Top

രാജസ്ഥാന്‍റെ ആ വണ്ടര്‍ ബോയ് ഇപ്പോള്‍ എവിടെ ?

അഞ്ച് അടി അഞ്ച് ഇഞ്ച് മാത്രം ഉയരമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാനായ സ്വപ്നില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നിന്ന് ലോകോത്തര ബൌളര്‍മാരെ അതിര്‍ത്തി കടത്തിയത് വിസ്മയ കാഴ്ചയായിരുന്നു

MediaOne Logo

  • Updated:

    2020-10-26 15:07:32.0

Published:

26 Oct 2020 3:07 PM GMT

രാജസ്ഥാന്‍റെ ആ വണ്ടര്‍ ബോയ് ഇപ്പോള്‍ എവിടെ ?
X

ഐ.പി.എല്ലില്‍ സഞ്ജു സാംസണിന്റെ ചിറകിലേറി രാജസ്ഥാന്‍ ഇക്കുറി ഫൈനലിലെത്തുമോ? പ്രതീക്ഷകള്‍ ഏറുകയാണ്. എന്നാല്‍ ഇപ്പോള്‍ പറയാനുള്ളത് മറ്റൊരാളെക്കുറിച്ചാണ്. 2008ലെ പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകാന്‍ രാജസ്ഥാനെ ചുമലിലേറ്റിയ താരം. സ്വപ്നില്‍ അസ്നോദ്കര്‍. പേര് പൊലെതന്നെ സ്വപ്ന സമാനമായിരുന്നു ഈ താരത്തിന്റെ 2008 സീസണിലെ പ്രകടനം.

ശ്രീലങ്ക ആദ്യമായി ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ രമേഷ് കലുവിതരണയുടെ സംഭാവന ചെറുതല്ല. കോപ്പിബുക്ക് ഷോട്ടുകള്‍ മാറ്റിനിര്‍ത്തി അണ്‍ഓര്‍ത്തഡോക്സ് ഷോട്ടുകളിലൂടെ കലുവിതരണ ഓപ്പണിങില്‍ ജയസൂര്യക്കൊപ്പം നല്‍കിയ സ്ഫോടനാത്മക തുടക്കമാണ് ലങ്കന്‍ കുതിപ്പിന് സഹായിച്ചത്. സമാനമായിരുന്നു അസ്നോദ്കറിന്റെയും പ്രകടനം. അഞ്ച് അടി അഞ്ച് ഇഞ്ച് മാത്രം ഉയരമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാനായ സ്വപ്നില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നിന്ന് ലോകോത്തര ബൌളര്‍മാരെ അതിര്‍ത്തി കടത്തിയത് വിസ്മയ കാഴ്ചയായിരുന്നു.

ഐക്കണ്‍ താരങ്ങളുടെ കീഴില്‍ 2008ല്‍ ആദ്യ ഐപിഎല്‍ ടീമുകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ രാജസ്ഥാന്റെ തലപ്പത്ത് വന്നത് ആസ്ത്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. വലിയ താരത്തിളക്കമില്ലാത്ത ആ ടീം സീസണിലെ ഫൈനല്‍ കളിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ആഭ്യന്തര ക്രിക്കറ്റ് മാത്രം കളിച്ചു പരിചയമുള്ള സ്വപ്നിലിന്റെ കരിയറില്‍ വഴിത്തിരിവായത് രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള പ്രവേശനവും ഷെയിന്‍വോണുമായുള്ള സമാഗമവുമാണ്. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രേം സ്മിത്തുമൊന്നിച്ചുള്ള ഓപ്പണിങ് വിക്കറ്റില്‍ സ്വപ്നില്‍ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 311 റണ്‍സ്. അണ്‍ക്യാപ്പ്ഡ് ഇന്ത്യന്‍ കളിക്കാരില്‍ ആ സീസണില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് സ്വപ്നിലിന് മുന്നിലുണ്ടായിരുന്നത്. ഗ്രേം സ്മിത്തുമായുള്ള ഓപ്പണിങ് സഖ്യം ആ സീസണില്‍ 418 റണ്‍സാണ് നേടിയത്.

2009ല്‍ ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോള്‍ സ്വപ്നിലും ഒപ്പം രാജസ്ഥാന്‍ റോയല്‍സും നിറം മങ്ങി. എട്ട് മത്സരങ്ങളില്‍ നിന്ന് അസ്നോദ്കര്‍ നേടിയത് വെറും 98 റണ്‍സ് മാത്രം. 2010ല്‍ രണ്ടും 2011ല്‍ ഒരു മത്സരവും കളിച്ച് സ്വപ്നിലിന്റെ ഐപിഎല്‍ കരിയര്‍ അവസാനിച്ചു. രഞ്ജിയില്‍ ഗോവയ്ക്ക് വേണ്ടി കളിച്ചിരുന്ന സ്പ്നില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു. എന്നാല്‍ തുടര്‍ന്നുള്ള ഐപിഎല്‍ താരലേലങ്ങളില്‍ താരത്തെ ആരും പരിഗണിക്കാതെയായി. അതോടെ ലേലത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് അപേക്ഷ നല്‍കുന്നതും സ്വപ്നില്‍ നിര്‍ത്തി.

2011ല്‍ മഹാരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഗോവ നായകനായിരുന്ന സ്വപ്നില്‍ അസ്നോദ്കര്‍ 19 ഓവറില്‍ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ശ്രമിക്കാതെ മത്സരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. കോഴ ആരോപണത്തെ തുടര്‍ന്ന് സ്വപ്നില്‍ ടീമിന് പുറത്തായി. പിന്നീട് കുറ്റവിമുക്തനായ അദ്ദേഹം വീണ്ടും ടീമില്‍ തിരിച്ചെത്തി. 2017 ഓടുകൂടി ഗോവയുടെ ടീം പരിഗണനാ പട്ടികയില്‍ നിന്ന് സ്വപ്നില്‍ അസ്നോദ്കര്‍ പുറത്തായി. മറ്റ് സംസ്ഥാനങ്ങളുടെ ടീമുകളില്‍ ഇടം നേടാനുള്ള ശ്രമവും വിജയിക്കാതായതോടെ സ്വപ്നില്‍ കളി മതിയാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പരിശീലകന്റെ റോള്‍ ഏറ്റെടുത്ത അദ്ദേഹം ഇപ്പോള്‍ ഗോവ അണ്ടര്‍ 23 ടീമിന്റെ പരിശീലകനാണ്.

TAGS :

Next Story