Quantcast

‘തെറ്റ് ഞങ്ങളുടേതാണ്, മന:പൂര്‍വ്വം ചെയ്തതല്ല’ യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ 

ഒരു പൊതുവേദിയിൽ ഉണ്ടാകാവുന്ന ബോഡി ഷേമിംഗിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് താനുമായ് ബന്ധപ്പെട്ട ചിത്രം സിനിമയില്‍ ഉപയോഗിച്ചതെന്നും യുവതി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    22 April 2020 8:32 AM GMT

‘തെറ്റ് ഞങ്ങളുടേതാണ്, മന:പൂര്‍വ്വം ചെയ്തതല്ല’ യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ 
X

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നായകനായ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു സിനിമയുടെ നിര്‍മാതാവും.

തിയറ്ററുകളില്‍ നിന്നും വിജയകരമായി പ്രദര്‍ശനം നടത്തിയ സിനിമ കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനിലെത്തിയത്. ചിത്രം ഇന്‍റര്‍നെറ്റിലെത്തിയപ്പോള്‍ സിനിമക്കെതിരെ ആരോപണവുമായ് ട്വിറ്ററില്‍ ഒരു യുവതി രംഗത്ത് വന്നു. സിനിമയില്‍ തന്നോട് ചോദിക്കാതെ തന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതി ട്വിറ്റര്‍ പോസ്റ്റുമായ് എത്തിയത്. തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായ് നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും എത്തുകയായിരുന്നു

സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരോപണം ഉന്നയിച്ച യുവതിയുടേതാണ്. ഒരു പൊതുവേദിയിൽ ഉണ്ടാകാവുന്ന ബോഡി ഷേമിംഗിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ബന്ധപ്പെട്ട ചിത്രം സിനിമയില്‍ ഉപയോഗിച്ചതെന്നും യുവതി വ്യക്തമാക്കി.

‘പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ സീനില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.’ ട്വിറ്ററിലൂടെ യുവതി പറയുന്നു. സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് യുവതി ട്വീറ്റ് ചെയ്തത്.

ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് അതിവേഗം മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ അവരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
'ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്പനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ യുവതിയുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു'.

TAGS :

Next Story