Quantcast

‘ബൗണ്ടറി ലൈനില്‍ ഇരുന്ന് ക്രിക്കറ്റിനെ കുറിച്ചല്ലാതെ സംസാരിക്കാനാവുന്നെങ്കില്‍ അതിന് കാരണമുണ്ട്’

ഇന്ത്യയുടേയും ന്യൂസിലന്റിന്റേയും ക്യാപ്റ്റന്‍ന്മാരായ കോഹ്‌ലിയും വില്യംസണും ബൗണ്ടറില ലൈനില്‍ ഇരുന്ന് സംസാരിക്കുന്നത് ടി20 പരമ്പരക്കിടയിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായിരുന്നു...

MediaOne Logo

Web Desk

  • Published:

    20 Feb 2020 7:37 AM GMT

‘ബൗണ്ടറി ലൈനില്‍ ഇരുന്ന് ക്രിക്കറ്റിനെ കുറിച്ചല്ലാതെ സംസാരിക്കാനാവുന്നെങ്കില്‍ അതിന് കാരണമുണ്ട്’
X

പോയവര്‍ഷത്തെ ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവുന്ന കാണികളെ തിരുത്തിയ കോഹ്‌ലിയുടെ ഇടപെടലിനായിരുന്നു പുരസ്‌കാരം. കളിക്കളത്തില്‍ എതിരാളികളെ തോല്‍പിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും എതിരാളികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിലും കോഹ്‌ലി പിശുക്കു കാണിച്ചിട്ടില്ല. ക്രിക്കറ്റ് ലോകം ആദരവോടെ നോക്കി നിന്നിട്ടുള്ള ഊഷ്മള സൗഹൃദമാണ് വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും തമ്മിലുള്ളത്.

കെയന്‍ വില്യംസണും സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയുമെല്ലാം ഏതാണ്ട് ഒരേ കാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയരാകുന്നത്. അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ കളിച്ചിരുന്ന കാലം തൊട്ടേ കെയ്‌നും കോഹ്‌ലിയും തമ്മില്‍ അറിയാം. 2008ല്‍ കോഹ്‌ലിയുടെ സംഘം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ സെമിയില്‍ തോല്‍പിച്ചത് കെയ്ന്‍ വില്യംസണ്‍ നയിച്ച ന്യൂസിലന്റിനെയായിരുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ കെയ്‌നും കിവീസും വിരാടിന്റെ ഇന്ത്യയെ തോല്‍പിച്ച് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തുകയും ചെയ്തു.

വിരാടും കെയ്നും

കളിക്കളത്തില്‍ വീറോടെ പൊരുതുമ്പോഴും കെയ്ന്‍ വില്യംസണും വിരാട് കോഹ്‌ലിയും തമ്മില്‍ പരസ്പര ബഹുമാനം നഷ്ടപ്പെടുത്തിയിരുന്നില്ല. ന്യൂസിലന്റ് പര്യേടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വിരുന്നിന് പോയപ്പോഴും വിരാട് കോഹ്‌ലി അക്കാര്യത്തില്‍ ഊന്നിക്കൊണ്ടാണ് സംസാരിച്ചത്.

ഏത് രാജ്യത്ത് പോയാലും അന്നാട്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ടീം ഇന്ത്യക്ക് വിരുന്നൊരുക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏത് ടീമും തോല്‍പിക്കാന്‍ ആഗ്രഹിക്കുന്ന ടീമായി ഇന്ത്യ മാറിയിട്ടുണ്ട്. ന്യൂസിലന്റിനും അതുതന്നെയാകും ആഗ്രഹം. ന്യൂസിലന്റിന്റെ കാര്യം വരുമ്പോള്‍ തോറ്റാലും എതിരാളികളോട് വിദ്വേഷം തോന്നാറില്ലെന്നതാണ് വ്യത്യാസമെന്ന് കോഹ്‌ലി പറയുന്നു. അതുകൊണ്ട് തന്നെയാണ് ബൗണ്ടറി ലൈനില്‍ ഇരുന്ന് തനിക്കും കെയ്ന്‍ വില്യംസണും ക്രിക്കറ്റല്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ബേ ഓവലില്‍ നടന്ന അഞ്ചാം ടി20 മത്സരത്തിനിടെയായിരുന്നു വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും ബൗണ്ടറി ലൈനില്‍ നിലത്തിരുന്ന് സംസാരിക്കുന്നത് ക്യാമറകള്‍ പകര്‍ത്തിയത്. ഇരുവരും അഞ്ചാം ടി20യില്‍ കളിച്ചിരുന്നില്ല. അഞ്ച് ടി20 മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര 5-0ത്തിന് തൂത്തുവാരി. അതേസമയം ഏകദിന പരമ്പര 3-0ത്തിന് കിവീസാണ് ജയിച്ചത്. നാളെ മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.

TAGS :

Next Story