Quantcast

സ്വിങുകളുടെ സുല്‍ത്താന്‍ കളമൊഴിഞ്ഞു

2012 ന് ശേഷം അന്താരാഷ്ട്ര മത്സരത്തിൽ കളിക്കാനായില്ലെങ്കിലും, 2019 ഫെബ്രുവരി വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ഇർഫാൻ.  

MediaOne Logo

Web Desk

  • Published:

    4 Jan 2020 1:01 PM GMT

സ്വിങുകളുടെ സുല്‍ത്താന്‍ കളമൊഴിഞ്ഞു
X

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങുകളുടെ സുല്‍ത്താനായിരുന്ന ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് പത്താന്‍ അറിയിച്ചു.

"ഞാൻ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഗംഗുലി, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ്. ഇനി വിരമിക്കാനുള്ള സമയം," ഇർഫാൻ പത്താൻ പറഞ്ഞു. "എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയതിന് എന്റെ കുടുംബത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ ആരാധകരോടും ഒരുപാട് നന്ദിയുണ്ട്. അവര്‍ എന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണെന്ന് അറിയാം. അവരുടെ പിന്തുണയാണ് എന്നെ മുന്നോട്ട് നയിച്ചത്." - ഇര്‍ഫാന്‍ പറഞ്ഞു.

2003 ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇർഫാൻ പത്താൻ 16 വർഷം മൈതാനത്ത് നിറഞ്ഞു കളിച്ച താരമാണ്. 2012 ന് ശേഷം അന്താരാഷ്ട്ര മത്സരത്തിൽ കളിക്കാനായില്ലെങ്കിലും, 2019 ഫെബ്രുവരി വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ഇർഫാൻ.

കറാച്ചിയിൽ പാകിസ്താനെതിരെ ഹാട്രിക്ക്

അഡ്‌ലെയ്ഡിൽ 2003 ൽ ആസ്‌ട്രേലിയയ്‌ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇർഫാൻ പത്താൻ പന്ത് സ്വിങ് ചെയ്യാനുള്ള കഴിവ് കൊണ്ട് തുടക്കം മുതല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. രണ്ടു ദിശയിലേക്കും അനായാസം സ്വിങ് ചെയ്ത പത്താന്‍ ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായി മാറി. പത്താൻ തന്റെ ആദ്യ മത്സരത്തില്‍ മാത്യു ഹെയ്ഡന്റെ വിക്കറ്റാണ് എറിഞ്ഞിട്ടത്.

2006 ൽ കറാച്ചിയിൽ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു പത്താനെന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് വിക്കറ്റ് നേട്ടം. പാക് നിരയിലെ കരുത്തരായ സല്‍മാന്‍ ഭട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ് പത്താന് ഇരയായത്. ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ഏക ബോളര്‍ എന്ന അപൂര്‍വ റെക്കോര്‍ഡും പത്താന് സ്വന്തമായി. 2007 ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് കൂടിയായിരുന്നു ഇർഫാൻ. നാല് ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയ പത്താന്‍ പാകിസ്താന് മാരക പ്രഹരമാണ് ഏല്‍പ്പിച്ചത്. കേവലം 16 റണ്‍സ് മാത്രമായിരുന്നു പത്താന്‍ വഴങ്ങിയത്. കരിയറില്‍ നേടിയ ഏക ശതകവും പാകിസ്താനെതിരെയായിരുന്നു. 2007 ൽ ബംഗളൂരുവിൽ നടന്ന മത്സരത്തിലായിരുന്നു ഈ സെഞ്ച്വറി.

ഇർഫാന്റെ ബാറ്റിങ് മികവ് ടീം ഇന്ത്യയുടെ സന്തുലിതാവസ്ഥയ്ക്ക് നട്ടെല്ലായെങ്കിലും, നിരന്തരമായ പരിക്കുകൾ അദ്ദേഹത്തെ ബോളിങില്‍ നിന്ന് അകറ്റിനിര്‍ത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും പത്താന്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 87 ഇന്നിങ്സുകളില്‍ നിന്നായി 1544 റണ്‍സും നേടി. ടെസ്റ്റില്‍ 1105 റണ്‍സും. ടെസ്റ്റില്‍ നൂറു വിക്കറ്റും ഏകദിനത്തില്‍ 173 വിക്കറ്റുകളും സ്വന്തമാക്കി.

TAGS :

Next Story