Quantcast

‘ആ സിക്‌സിന്റെ’ പെരുമ കേട്ട് കേട്ട് മടുത്തു... ഒടുവില്‍ ഗംഭീര്‍ പ്രതികരിച്ചു

ഫൈനലില്‍ ഗംഭീര്‍ 97 റണ്‍ എടുത്തെങ്കിലും ധോണിയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കാണികളുടെ ഓര്‍മ്മയിലുള്ളത് അവസാനം ധോണി ഗാലറയിലേക്ക് പറത്തിയ ആ സിക്‌സും...

MediaOne Logo

Web Desk

  • Published:

    2 April 2020 10:43 AM GMT

‘ആ സിക്‌സിന്റെ’ പെരുമ കേട്ട് കേട്ട് മടുത്തു... ഒടുവില്‍ ഗംഭീര്‍ പ്രതികരിച്ചു
X

2011ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ ഒമ്പതാംവര്‍ഷത്തിനിടെ വിവാദ ട്വീറ്റുമായി ഗൗതം ഗംഭീര്‍. എല്ലാ പെരുമയും ധോണിയുടെ കളി ജയിപ്പിച്ച 'ആ സിക്‌സിന്' പോവുന്നതാണ് ഗംഭീറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമാണ് ലോകകപ്പ് നേടിയതെന്നാണ് ക്രിക് ഇന്‍ഫോയുടെ ട്വീറ്റിന് ബി.ജെ.പി എം.പി കൂടിയായ ഗംഭീര്‍ മറുപടി നല്‍കിയിരിക്കുന്നത്.

2011ലെ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍ നേടിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാകുന്നതിനിടെ സച്ചിനേയും സേവാഗിനേയും ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. തോല്‍വിയുടെ വക്കില്‍ നിന്നും വിജയത്തിലേക്ക് ഇന്ത്യയെ കൈ പിടിച്ച് ഉയര്‍ത്തിയവരില്‍ ഗംഭീറും പ്രധാനിയായിരുന്നു. 97 റണ്‍ നേടിയ ഗംഭീര്‍ ധോണിയുമൊത്ത് 109 റണ്‍സിന്റേയും കോഹ്‌ലിയുമായി ചേര്‍ന്ന് 83 റണ്‍സിന്റേയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

52 പന്തില്‍ 52 റണ്‍ അകലെ ഇന്ത്യയുടെ ലോകകപ്പ് വിജയം എത്തിച്ച ശേഷമാണ് ഗംഭീറിന്റെ അതിഗംഭീരമായ ഇന്നിംങ്‌സ് അവസാനിക്കുന്നത്. സെഞ്ചുറിക്ക് മൂന്ന് റണ്‍ അകലെ ഗംഭീര്‍ പുറത്താവുകയായിരുന്നു. പിന്നീട് പത്ത് പന്ത് ബാക്കി നില്‍ക്കെ ധോണിയും യുവിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. നാല് റണ്‍ അകലെയുള്ള ലോകകിരീടത്തിലേക്ക് ധോണി തൊടുത്ത സിക്‌സര്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ മായാത്ത ഓര്‍മ്മയുമായി. കളിയിലെ താരമായി 79 പന്തില്‍ 91 റണ്‍സെടുത്ത ധോണി സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഗംഭീറിന്റെ ഈ ട്വീറ്റിനെ പരിഹസിച്ച് സ്വാഭാവികമായും മറുപടികള്‍ വൈകാതെയെത്തി. ഇതിലൊരാള്‍ ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്വാനിജി എന്നാണ് വിശേഷിപ്പിച്ചത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അമര്‍നാഥായിരുന്നു സെമിയിലും ഫൈനലിലും കളിയിലെ താരമായത്. പക്ഷേ ഇപ്പോഴും ആരാധകരുടെ മനസില്‍ കപില്‍ ലോകകപ്പ് ഉയര്‍ത്തുന്ന ചിത്രമാണെന്നാണ് മറ്റൊരാളുടെ പ്രതികരണം. ധോണി ഫാന്‍സിനൊഴികെ ലോകത്തിന് യാഥാര്‍ഥ്യം അറിയാമെന്നായിരുന്നു ഗംഭീറിന്റെ മണ്ണുപറ്റിയ ജേഴ്‌സിയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മറ്റൊരു ആരാധകന്‍ ഗംഭീറിനെ ന്യായീകരിച്ചത്.

TAGS :

Next Story