Quantcast

ബസ്തറും മാവോയും കുറേ ഉണ്ടയില്ലാ വെടികളും

ഭയമാണ് സിനിമയിലെ പ്രധാന വില്ലന്‍. ഭരണസംവിധാനത്തിന് ജനങ്ങളോടുള്ള ഭയമാണ് അടിസ്ഥാനം. ഒരു പരിധി വരെ ബാക്കിയൊക്കെയും സൃഷ്ടിക്കപ്പെടുന്ന ഭയമാണ് എന്ന ഒരു നിഗമനത്തിലെത്താന്‍ ചിത്രം പ്രേരിപ്പിക്കുന്നുണ്ടോ?

MediaOne Logo
ബസ്തറും മാവോയും കുറേ ഉണ്ടയില്ലാ വെടികളും
X

മാവോയിസ്റ്റുകളെ നേരിടാന്‍ തയ്യാറായി ഛത്തീസ്ഗഢിലേക്ക് പോയ തെരഞ്ഞെടുപ്പ് ഓഫീസര്‍ നൂതന്‍ കുമാര്‍ എന്ന ന്യൂട്ടന്‍ കുമാര്‍ (രാജ്കുമാര്‍ റാവു) മാവോയിസ്റ്റുകളെ കണ്ടില്ല. എന്നാല്‍ ചെറിയ തോതില്‍ ഒരു മാവോയിസ്റ്റ് ആക്രമണത്തിന് സാക്ഷിയായി. എന്നാല്‍ അത് അവിടെയുള്ള പൊലീസുകാര്‍ തന്നെ സംഘടിപ്പിച്ച ഒരു കപടനാടകമായിരുന്നു എന്ന് താമസിയാതെ അയാള്‍ തിരിച്ചറിയുകയും ചെയ്തു.

ഇതേ ഛത്തീസ്ഗഢിലേക്ക് തന്നെ, മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍, സി.ഐ മാത്യൂസ് ആന്റണിയുടെയും (രഞ്ജിത്ത്) എസ്.ഐ മണികണ്ഠന്‍ സി.പിയുടെയും (മമ്മൂട്ടി) നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങിക്കെട്ടിപ്പോയ കേരളാ പൊലീസ് സംഘവും മാവോയിസ്റ്റുകളെ കണ്ടില്ല. ബസ്തറിലെ സ്‌കൂളധ്യാപകനും ആദിവാസിയുമായ കുനാല്‍ ചന്ദിനെ (ഓംകാര്‍ ദാസ് മണിക്പുരി) സംഘം ചേര്‍ന്ന് തല്ലുന്ന ചിലര്‍, പക്ഷേ മാവോയിസ്റ്റുകളായിക്കൊള്ളണം എന്നൊന്നുമില്ല താനും. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം അവര്‍ക്ക് ഭീകരമായ ഒരാക്രമണം (ഭീകരമായ ആക്രമണത്തെയല്ലല്ലോ സാങ്കേതികമായി ഭീകരാക്രമണം എന്ന് പറയുക) നേരിടേണ്ടി വന്നു. അതവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലോക്കല്‍ നേതാവും ഗുണ്ടകളും അഴിച്ചു വിട്ട ആക്രമണമായിരുന്നു.

