Quantcast

ജെ.എന്‍.യുവില്‍ ദീപിക പദുക്കോണ്‍; ഇനി അവളുടെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി നേതാവ്

ദീപികയുടെ ജെ.എൻ.യു സന്ദർശനം സംബന്ധിച്ച വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെയാണ് താരത്തിനെതിരെ ബി.ജെ.പി നേതാവ് തിരിഞ്ഞത്. 

MediaOne Logo

Web Desk

  • Published:

    8 Jan 2020 5:40 AM GMT

ജെ.എന്‍.യുവില്‍ ദീപിക പദുക്കോണ്‍; ഇനി അവളുടെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി നേതാവ്
X

മുഖംമൂടി ധരിച്ച ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജെ.എന്‍.യു സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുകോണിന്റെ സിനിമകള്‍ ഇനിയാരും കാണരുതെന്ന് ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ്. ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാനാണ് ബി.ജെ.പി നേതാവ് താജീന്ദർ പാൽ സിങിന്റെ ആഹ്വാനം. ദീപികയുടെ ജെ.എൻ.യു സന്ദർശനം സംബന്ധിച്ച വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെയാണ് താരത്തിനെതിരെ ബി.ജെ.പി നേതാവ് തിരിഞ്ഞത്.

തിങ്കളാഴ്ച ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, അനുരാഗ് കശ്യപ്, സോയ അക്തർ, വിശാൽ ഭരദ്വാജ്, അനുഭവ് സിൻഹ, റിച്ച ചദ്ദ, അലി ഫസൽ തുടങ്ങിയവർ ജെ.എൻ.യു ആക്രമണത്തെ അപലപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് പ്രതിഷേധം നടന്നത്. ഞായറാഴ്ച രാത്രി നടന്ന ജെ.എൻ.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാദളിന്റെ പിങ്കി ചൗധരി നേരത്തെ ഏറ്റെടുത്തിരുന്നു.

ഇന്നലെ വൈകീട്ട് 7.15 ഓടെ കാമ്പസിലെത്തിയ ദീപിക പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ചു. വിദ്യാര്‍ഥികളോടുള്ള ഐക്യദാര്‍ഢ്യ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ദീപിക എത്തിയത്. ആസാദീ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് താരത്തെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. ഞായറാഴ്ച്ചയാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകള്‍ ഇരുമ്പു ദണ്ഡുകളും മരക്കഷ്ണങ്ങളും കല്ലും ഉപയോഗിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി അക്രമിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

TAGS :

Next Story