Quantcast

വാര്‍ണര്‍ക്ക് അതിവേഗ ട്രിപ്പിള്‍, പാകിസ്ഥാനെതിരെ ആസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

വാര്‍ണറുടെ വ്യക്തിഗത സ്‌കോര്‍ 335 ലെത്തിയപ്പോള്‍ ആസ്‌ട്രേലിയ ഇന്നിംങ്‌സ്(589/3) ഡിക്ലയര്‍ ചെയ്തു.

MediaOne Logo

Web Desk

  • Published:

    30 Nov 2019 10:04 AM GMT

വാര്‍ണര്‍ക്ക് അതിവേഗ ട്രിപ്പിള്‍, പാകിസ്ഥാനെതിരെ ആസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍
X

ഡേവിഡ് വാര്‍ണറുടെ ടെസ്റ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ആസ്‌ട്രേലിയക്ക് കൂറ്റന്‍സ്‌കോര്‍. പാകിസ്താനെതിരെ അഡലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് വാര്‍ണര്‍(335*) ട്രിപ്പിള്‍ നേടിയത്. വാര്‍ണറുടെ ഇന്നിംങ്‌സിന്റെയും ലബുഷാംഗെയുടെ സെഞ്ചുറിയുടേയും സഹായത്തില്‍ 3ന് 589 എന്ന കൂറ്റന്‍ സ്‌കോറില്‍ ആസ്‌ട്രേലിയ രണ്ടാം ദിനം ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തു.

389 പന്തുകളില്‍ നിന്നാണ് വാര്‍ണ്ണര്‍ തന്റെ അതിവേഗ ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റിലെ നാലാമത്തെ വേഗമേറിയ ട്രിപ്പിളാണ് വാര്‍ണ്ണറുടേത്. ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ആസ്‌ട്രേലിയക്കാരനാണ് ഡേവിഡ് വാര്‍ണ്ണര്‍. വേഗമേറിയ മൂന്ന് ട്രിപ്പിളുകളില്‍ രണ്ടെണ്ണം ഇന്ത്യയുടെ വീരേന്ദ്ര സെവാഗിന്റെ പേരിലാണ്. സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 278 പന്തുകളില്‍ നിന്നും പാകിസ്താനെതിരെ 364 പന്തുകളില്‍ നിന്നും ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. മാത്യു ഹെയ്ഡനാണ് വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍(362 പന്ത്) നേടിയിട്ടുള്ളത്.

കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടെസ്റ്റില്‍ നിന്നും ഒരു വര്‍ഷം വിലക്ക് ലഭിച്ച വാര്‍ണര്‍ക്ക് ഏറെ തിരിച്ചടികള്‍ക്ക് ശേഷമാണ് ഫോമിലാകുന്നത്. ആസ്‌ട്രേലിയക്കുവേണ്ടി ടെസ്റ്റ് കളിച്ചു തുടങ്ങിയെങ്കിലും പഴയ ഫോമിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരക്കിടെ 10 ഇന്നിംങ്‌സുകളില്‍ നിന്നും 95 റണ്‍ മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. ഈ പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാകാം വാര്‍ണ്ണര്‍ പാകിസ്താനെതിരെ ട്രിപ്പിള്‍ തികച്ച് ബാറ്റുയര്‍ത്തുമ്പോള്‍ ഗാലറിയിലിരുന്ന ജീവിതപങ്കാളി കരയുകയായിരുന്നു.

ആദ്യദിനം 302ന് 1 എന്ന നിലയിലാണ് ആസ്‌ട്രേലിയ കളി അവസാനിപ്പിച്ചത്. വാര്‍ണ്ണറും(166*) ലബുഷാംഗെയുമായിരുന്നു(126*) ക്രീസില്‍. രണ്ടാംദിനം ഇതിന്റെ ബാറ്റിംങ് തുടര്‍ച്ചയാണ് കാണാനായത്. 162 റണ്‍സെടുത്ത ശേഷമാണ് ലബുഷാംഗെ പുറത്തായത്. പിന്നീട് സ്മിത്തിനും(36), വെയ്ഡിനു(38)മെല്ലാം വാര്‍ണ്ണര്‍ ഷോയുടെ കാഴ്ച്ചക്കാരായി നില്‍ക്കാനുള്ള റോളേ ഉണ്ടായിരുന്നുള്ളൂ.

വാര്‍ണ്ണറുടെ വ്യക്തിഗത സ്‌കോര്‍ 335 ലെത്തിയപ്പോള്‍ ആസ്‌ട്രേലിയ ഇന്നിംങ്‌സ്(589/3) ഡിക്ലയര്‍ ചെയ്തു.

TAGS :

Next Story