അമിത് വി മസൂര്‍ക്കറിന്റെ ന്യൂട്ടന്‍ എന്ന സിനിമ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമകാലികാവസ്ഥയുടെ subtle critique എന്ന് തന്നെ പറയാവുന്ന ഒരു അലിഗറിയാണ്. ഒരു ക്ലാസിക് സറ്റയര്‍ എന്ന് വിളിക്കാം. ഖാലിദ് റഹ്‍മാന്‍ സാക്ഷാത്കരിച്ച ‘ഉണ്ട’ എന്ന മലയാള ചലച്ചിത്രത്തിന് പ്രമേയപരമായോ ഘടനാപരമായോ ഈ സിനിമയുമായി ബന്ധമോ സാമ്യമോ ഇല്ല. എന്നാല്‍ പശ്ചാത്തലം ഒന്നു തന്നെയാണ്. ഒരേ പശ്ചാത്തലത്തിലുള്ള ഈ രണ്ട് കഥകളും രണ്ടു തരത്തില്‍ അനിവാര്യങ്ങളായ സാമൂഹികവിമര്‍ശനങ്ങളുമാണ്. തങ്ങളുടേതല്ലാത്ത എല്ലാ ദേശീയബോധങ്ങളും വിഘടനവാദപരമാണ് എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടത്തെയും അതിന്റെ കീഴില്‍ സിസ്റ്റത്തിന് സംഭവിക്കുന്ന ബോധപരിണാമങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് ഈ രണ്ട് സിനിമകളും.

ഒരു സറ്റയറിന്റെ ഘടനയല്ല ഉണ്ട എന്ന സിനിമയ്ക്കുള്ളത്. അത് കുറേക്കൂടി ഷാര്‍പ് ആണ്. നര്‍മങ്ങളുടെ ചേരുവകള്‍ ധാരാളമായുണ്ടെങ്കിലും പൊതുവെ അതിന്റെ ഘടന ഒരു ത്രില്ലര്‍ മൂവിയുടേതാണ്.

ന്യൂട്ടന്‍ പൊതുവെ സമ്പ്രദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല. എന്നു മാത്രമല്ല, നൂതന്‍ കുമാര്‍ എന്ന ന്യൂട്ടന്‍ കുമാര്‍ സിസ്റ്റത്തെയും അതിന്റെ ഘടനയെയും കണിശമായി പിന്തുടരുന്ന ഒരാളുമാണ്. ചിത്രത്തിന്റെ എന്‍ഡിങ്ങും അതിലുള്ള വിശ്വാസത്തെ അടിവരയിട്ടുറപ്പിച്ചു കൊണ്ടാണ്. അതേസമയം മൂക്കാതെ പഴുത്ത ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന വസ്തുതയും അത് വെളിപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് എന്താണെന്നും അതെത്രത്തോളം തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നുമൊന്നും അറിയാത്ത ഒരു വലിയ ജനസാമാന്യത്തിന്റെ പ്രതീകമായാണ് ന്യൂട്ടനിലെ ഗോത്രവര്‍ഗക്കാര്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ തെരഞ്ഞെടുത്ത് ജയിപ്പിച്ചയാള്‍ ദല്‍ഹിയിലേക്ക് പോകുമെന്നും അയാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളൊക്കെ തീര്‍ക്കുമെന്നും അവരോട് പറഞ്ഞപ്പോള്‍ അവരുടെ മൂപ്പന്‍ പ്രതികരിക്കുന്നത് താന്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് മറ്റൊരാള്‍ ദല്‍ഹിക്ക് പോകുന്നത് എന്നാണ്.

പ്രമേയപരമായി അല്‍പം കൂടി വിശാലമായ ഒരു പ്രതലത്തിലേക്ക് വരുന്നുണ്ട് ഉണ്ട. അതില്‍ സിസ്റ്റം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. വെടിയുണ്ടകള്‍ നിറച്ച, പൊലീസിന്റെ പെട്ടിയുടെ മുകളില്‍ കുരങ്ങന്‍ കയറി സര്‍ക്കസ്സ് കളിക്കുന്ന ദൃശ്യത്തിലാണല്ലോ അതവസാനിക്കുന്നത് തന്നെ. കുനാല്‍ ചന്ദിനോട് അവസാനം മണികണ്ഠന്‍ പറയുന്നതും അത്തരമൊരു വര്‍ത്തമാനമാണ്, ഈ മണ്ണ് നിങ്ങളുടേതാണ്, നിങ്ങളിവിടുന്ന് എങ്ങോട്ടും പോകരുത്.

