്രൂശിച്ച് സോഷ്യല്‍മീഡിയ; ധോണിയുമായുള്ള താരതമ്യം ഇങ്ങനെ...
X

ഇരുട്ടുകൊണ്ട് ഓട്ട അടക്കുക എന്ന് കേട്ടിട്ടില്ലേ... അതുപോലെയാണ് ധോണിക്ക് ‘പകരക്കാരനാ’യി ഇന്ത്യന്‍ ടീമിലെത്തിയ ഋഷഭ് പന്തിന്റെ സ്ഥാനമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ട്വന്റി 20 മത്സരം കഴിഞ്ഞതിന് പിന്നാലെയാണ് പന്തിനെ ക്രൂശിക്കാന്‍ ട്രോളന്‍മാര്‍ മത്സരിക്കുന്നത്. അതിന് കാരണമായതാകട്ടെ കളിക്കിടെ പന്തിന്റെ ചില അബദ്ധങ്ങളും.

ഏഴു വിക്കറ്റിന്റെ തോല്‍വിയാണ് ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനോട് വഴങ്ങിയത്. പന്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ ദിനം കൂടിയായിരിക്കും ഇന്നലെ കഴിഞ്ഞുപോയത്. ഫോമിലേക്കുയര്‍ന്ന ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണക്കാരന്‍ പന്താണെന്നും ഒരു റിവ്യൂ കളഞ്ഞുകുളിച്ചത് പന്താണെന്നുമൊക്കെയാണ് ആരാധകരുടെ വിലയിരുത്തല്‍. ബംഗ്ലാദേശിനെതിരായ പത്താം ഓവറിലാണ് പന്ത് കാരണം ഡി.ആര്‍.എസ് നഷ്ടമായത്. ബംഗ്ലാ താരം സൌമ്യ സര്‍ക്കാരിന്റെ ഇല്ലാത്ത വിക്കറ്റിന് വേണ്ടിയായിരുന്നു പന്തിന്റെ റിവ്യൂ മുറവിളി.

സൌമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ ഉരസാതെയാണ് പന്തിന്റെ കൈകളിലേക്ക് ബോള്‍ എത്തിയത്. എന്നാല്‍ കിട്ടിയ അവസരത്തിന് ഋഷഭ് പന്ത് അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെയാണ് പന്ത് ഉറപ്പിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ ഡി.ആര്‍.എസ് ആവശ്യപ്പെട്ടത്. റിവ്യൂവിലും ഔട്ട് അല്ലെന്ന് തെളിഞ്ഞതോടെ പന്തിനെ രോഹിത് ശര്‍മ്മ കുറ്റപ്പെടുത്തുന്നതിനും കാണികള്‍ സാക്ഷികളായി.

ടോപ് സ്കോററായിരുന്ന ധവന്റെ വിക്കറ്റ് നഷ്ടമാക്കിയതും പന്തായിരുന്നു. ഇല്ലാത്ത റണ്ണിന് വേണ്ടി പന്ത് ധവാനെ വിളിച്ചപ്പോള്‍ വിശ്വസിച്ച് ക്രീസ് വിട്ട് പുറത്തിറങ്ങിയ ധവാന്‍ ഓട്ടം തുടങ്ങിയെങ്കിലും പന്ത് പിന്നിലേക്ക് ക്രീസില്‍ തിരിച്ചുകയറിയതോടെയാണ് ബംഗ്ലാ താരങ്ങള്‍ ധവനെ റണ്ണൌട്ടാക്കിയത്. ഏതായാലും മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ പന്തിനെ ട്രോളി ആരാധകര്‍ രംഗത്തെത്തി.

TAGS :

Next Story