Quantcast

കിവീസിന് ലീഡ്, സെഞ്ചുറിക്ക് മുമ്പ് വില്യംസണ്‍ പുറത്ത്

കെയ്ന്‍ വില്യംസണിന്റെ(89) ബാറ്റിംങാണ് കിവീസിന് മേല്‍ക്കൈ നേടാന്‍ സഹായിച്ചത്. എന്നാല്‍ അവസാന മണിക്കൂറില്‍ മൂന്ന് വിക്കറ്റ് നേടി ഇന്ത്യ തിരിച്ചടിച്ചു...

MediaOne Logo

Web Desk

  • Published:

    22 Feb 2020 1:47 AM GMT

കിവീസിന് ലീഡ്, സെഞ്ചുറിക്ക് മുമ്പ് വില്യംസണ്‍ പുറത്ത്
X

ഇന്ത്യക്കെതിരെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്റിന് 51 റണ്‍സിന്റെ ആദ്യ ഇന്നിംങ്‌സ് ലീഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ചുറിയാണ്(89) ന്യൂസിലന്റിന് രണ്ടാം ദിനം മേല്‍ക്കൈ നല്‍കിയത്. ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോല്‍ 5ന് 216 എന്ന നിലയിലാണ് ന്യൂസിലന്റ്.

ബ്ലണ്ടല്‍(30), റോസ് ടെയ്‌ലര്‍(44), കെയ്ന്‍ വില്യംസണ്‍(89) എന്നിവരുടെ ബാറ്റിംങാണ് കിവീസിന് മേല്‍ക്കൈ നല്‍കിയത്. ന്യൂസിലന്റ് സ്‌കോര്‍ 185ലെത്തിച്ചാണ് കെയ്ന്‍ വില്യംസണ്‍ പുറത്തായത്. ഷമിയുടെ പന്തില്‍ പകരക്കാരനായി ഫീല്‍ഡിംങിനിറങ്ങിയ ജഡേജ മോഹരമായ ക്യാച്ചിലൂടെയാണ് വില്യംസണെ പുറത്താക്കിയത്. ടെയ്‌ലറും വില്യംസണും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 93 റണ്‍സാണ് കിവീസിന് ടെസ്റ്റില്‍ മേല്‍ക്കൈ നല്‍കിയത്.

അവസാന മണിക്കൂറില്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ടെയ്‌ലറെ ഇഷാന്തും വില്യംസണെ ഷമിയും നിക്കോള്‍സിനെ(17) അശ്വിനുമാണ് പുറത്താക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടിയ ഇഷാന്തിന്റെ പ്രകടനമാണ് മികച്ചു നിന്നത്. വെളിച്ചക്കുറവുമൂലം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വാട്‌ലിംങും(14) ഗ്രാന്റ് ഹോമുമാണ്(4) ക്രീസില്‍.

രണ്ടാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പന്തിനെ(19)യായിരുന്നു. രഹാനെയുമായുള്ള ഓട്ടത്തിലെ ആശയക്കുഴപ്പത്തിനിടെ പന്ത് റണ്‍ ഔട്ടാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റണ്ണെടുക്കും മുമ്പേ അശ്വിനേയും സൗത്തി മടക്കി. വിചിത്രമായിരുന്നു രഹാനെയുടെ പുറത്താവല്‍. സൗത്തിയുടെ ഔട്ട്‌സിംങര്‍ ലീവ് ചെയ്യുമ്പോള്‍ എഡ്ജ് എടുത്തായിരുന്നു ഇന്ത്യന്‍ ഇന്നിംങ്‌സിലെ ടോപ് സ്‌കോറര്‍ പുറത്തായത്.

ആദ്യദിനം ജാമിസണായിരുന്നെങ്കില്‍ ഇന്ത്യന്‍ വാലറ്റത്തെ പുറത്താക്കുന്ന ചുമതല സൗത്തിയാണ് ഏറ്റെടുത്തത്. പത്താമനായി ഇറങ്ങിയ ഷമി വിലപ്പെട്ട 21 റണ്‍സ് നേടിയതൊഴിച്ചാല്‍ കിവീസ് പേസര്‍മാരുടെ സമഗ്രാധിപത്യമാണ് വില്ലിങ്ടണില്‍ കണ്ടത്. ന്യൂസിലന്റ് ടീമിലെ ഏക സ്പിന്നര്‍ അജാസ് പട്ടേലിന് ആകെ മൂന്ന് ഓവര്‍ മാത്രമാണ് എറിയാന്‍ ലഭിച്ചുള്ളൂ.

നേരത്തെ ആദ്യദിനം ഇന്ത്യ 5ന് 122 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചിരുന്നു. 55ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും എത്തിയ മഴയാണ് ഇന്ത്യയെ കൂടുതല്‍ നാശനഷ്ടങ്ങളില്‍ നിന്നും രക്ഷിച്ചത്.

TAGS :

Next Story