അവഹേളനങ്ങളുടെയും അസ്പൃശ്യതയുടെയും കുടിയൊഴിപ്പിക്കലുകളുടെയുമൊക്കെ അനുഭവങ്ങള്‍ ചിലപ്പോള്‍ മണികണ്ഠനും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ബസ്തറില്‍ നിന്നും അയാള്‍ ഭാര്യയെ വിളിക്കുമ്പോള്‍ അവര്‍ (ഈശ്വരി റാവു) തന്റെ അംഗനവാടിയിലാണ്. പശ്ചാത്തലത്തില്‍ അയ്യങ്കാളിയുടെ ചില്ലിട്ട ചിത്രം കാണാം. മണിയുടെ ജാതി തിരിച്ചറിയാന്‍ ഈയൊരു ദൃശ്യമേ ചിത്രത്തിലുള്ളൂ. ഒരുപക്ഷേ അതത്ര പ്രധാനമല്ലെന്ന് തോന്നാം. രണ്ടോ മൂന്നോ സെക്കന്‍ഡുകള്‍ മാത്രം കാഴ്ചയില്‍ നില്‍ക്കുന്ന ഫ്രെയിമില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു ഭാഗത്താണ് അയ്യങ്കാളിയെ നിര്‍ത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുക എന്നത് കഥാഗതിയെ പിന്തുടരുന്നതിന് അത്ര അനിവാര്യമൊന്നുമല്ല. എന്നാലും ഇടയ്‌ക്കെങ്കിലും കീഴ് ജീവനക്കാര്‍ അയാളോട് കാണിക്കുന്നതായി നമുക്ക് തോന്നുന്ന അനാദരവിന് വിശദീകരണമാവുന്നുണ്ട് ആ ഫ്രെയിം.

ബസ്തറിലെ ആകെ ജനസംഖ്യയില്‍ എഴുപത് ശതമാനം ഗോത്ര, ഗിരി വര്‍ഗക്കാരാണ്. ഛത്തീസ്ഗഢിലെ ടോട്ടല്‍ ട്രൈബല്‍ പോപ്പുലേഷന്റെ ഏതാണ്ട് ഇരുപത്തേഴ് ശതമാനം വരും ഇത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് അറ്റാക് നടക്കുന്ന മേഖല എന്നാണ് ബസ്തറിനെക്കുറിച്ച പ്രചാരണം.

സവിശേഷമായ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുന്നവരാണ് ബസ്തറിലെ ട്രൈബുകള്‍. പ്രത്യേകിച്ചും അവരുടെ സംഗീതം. ഇന്ത്യയിലെ പല ദേശങ്ങളിലും തനതായ സംഗീതവും പ്രാദേശികമായ സംഗീതോപകരണങ്ങളും അനുബന്ധമായ മിത്തുകളും ഉള്ളതായി കാണാം. എന്നാല്‍ പൊതുവായും ഔദ്യോഗികമായും ഇന്ത്യന്‍ സംസ്ക്കാരത്തെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ഇതൊന്നും അതില്‍പ്പെടാറുമില്ല. ടോണി ഗാത്‌ലിഫിന്റെ സെയ്ഫ് ജേണി (ലച്ചോ ദ്രോം) എന്ന ഫ്രഞ്ച് ഡോകുമെന്ററി ഈ സംഗീതപാരമ്പര്യത്തെ ഹൃദയാവര്‍ജകമായി രേഖപ്പെടുത്തുന്നുണ്ട്. വടക്കു പടിഞ്ഞാറന്‍ ഇന്ത്യ മുതല്‍ സ്‌പെയിന്‍ വരെയുള്ള ഒരു സംഗീതയാത്രയാണ് ഗാത്‌ലിഫിന്റെ സിനിമ.

