Quantcast

ധോണിയല്ല പന്ത്... വീണ്ടും റിവ്യൂ തുലച്ചു... ധോണി എന്ന് അലറിവിളിച്ച് കാണികള്‍

കാമറയേക്കാള്‍ വേഗത്തില്‍ ധോണി പന്തിന്റെ വേഗവും ദിശയും ഉരസലുകളുമൊക്കെ ഒപ്പിയെടുക്കുമായിരുന്നു. 

MediaOne Logo

Web Desk

  • Published:

    11 Nov 2019 8:25 AM GMT

ധോണിയല്ല പന്ത്... വീണ്ടും റിവ്യൂ തുലച്ചു... ധോണി എന്ന് അലറിവിളിച്ച് കാണികള്‍
X

എം.എസ് ധോണിയുടെ പകരക്കാരന്‍ എന്ന നിലയിലാണ് റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലെത്തിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ പന്ത് തീപ്പൊരി പാറിക്കുമെന്നൊക്കെയായിരുന്നു പ്രതീക്ഷ. പക്ഷേ ഈയൊരു പരമ്പര കൊണ്ട് മാത്രം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് പന്ത് മാത്രമായിരിക്കും. റിവ്യൂ നഷ്ടമാക്കിയതിനും അനാവശ്യ റണ്ണിന് പ്രേരിപ്പിച്ച് സഹതാരത്തെ റണ്ണൌട്ടാക്കിയതിനും വിക്കറ്റിന് മുന്നില്‍ കയറി നിന്ന് ബോള്‍ പിടിച്ച് സ്റ്റമ്പ് ചെയ്തതുമൊക്കെ പന്തിന് വിനയായി. ഏറ്റവുമൊടുവില്‍ നാഗ്പൂരിലെ മൂന്നാം ട്വന്റി 20 മത്സരത്തിലും പന്തിന് പിഴച്ചു. തെറ്റായ തീരുമാനത്തിലൂടെ പന്ത് റിവ്യൂ തുലച്ചു. ആദ്യ മത്സരത്തിലും പന്ത് കാരണം ഇന്ത്യക്ക് ഡി.ആര്‍.എസ് നഷ്ടപ്പെട്ടിരുന്നു.

ടീം ഇന്ത്യയുടെ ഡി.ആര്‍.എസ് വിദഗ്ധനായിരുന്നു ധോണി. കാമറയേക്കാള്‍ വേഗത്തില്‍ ധോണി പന്തിന്റെ വേഗവും ദിശയും ഉരസലുകളുമൊക്കെ ഒപ്പിയെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ റിവ്യൂവിന്റെ കാര്യത്തില്‍ ധോണിയുടെ തീരുമാനമായിരുന്നു കൊഹ്‍ലിയുടേതും. എന്നാല്‍ ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ പന്ത് പക്ഷേ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു കളഞ്ഞു. ബാറ്റ് എടുത്തപ്പോഴും വിക്കറ്റിന് പിന്നിലും അബദ്ധങ്ങളുടെ ഘോഷയാത്ര. നാഗ്പൂര്‍ മത്സരത്തില്‍ ബംഗ്ലാദേശിന്റെ മുഹമ്മദ് നയീമും മുഹമ്മദ് മിഥുനും മികച്ച കൂട്ടുകെട്ടുമായി മുന്നേറുമ്പോഴായിരുന്നു പന്തിന്റെ പുതിയ അബദ്ധം.

ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദായിരുന്നു ബോളര്‍. നയീമിന് നേരെ ഖലീല്‍ ഒരു ഷോര്‍ട്ട് ബോള്‍ എറിഞ്ഞു. ബാറ്റ് വെച്ച നയീമിന് തെറ്റി. ബോള്‍ പന്തിന്റെ ഗ്ലൌസില്‍. ഇതോടെ പന്തിന്റെ വക നീട്ടിയൊരു അപ്പീലും. എന്നാല്‍ അമ്പയര്‍ ഔട്ട് വിധിച്ചില്ല. പക്ഷേ പന്തിന്റെ അപ്പീലിന്റെ ശക്തി കണ്ട് നായകന്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ കൂടി തെറ്റിദ്ധരിച്ചു. പന്തിന്റെ ഉറപ്പില്‍ രോഹിത് റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂവില്‍ പ്രതീക്ഷിച്ചതു പോലെ ബോള്‍ ബാറ്റില്‍ ഉരസിയിട്ടില്ലെന്ന് കണ്ടെത്തി. ഫലം ഇന്ത്യക്ക് റിവ്യൂ നഷ്ടം. പന്ത് കാരണം വീണ്ടും റിവ്യൂ തുലഞ്ഞ ദേഷ്യത്തില്‍ ഗാലറിയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധ സ്വരം ധോണി.... ധോണി.... എന്ന വിളിയായിരുന്നു.

ഏതായാലും പന്തിനെ എടുത്തിട്ട് കുടഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ പരിഹാസമഴ പെയ്യുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിനെ കളിക്കാന്‍ ഇറക്കാത്തതിന്റെ പേരില്‍ പ്രതിഷേധം പുകയുമ്പോഴാണ് പന്തിന്റെ ഈ അബദ്ധങ്ങള്‍ ചര്‍ച്ചയാകുന്നത്. പന്തിന് പകരം സഞ്ജുവിനെയോ രാഹുലിനെയോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കളത്തില്‍ ഇറക്കണമെന്നാണ് ആരാധകരുടെ പക്ഷം.

TAGS :

Next Story