Quantcast

“വയലന്‍സിന് കാരണം കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പം, ഫെമിനിസ്റ്റ് ആവാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍”: ശ്യാം പുഷ്കരന്‍  

കരുത്തരായിരിക്കുക, കരയരുത് എന്നാണ് കംപ്ലീറ്റ് മാന്‍ സങ്കല്‍പം. ഇതാണ് ആക്രമണത്സുകതയുടെ അടിസ്ഥാനം.

MediaOne Logo

Web Desk 4

  • Published:

    18 Aug 2019 11:13 AM GMT

“വയലന്‍സിന് കാരണം കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പം, ഫെമിനിസ്റ്റ് ആവാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍”: ശ്യാം പുഷ്കരന്‍  
X

അക്രമോത്സുകത കൈവെടിയാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയാണ് സിനിമകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. ഒരു ഫെമിനിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കാര്യമായ പരിഗണന സിനിമകള്‍ നല്‍കാറില്ല. എല്ലാം പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌കരന്‍ തന്റെ സിനിമാ സങ്കല്‍പത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും സംസാരിച്ചത്.

കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് ശ്യാം പറഞ്ഞതിങ്ങനെ- "കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പമാണ് പുരുഷന്മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്. കരുത്തരായിരിക്കുക, കരയരുത് എന്നാണ് കംപ്ലീറ്റ് മാന്‍ സങ്കല്‍പം. ഇതാണ് ആക്രമണത്സുകതയുടെ അടിസ്ഥാനം. വികാരഭരിതരാകുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് പുരുഷന്മാരോട് പറയാനുള്ളത്".

കുമ്പളങ്ങി നൈറ്റ്സില്‍ സൗബിന്‍ അവതരിപ്പിച്ച സജിയോടാണോ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയോടാണോ സാമ്യം എന്ന ചോദ്യത്തിന് ഷമ്മിയോടാണെന്നായിരുന്നു ശ്യാം പുഷ്‌കരന്റെ മറുപടി. ഭക്ഷണം കഴിക്കാന്‍ പ്രത്യേക പ്ലേറ്റ് സൂക്ഷിക്കുന്നവനാണ് താന്‍. ഷമ്മിയെന്ന കഥാപത്രത്തെ എഴുതുമ്പോള്‍ തന്‍റെ ഉള്ളിലെ പുരുഷാധിപത്യ സ്വഭാവത്തെയാണ് കണ്ടത്. എന്നാൽ സജിയുടെ കഥാപാത്രം സമീപത്ത് നിന്ന് കണ്ടെത്തിയതാണ്. മറ്റുള്ളവരോട് അനുതാപമുള്ള അച്ഛനെയും കസിന്‍സിനെയുമൊക്കെ നോക്കിയാണ് രൂപപ്പെടുത്തിയത്.

ഫഹദ് ഫാസിലിനോട് ഷമ്മി എന്ന കഥാപാത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചിരുന്നു. തിയേറ്ററുകളില്‍ വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറായത്. ഈ കഥാപാത്രമാകാന്‍ തയ്യാറല്ലെങ്കിലും കുഴപ്പമില്ലെന്ന് താന്‍ ഫഹദിനോട് പറഞ്ഞു. പക്ഷേ ധൈര്യസമേതം അദ്ദേഹം ആ കഥാപാത്രം ഏറ്റെടുത്തു. തങ്ങളുടെ പ്രതിച്ഛായക്കുറിച്ച് ചിന്തിക്കുന്ന പലരും ഇതിന് തയ്യാറാകില്ലെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു.

"എന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളും അത് എന്റെ പങ്കാളിയായാലും അമ്മയായാലും സുഹൃത്തുക്കളായാലും ഏതെങ്കിലും രീതിയില്‍ പുരുഷന്‍റെ ഉപദ്രവങ്ങള്‍ക്ക് വിധേയമായവരാണ്. ഈ ലോകത്തെ 99 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവരാണ്. അതിന്റെ അര്‍ത്ഥം പുരുഷന്മാരില്‍ 50-80 ശതമാനം പേരും ആക്രമികളാണെന്നാണ്. ഇതെന്നെ അസ്വസ്ഥനാക്കുന്നു. അതാണ് കഥകളില്‍ കടന്നുവരുന്നത്. അതുകൊണ്ട് തന്നെ എന്റെ സിനിമകളിലൂടെ ലക്ഷ്യമിടുന്നത് പുരുഷന്മാരെ അക്രമികള്‍ അല്ലാതാക്കുകയെന്നതാണ്"- ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

മലയാള സിനിമയിലെ പുതിയ മാറ്റത്തിന് കാരണം കൂട്ടായുള്ള പ്രവര്‍ത്തനമാണ്. ആഷിഖ് അബു, ലിജോ ജോസ് പല്ലിശേരി, രാജേഷ് പിള്ള എന്നിവര്‍ ഇതിന് പങ്കുവഹിച്ചു. അവര്‍ വാണിജ്യ വിജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ആഷിഖ് അബുവിനെയും ദിലീഷ് പോത്തനെയും തന്നെയും ഒരുമിപ്പിച്ചത് ചിന്തകളിലെയും വിശ്വാസങ്ങളിലെയും സമാനതയാണ്. പുതിയ ആളുകള്‍ സിനിമയിലേക്ക് കടന്നുവരുന്നു. ഇപ്പോഴത്തെ മാറ്റത്തിന് പ്രധാന കാരണം പ്രേക്ഷകരാണെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

TAGS :

Next Story