ഈ കുറിപ്പുകാരന് രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ അവിടുത്തെ നാടോടി ഗോത്രവര്‍ഗങ്ങളെയും കേസരിയാ ബാലം എന്ന പാട്ടുമാണ് പെട്ടെന്ന് മനസ്സില്‍ വരിക. അത് പഞ്ചാബാകുമ്പോള്‍ ഹീര്‍ രാഞ്ജന്‍ പ്രണയവും ഹീറിന്റെ പാട്ടുകളും പിന്നെ കലന്ദര്‍ ഷായുടെ സൂഫീ അപദാനഗീതങ്ങളും. ബംഗാളിലെത്തുമ്പോള്‍ ആ സ്ഥാനത്ത് ബാവുള്‍ ഗായകരും ഏക് താര, ദോ താര തന്ത്രിവാദ്യങ്ങളും ദുഗിയും കര്‍താലും മഞ്ജിരയും ചിമ്തയുമെല്ലാം കടന്നുവരും.

ബസ്തറില്‍, വിശേഷിച്ച് ജഗദല്‍പൂരില്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യസ്ത സംഗീതസമ്പ്രദായങ്ങളുണ്ട്. ഉണ്ട എന്ന സിനിമയ്ക്ക് പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തലസംഗീതം ബസ്തറിലെ പാരമ്പര്യ ഈണങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടുള്ളതാണ്. കഥാസന്ദര്‍ഭങ്ങള്‍ക്കൊത്ത വികാരങ്ങള്‍ അനുവാചകനില്‍ സൃഷ്ടിക്കാന്‍ ഈ പശ്ചാത്തലസംഗീതത്തിന് സാധിച്ചിട്ടുണ്ട്.

വിശേഷിച്ചും ഭയം. ഭയമാണ് സിനിമയിലെ പ്രധാന വില്ലന്‍. ഭരണസംവിധാനത്തിന് ജനങ്ങളോടുള്ള ഭയമാണ് അടിസ്ഥാനം. ഒരു പരിധി വരെ ബാക്കിയൊക്കെയും സൃഷ്ടിക്കപ്പെടുന്ന ഭയമാണ് എന്ന ഒരു നിഗമനത്തിലെത്താന്‍ ചിത്രം പ്രേരിപ്പിക്കുന്നുണ്ടോ? പ്രത്യേകിച്ചും മാവോയിസ്റ്റുകളെക്കുറിച്ച ഊതിവീര്‍പ്പിച്ച ഭയം. മസൂര്‍ക്കറിന്റെ സിനിമയിലും ഖാലിദ് റഹ്മാന്റെ സിനിമയിലും നക്‌സലൈറ്റുകളെയോ മാവോയിസ്റ്റുകളെയോ കാണുന്നില്ല എന്ന് നേരത്തേ പറഞ്ഞല്ലോ. അതേസമയം പൊലീസുകാരില്‍ മുഴുവനും മാവോയിസ്റ്റുകളെക്കുറിച്ച ഭയം നിലനില്‍ക്കുന്നുണ്ട് താനും.

കുനാല്‍ ചന്ദിന്റെ വാക്കുകളിലും മാവോയിസ്റ്റുകളെക്കുറിച്ച ഭയം നിഴലിക്കുന്നുണ്ട്. നിങ്ങളുടെ ആളുകളാണ് ഞങ്ങള്‍ എന്ന് മാവോവാദികളും മാവോവാദികളുടെ ആളുകളാണെന്ന് നിങ്ങളും പറയുന്നു, യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആരുടെയും ആളുകളല്ല എന്ന് അയാള്‍ മണിയോട് പറയുന്നുമുണ്ട്.

