Quantcast

'പ്രഭാകരാ വിളി' ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല; മാപ്പ് ചോദിച്ച് ദുല്‍ഖര്‍

പട്ടണപ്രവേശം എന്ന പഴയ സിനിമയില്‍ നിന്നുള്ള രംഗത്തിന്റെ റഫറന്‍സ് ആണത്

MediaOne Logo

  • Published:

    27 April 2020 8:12 AM GMT

പ്രഭാകരാ വിളി ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല; മാപ്പ് ചോദിച്ച് ദുല്‍ഖര്‍
X

വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ ഓരോ വിവാദങ്ങളില്‍ പെട്ടുകൊണ്ടിരിക്കുകയാണ്. അനുവാദമില്ലാതെ തന്‍റെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ അടുത്ത വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടില്‍ നിന്നുമുണ്ടാകുന്നത്.

എന്നാല്‍ പ്രഭാകരാ എന്ന വിളി പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.മനപൂര്‍വ്വം ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. കുറിപ്പിനൊപ്പം പട്ടണപ്രവേശത്തിലെ പ്രസ്തുത രംഗത്തിന്റെ യു ട്യൂബ് ലിങ്കും ദുല്‍ഖര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദുല്‍ഖറിന്റെ കുറിപ്പ്

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരന്‍ തമാശ തമിഴ്‌നാട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അത് ബോധപൂര്‍വമല്ല. പട്ടണപ്രവേശം എന്ന പഴയ സിനിമയില്‍ നിന്നുള്ള രംഗത്തിന്റെ റഫറന്‍സ് ആണത്. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായുള്ള പേരാണ്. തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ആരെയെങ്കിലും കുറിച്ച് എടുത്തിട്ടുള്ളതല്ല ചിത്രം. സിനിമ കാണാതെയാണ് കൂടുതലാളുകളും പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എനിക്കും സംവിധായകന്‍ അനൂപ് സത്യനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കുന്നു. എന്നാല്‍ ദയവായി അത് ഞങ്ങളില്‍ തന്നെ നില്‍ക്കട്ട. ഞങ്ങളുടെ അച്ഛന്‍മാരെയും സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും അതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതില്‍ വ്രണപ്പെട്ട,നല്ലവരും ദയാലുക്കളുമായ തമിഴ് ജനതയോട് ഖേദം പ്രകടിപ്പിക്കുന്നു. എന്റെ ചിത്രങ്ങളിലൂടെയോ എന്റെ വാക്കുകളിലൂടെയോ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ബോധപൂര്‍വം വേദനിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപാര്‍ഹവും ഭീഷണിയുള്ളവയുമാണ് പരാമര്‍ശങ്ങള്‍. അത് അങ്ങനെയാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

A lot of people have brought to my notice that the Prabhakaran joke in Varane Avashyamund is insulting to the Tamizh...

Posted by Dulquer Salmaan on Sunday, April 26, 2020
TAGS :

Next Story