Quantcast

ബഹദൂറിക്ക പറഞ്ഞ ആ തമാശക്ക് എണ്ണ കോരിയൊഴിച്ച് ദിലീപേട്ടനും, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത്; ബഹദൂറിന്റെ ഓര്‍മകളില്‍ ലോഹിതദാസിന്റെ മകന്‍

അവർ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചിൽ അണ പൊട്ടി

MediaOne Logo

Web Desk

  • Published:

    23 May 2020 6:14 AM GMT

ബഹദൂറിക്ക പറഞ്ഞ ആ തമാശക്ക് എണ്ണ  കോരിയൊഴിച്ച് ദിലീപേട്ടനും, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത്; ബഹദൂറിന്റെ ഓര്‍മകളില്‍ ലോഹിതദാസിന്റെ മകന്‍
X

ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഒടുവില്‍ കരയിപ്പിച്ച് പിരിഞ്ഞുപോയ നടനാണ് ബഹദൂര്‍. മേയ് 22ന് ബഹദൂര്‍ മരിച്ചിട്ട് 20 വര്‍ഷം തികയുകയാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ജോക്കറായിരുന്നു ബഹദൂര്‍ അവസാനം അഭിനയിച്ച ചിത്രം. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അബൂക്ക എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബഹദൂറിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നിളയുടെ തീരത്തു ജോക്കറിന്റെ ചിത്രീകരണം നടക്കുന്ന കാലം. വാരാന്ധ്യങ്ങൾക്കു വേണ്ടി കാത്തിരുന്നു ഞാനും ചക്കരയും. സ്കൂൾവിട്ടുവന്ന് നേരെ ചെറുതുരുത്തിയിലെ ലൊക്കേഷനിലേക്കു. അന്നോളം ഇല്ലാത്ത ആവശേമായിരുന്നു ആ യാത്രകൾക്ക്. ഷൂട്ടിംഗ് കാണുവാൻ അല്ല , സർക്കസിലെ ആനയും കുതിരയും പുലിയും സിംഹവും ഒക്കെയാണ് ഞങ്ങളെ ആകർഷിച്ചത്. ആ നാളിൽ ഷൊർണുർ ഗസ്റ്ഹൗസിൽ വച്ചാണ് ആദ്യമായ് ബഹദൂർ ഇക്കയെ കാണുന്നത്. ഒരുപാട് പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ലെങ്കിലും ഇക്കയെ ഞങ്ങൾ തിരിച്ചറിഞ്ഞു. അന്നെല്ലാം അവിടത്തെ ഇടനാഴിയിൽ വെള്ളിത്തിരയിലെ പരിചിത മുഖങ്ങൾ ഒരു പതിവ് കാഴ്ചയായിരുന്നു . ഒരേ സമയം വിവിധ സിനിമകൾക്കു വേണ്ടി പ്രവർത്തിക്കുന്നവർ അവിടെ ഉണ്ടാവുമായിരുന്നു. ഇക്കയെ കണ്ടപ്പോഴും അറിയില്ലായിരുന്നു അച്ഛന്റെ പടത്തിൽ അഭിനയിക്കാൻ വന്നതാണെന്ന്.

മുറിയിൽ ഇരിക്കുന്ന അമ്മയോട് ചെന്ന് പറഞ്ഞു ഒരു പഴയ സിനിമ നടനെ മുകളിൽ വച്ച് കണ്ടു എന്ന് . "ബഹദൂർ ഇക്ക ആയിരിക്കും" അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും അദ്ദേഹത്തിന്റെ പേരെന്തെന്നു അറിയുന്നത്. രാത്രി ഷൂട്ട് കഴിഞ്ഞു അച്ഛൻ വന്നു, അച്ഛന്റെകൂടെയിരുന്നു മുകളിലെ നിലയിലെ ഡൈനിങ്ങ് റൂമിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് , വരാന്തയിലൂടെ ഇക്ക നടന്നു വരുന്നത് കാണാം.

ഇക്ക ഡൈനിങ്ങ് മുറിയിലേക്കു കടന്നു വന്നു, "ഇക്ക കഴിച്ചോ?"..."കഴിച്ചു മോനെ"... ഞങ്ങളോടായി അച്ഛന്റെ അടുത്ത ചോദ്യം, "ഇതാരാന്നു മനസ്സിലായോ?", ഞങ്ങൾ ഇരുവരും തലയാട്ടി. അമ്മയെ പരിചയപ്പെടുത്തി. കോഴിയുടെ കാലുമായി ഞാൻ മല്ലിടുകയായിരുന്നു, ഇക്ക എന്നെ നോക്കി അച്ഛനോട് പറഞ്ഞു "മോനെ , ഇവനെ എനിക്ക് വേണം!!" അച്ഛൻ ചിരിച്ചു. അടുത്ത കണ്ടുമുട്ടലും അതെ ഊണുമുറിയിൽ തന്നെ ആയിരുന്നു, കഴിഞ്ഞ രാത്രിയിലേതെന്ന പോലെ ഇക്ക അങ്ങോട്ടു വരുന്നു, ഞാനും ചക്കരയും അമ്മയും ഭക്ഷണം കഴിക്കുകയാണ് , അച്ഛൻ അതിരാവിലെ ലൊക്കേഷനിലേക്കു പോയിരുന്നു. ഒരു കാരണവരുടെ ഗൗരവത്തോടെ ഇക്ക എന്റെ അടുത്ത് വന്നു ഇരുന്നു, "മോളെ , ഇവനെ ഞാൻ കൊണ്ടുപോവ, എന്റെ മകൾക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാൻ ആണ് "... അമ്മ പൊട്ടിച്ചിരിച്ചു. എനിക്കതിൽ ഒരു തമാശയും തോന്നിയില്ല, എന്ന് മാത്രമല്ല അമ്മയുടെ പ്രതികരണം വല്ലാത്ത വേദനയുണ്ടാക്കി. തന്റെ അനുവാദം കൂടാതെ തന്നെ കൊണ്ടുപോവുകയാണ് അതും കല്യാണം കഴിപ്പിക്കാനായി.. എങ്ങനെ പ്രതികരിക്കണം ഒരു എട്ടുവയസുകാരൻ?