മൗ സെദോങ് (മാവോ സെതൂങ്) തന്നെയും ആന്ധ്രാപ്രദേശുകാരനാണെന്നാണ് ഇവിടെയുള്ളവരുടെ വിചാരം എന്ന് ഐ.ടി.ബി.പി (ഇന്‍ഡോ-തിബത്തന്‍ ബോഡര്‍ പൊലീസ്) ഓഫീസര്‍ കപില്‍ ദേവ് (ഭഗ്‌വാന്‍ തിവാരി) ഇടയ്ക്ക് തമാശയായി പറയുന്നതും നാം കേള്‍ക്കുന്നുണ്ട്. അത്രമേല്‍ ആസ്വാദ്യകരമെങ്കിലും പശ്ചാത്തലസംഗീതത്തെ ഒട്ടും ലിമിറ്റ് ചെയ്തില്ല എന്നത് ചിത്രത്തിന്റെ പോരായ്മയായും തോന്നി എന്നത് മറച്ചുവെക്കുന്നില്ല.

കുനാല്‍ ചന്ദിന്റെ വാക്കുകളിലും മാവോയിസ്റ്റുകളെക്കുറിച്ച ഭയം നിഴലിക്കുന്നുണ്ട്. നിങ്ങളുടെ ആളുകളാണ് ഞങ്ങള്‍ എന്ന് മാവോവാദികളും മാവോവാദികളുടെ ആളുകളാണെന്ന് നിങ്ങളും പറയുന്നു, യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആരുടെയും ആളുകളല്ല എന്ന് അയാള്‍ മണിയോട് പറയുന്നുമുണ്ട്. എന്നിട്ടും അയാളുടെ മകനെ മാവോവാദിയാണെന്നും പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത മക്കളെ കാത്തിരിക്കുന്ന, ഇന്ത്യയിലെ രക്ഷക്കണക്കിന് പിതാക്കന്മാരുടെ കൂട്ടത്തില്‍ ഒരാളായി അയാളും.

ജാതിയുമായി ബന്ധപ്പെട്ട മുന്‍വിധികളും ഭയവും കേരളാ പൊലീസ് സേനയെയും ബാധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ എന്ന പൊലീസുകാരന് (അഭിറാം പൊതുവാള്‍) ആദിവാസികളെ ഭയമാണ്, കുനാല്‍ ചന്ദിനെയും ഭയമാണ്. ഈ ഭയം ബോധപൂര്‍വമല്ലെങ്കിലും ഒപ്പം ജോലി ചെയ്യുന്ന ബിജുകുമാര്‍ (ലുഖ്മാന്‍) എന്ന ആദിവാസിയായ കോണ്‍സ്റ്റബിളിനോട് അയാള്‍ക്കുള്ള അവജ്ഞയായും മാറുന്നുണ്ട്. ഒരിക്കല്‍ മാത്രം ബിജുകുമാര്‍, ഉണ്ണികൃഷ്ണനോട് ശക്തിയായി പ്രതികരിക്കുന്നു. ഇതിലാണ് ഉണ്ട മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വ്യക്തവും തീവ്രവുമായി പ്രസരിക്കുന്നത്.

അതേസമയം തന്നെ ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയുടെ ജാതിവെറിയല്ല ചിത്രത്തില്‍ പ്രകടമാകുന്നത്. അയാള്‍ തന്നെയും ഇരയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ തന്നെ ശാപമായ ജാതിബോധത്തിന്റെ ഇര. ഒപ്പം തന്നെ പൊലീസ് സംവിധാനത്തിനകത്തെ ഹയറാര്‍ക്കി എപ്രകാരം ഒരു ജാതി ഹയറാര്‍ക്കി പോലെ പ്രവര്‍ത്തിക്കുന്നു എന്നും കാണാം. ഹവില്‍ദാര്‍ ജോജോയിലൊക്കെ (ഷൈന്‍ ടോം ചാക്കോ) പ്രകടമാകുന്നത് ഈ ബോധമാണെന്ന് പറയാം.

