Quantcast

‘ആ ഹിന്ദു ജ്യോതിഷിയാണ് റഹ്‍മാന്‍ എന്ന പേര് നിര്‍ദേശിച്ചത്’

‘അദ്ദേഹം അന്ന് എനിക്ക് അബ്ദുൽ റഹ്‍മാൻ എന്നും അബ്ദുൽ റഹീം എന്നുമിങ്ങനെ രണ്ട് പേരുകൾ നിർദേശിച്ചു’

MediaOne Logo

Web Desk

  • Published:

    13 July 2019 2:47 PM GMT

‘ആ ഹിന്ദു ജ്യോതിഷിയാണ് റഹ്‍മാന്‍ എന്ന പേര് നിര്‍ദേശിച്ചത്’
X

ഒരു ഹിന്ദു ജ്യോതിഷിയുടെ നിർദേശ പ്രകാരമാണ് തന്റെ ദിലീപ് കുമാർ എന്ന പേർ ‘റഹ്‍മാന്‍’ എന്നായി മാറിയതെന്ന് വിഖ്യാത ഇന്ത്യൻ സംഗീത‍ജ്ഞൻ എ.ആർ റഹ്‍മാൻ. മഴയും സൂര്യനും എല്ലാവരിലേക്കും തുല്യമായി എത്തിച്ചേരുന്നത് പോലെ തന്നെ, മനുഷ്യർക്കിടയിൽ ഭിന്നത ഉണ്ടാകേണ്ട കാര്യം നമുക്കില്ലെന്നാണ് സൂഫിസം വഴി താൻ മനസ്സിലാക്കിയെടുത്തതെന്നും എ.ആർ റഹ്‍മാൻ പറഞ്ഞു. ‘എ.ആർ റഹ്‍മാൻ: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്ക്’ എന്ന ജീവചരിത്ര കൃതിയിലാണ് താരം തന്റെ ജീവിത്തിലെ പരിവർത്തന കാലത്തെ കുറിച്ച് മനസ്സ് തുറന്നത്.

കരീമുള്ള ഷാ ഖാദിരി എന്ന സൂഫിവര്യനിൽ നിന്നാണ് സൂഫിസത്തിലേക്കുള്ള വഴി തെളിയുന്നത്. പിതാവിന്റെ ആകസ്മികമായ വേർപാട് നാല് കുട്ടികൾ ഉൾക്കൊള്ളുന്ന ‍ഞങ്ങളുടെ കുടുംബത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വലിയ ഈശ്വര വിശ്വാസിയായിരുന്നു അമ്മ. പീർ കരീമുള്ളയുടെ വാക്കുകൾ അക്കാലത്ത് കുടുംബത്തിന് വലിയ ആശ്വാസകരമായി തീര്‍ന്നു. അദ്ദേഹവുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതാണ് പിന്നീട് തന്നെ സൂഫി മാർഗത്തിലേക്ക് ആകർഷിച്ചതെന്നും റഹ്‍മാൻ പറയുന്നു.

ഖാദിരി സാഹബ് ഒരിക്കലും തങ്ങളോട് വിശ്വാസം മാറാൻ ആവശ്യപ്പെട്ടിരുന്നില്ല. എല്ലാം തന്നെ നമ്മുടെ ഹൃദയത്തിൽ നിന്നും ബോധ്യപ്പെട്ട് മനസ്സിലാക്കേണ്ട കാര്യമാണ്. പിതാവ് മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം, 1986ൽ ഖാദിരി സാഹബിനെ വീണ്ടും കാണാൻ ഞങ്ങൾക്ക് സാധിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. അമ്മയായിരുന്നു അന്ന് അദ്ദേഹത്തെ ഒരു മകളുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിച്ചത്. അതിന് ശേഷമാണ് സൂഫി ഇസ്‌‍‍ലാമിലേക്ക് ഞാനും അമ്മയും ആകൃഷ്ടരാവുന്നത്. ഇത് ഞങ്ങൾക്ക് വലിയ മനശ്ശാന്തി നൽകിയെന്നും റഹ്‍മാൻ പറയുന്നു.

തന്റെ പേർ ദിലീപ് കുമാറിൽ നിന്നും എ.ആർ റഹ്‍മാൻ എന്നായി മാറിയതിന് പിന്നിൽ പല തരത്തിലുള്ളള കഥകൾ കേൾക്കുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ ഒരു ഹിന്ദു ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് തനിക്ക് ‘റഹ്‍മാൻ’ എന്ന പേർ വന്നതെന്ന് അദ്ദേഹം കുറിക്കുന്നു.

സുപ്രസിദ്ധ നടനായിരുന്ന ദിലീപ് കുമാറിനോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമാണുള്ളത്. എന്നിരുന്നാലും എനിക്ക് ലഭിച്ച ദിലീപ് കുമാർ എന്ന പേരിൽ താൻ സന്തുഷ്ടനായിരുന്നില്ലെന്ന് റഹ്‍മാൻ കുറിക്കുന്നു. കടുത്ത ഈശ്വര വിശ്വാസിയായിരുന്ന അമ്മ, സഹോദരിയുടെ ജാതക പ്രശ്നങ്ങൾ മാറി കിട്ടാനായി മുമ്പ് ജ്യോത്സ്യനെ കാണുക പതിവായിരുന്നു. ഈ സന്ദർഭത്തിലാണ് ഞാനെന്റെ പേര് മാറ്റുന്നതിനെ കുറിച്ച് ആ ജ്യോത്സ്യനോട് പറയുന്നത്. അത് അദ്ദേഹത്തിന് വളരെ കൗതുകരമായി തോന്നി.

അദ്ദേഹം അന്ന് എനിക്ക് അബ്ദുൽ റഹ്‍മാൻ എന്നും അബ്ദുൽ റഹീം എന്നുമിങ്ങനെ രണ്ട് പേരുകൾ നിർദേശിച്ചു. റഹ്‍മാൻ എന്ന പേർ ഇഷ്ടപ്പെട്ട താൻ, ആ ജ്യോതിഷിയുടെ നിർദേശ പ്രകാരം അങ്ങനെ പേര് മാറ്റുകയായിരുന്നു. പിന്നീട് അമ്മയാണ് പേരിന്റെ കൂടെ ‘അല്ലാരാഖ’, ദെെവത്താൽ സംരക്ഷിക്കപ്പെട്ടവൻ എന്ന് കൂട്ടിച്ചേർത്തത്. നസ്രീൻ മുന്നി കബീറുമായി റഹ്‍മാൻ നടത്തിയ സംഭാഷണമാണ് ‘എ.ആർ റഹ്‍മാൻ: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്ക്’.

TAGS :

Next Story