പിന്നീട് കണ്ട ഓരോ മാത്രയിലും ഇക്ക ഇത് ആവർത്തിച്ചു. ഇക്കയും അമ്മയും വലിയ സുഹൃത്തുക്കൾ ആയി മാറി.. എന്റെ മുന്നിൽ വച്ച് ഇക്ക കല്യാണത്തെ പറ്റിയും ഒരുക്കങ്ങളേ പറ്റിയും വാചാലനായി, ആദ്യമിതു പറഞ്ഞപ്പോൾ ഒരു തമാശ ആണെന്ന് എവിടെയോ ഒരു വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ പിന്നീട് ഇക്ക ഇതേക്കുറിച്ചു ഗൗരവത്തോടെ സംസാരിച്ചു തുടങ്ങി " നല്ല സുന്ദരിയാ എന്റെ മോള് , പ്രായം നിന്നേലും കൂടുതലാ, അത് കാര്യമാക്കണ്ട, നിന്നെ ഒരു മകനെ പോലെ നോക്കിക്കോളും...കുളിപ്പിച്ചു തരും, ചോറ് വാരിത്തരും, പാട്ടുപാടി ഉറക്കും "

പറഞ്ഞു പറഞ്ഞു ഇക്ക എന്നെ വിശ്വസിപ്പിച്ചു. പിന്നീടുള്ള വാരാന്ത്യങ്ങളിൽ ലൊക്കേഷനിലേക്കുള്ള യാത്ര കഠിനമായിരുന്നു, ഇതിൽ നിന്ന് ഞാൻ എങ്ങനെ തടിയൂരും? ഇക്കാക്ക് എന്റെ ഉള്ളിൽ ഒരു വില്ലന്റെ പരിവേഷമായി. ആ മുഖത്തു ഒരു വില്ലനെ കണ്ട ആദ്യത്തെയാൾ ഞാനായിരിക്കും.ഇക്കയും ദിലീപേട്ടനും ഒരുമിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുകയാണ്. ഞാൻ ആ പരിസരത്തു നില്പുണ്ട്, ടേക്ക് കഴിഞ്ഞപ്പോൾ ഇക്ക എന്നെ കൈ കാട്ടി വിളിച്ചു, ഞാൻ പതിയെ അടുത്തേക് ചെന്നു. ഇക്ക ദിലീപേട്ടനോട് പറഞ്ഞു "ഇവനെന്റെ മരുമോനാ.. ഇവനെ കൊണ്ട് എന്റെ മകളെ കെട്ടിക്കാൻ പോവാ " .

ദിലീപേട്ടൻ എരിതീയിൽ എണ്ണ തേവി കോരിയൊഴിച്ചു, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത് . അവർ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചിൽ അണ പൊട്ടി . നിസ്സഹായതയുടെയും ഭയത്തിന്റെയും ചുഴിയിൽ ആയിരുന്നു കഴിഞ്ഞ രാത്രികൾ , ഇനി അതിനു കഴിയില്ല . അന്ന് രാത്രി ഞാനതു അച്ഛനോട് പറഞ്ഞു . ചിരിക്കുക മാത്രമാണ് അച്ഛൻ ചെയ്തത്, അല്ലാതെ എങ്ങനെ പ്രതികരിക്കണം? എട്ടുവയസുകാരൻ ആയ മകൻ തനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞു കരയുന്നതു കണ്ട്... എങ്കിലും എന്റെ സംഘർഷം അച്ഛൻ ഗൗരവത്തോടെ എടുത്തു, "ഇക്ക തമാശ പറയണതല്ലേ" ....

ആ ഒരുവാക്ക് എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി. തുടർന്നും ഇക്ക ഇതേ നമ്പർ ആവർത്തിച്ചു, അത് ചിരിയോടെ നേരിടാൻ ഞാൻ പഠിച്ചു . ആ മുഖത്തിനു ഒട്ടും ചേരാത്ത വില്ലൻ പരിവേഷം ഒരു അപ്പൂപ്പന്താടിപോലെ കാറ്റിൽ പറന്നു, ഞാൻ ഇക്കയെ സ്നേഹിച്ചു തുടങ്ങി . ഷൂട്ടിനിടെ ഒരു വിഷുവിനായിരുന്നു ഇക്കയെ അവസാനം കണ്ടത്, പിന്നീട് ചിരിക്കുന്ന ആ മുഖം നേരിൽ കണ്ടിട്ടില്ല, ഗൾഫിൽ നിന്ന് ഇക്ക അമ്മയെ വിളിച്ച് എനിക്ക് ഒരു വാച്ചും അമ്മക്കും ചാകരക്കും മറ്റു എന്തോ സാധനങ്ങളും കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞു .. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ഇക്ക ആശുപത്രിയിൽ ആണെന്നാണ് അറിയുന്നത്, ആ മെയ് 22ന് ആ ചിരിയും മാഞ്ഞു. ഇക്കയുടെ വീട്ടിൽ ചെല്ലുമ്പോൾ കുളിപ്പിക്കലും മറ്റു ചടങ്ങുകളും നടക്കുകയാണ്, പക്ഷേ എന്റെ കണ്ണുകൾ ആ നുണകഥയിലെ സുന്ദരിയെ തേടുകയായിരുന്നു.

TAGS :

Next Story