ഛത്തീസ്ഗഢില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന് രേിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് താന്‍ ഇങ്ങനെയൊരു പ്രമേയം വികസിപ്പിച്ചതെന്ന് ഖാലിദ് റഹ്മാന്‍ പറയുന്നു. ആ ഒരു നൂലിഴയെ ഇന്ത്യന്‍ ജീവിതത്തിന്റെ നാഡി ഞരമ്പുകളായി പരിവര്‍ത്തിപ്പിക്കാനാണ് ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷദും യത്‌നിച്ചത്. അതിലവര്‍ വിജയിച്ചു എന്ന് നിസ്സംശയം പറയാം.

ഗ്രാനൈറ്റ് നിക്ഷേപം, അത് കവര്‍ന്നെടുക്കുന്ന മുതലാളിത്തം, അതുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും സാമുഹികവുമായ ചൂഷണങ്ങള്‍, അത് നിമിത്തമുണ്ടാകുന്ന ജലക്ഷാമം എന്നു തുടങ്ങി, ഉണ്ടയില്‍ കടന്നുപോകുന്ന സന്ദര്‍ഭങ്ങളും വിഷയങ്ങളും അനവധിയാണ്. അതെല്ലാം തന്നെ വളരെ കൃത്യതയോടെയാണ് ഒരുമിച്ചു ചേര്‍ത്തിട്ടുള്ളത് എന്നും തോന്നി.

മുഖ്യധാരാ സിനിമകളിലെ അതിമാനുഷരൂപങ്ങളെ നിരാകരിച്ചു കൊണ്ടാണ് സമീപകാലത്ത് കൂടുതല്‍ റിയലിസ്റ്റിക് ആയ ആഖ്യാനങ്ങള്‍ വെള്ളിത്തിരകളില്‍ തെളിഞ്ഞു തുടങ്ങിയത്. മമ്മൂട്ടി എന്ന താരത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും ഉണ്ട അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് താരപരിവേഷം നല്‍കുന്നില്ല. മമ്മൂട്ടി എന്ന നടനെയാണ്, താരത്തെയല്ല ഉണ്ടയില്‍ നാം കാണുക. ആ അര്‍ത്ഥത്തില്‍ സമീപകാലത്തുണ്ടായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു മുന്നറിയിപ്പിലെ സി.കെ രാഘവന്‍. ശേഷവും തോപ്പില്‍ ജോപ്പനും മധുര രാജയുമൊക്കെയായി ആടിത്തിമര്‍ത്ത മമ്മൂട്ടി ഒരു നടനായി വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഉണ്ടയിലാണ്.

അതേസമയം, അവസാനത്തെ സംഘര്‍ഷ രംഗം അത്രയ്‌ക്കൊന്നും റിയലിസ്റ്റിക് ആയിരുന്നില്ല എന്നു പറയേണ്ടി വരും. അറിഞ്ഞോ അറിയാതെയോ അമാനുഷശേഷിയുള്ള ഒരു മെഗാസ്റ്റാര്‍ അവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ മൊത്തം ഒഴുക്കിനും മമ്മൂട്ടിയുടെ തന്നെ കഥാപാത്രത്തിന്റെ അതുവരെയുള്ള സ്വഭാവത്തിനും അല്‍പം ഭംഗം സൃഷ്ടിക്കുന്ന ഈ സംഘട്ടനമാണ് കല്ലുകടി ഉണ്ടാക്കിയ മറ്റൊരു ഘടകം.

അവസാനം വരെ ചടുലവും തീവ്രവുമാണ് ഹര്‍ഷദിന്റെ തിരക്കഥ. ചിത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ഓരോ രംഗവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുമുണ്ട്. മലയാള സിനിമയ്ക്ക് ഒട്ടും പരിചയമില്ലാത്ത പ്രദേശത്തെയും ജീവിതത്തെയും ഒപ്പിയെടുക്കുന്നതില്‍ സജിത് പുരുഷന്റെ ദൃശ്യപരിചരണവും പൂര്‍ണമായും വിജയിച്ചിട്ടുണ്ട് എന്നു പറയാം.

TAGS :

Next Story