Quantcast

സത്യം വിളിച്ചുപറഞ്ഞാല്‍ ഭ്രാന്തെന്നും മനോരോഗമെന്നും മുദ്ര കുത്തും, പഴയ മുറിവുകള്‍ ഓര്‍മ വരുന്നു: രവീണ ടണ്ടന്‍

ബോളിവുഡിലെ കരിയര്‍ നശിപ്പിക്കുന്ന ക്യാമ്പുകളെയും വ്യാജ വാര്‍ത്തകളെയും കുറിച്ച് നടി രവീണ ടണ്ടന്‍.

MediaOne Logo

  • Published:

    17 Jun 2020 3:15 AM GMT

സത്യം വിളിച്ചുപറഞ്ഞാല്‍ ഭ്രാന്തെന്നും മനോരോഗമെന്നും മുദ്ര കുത്തും, പഴയ മുറിവുകള്‍ ഓര്‍മ വരുന്നു: രവീണ ടണ്ടന്‍
X

സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിതമായ മരണത്തിന് പിന്നാലെ ബോളിവുഡിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ മേഖലയിലുള്ളവര്‍ തന്നെയാണ് വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളുമായി രംഗത്ത് വരുന്നത് എന്നതാണ് ശ്രദ്ധേയം. ബോളിവുഡിലെ കരിയര്‍ നശിപ്പിക്കുന്ന ക്യാമ്പുകളെയും വ്യാജ മാധ്യമ വാര്‍ത്തകളെയും കുറിച്ച് വെളിപ്പെടുത്തുകയാണ് നടി രവീണ ടണ്ടന്‍.

ബോളിവുഡില്‍ ഒരു പെണ്‍കൂട്ടമുണ്ട്. ഒരു ക്യാമ്പ് തന്നെയുണ്ട്. നായകന്‍മാര്‍ സിനിമയില്‍ നിന്നും പുറത്താക്കുന്നവരെ പരിഹസിക്കുന്ന അവരുടെ കാമുകിമാര്‍. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കരിയര്‍ നശിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കും. ചിലപ്പോള്‍ കരിയര്‍ നശിക്കും. അതിജീവിക്കാനായി പൊരുതും. ചിലര്‍ അതിജീവിക്കും, ചിലര്‍ക്കതിന് കഴിയില്ല. പഴയ മുറിവുകള്‍ തിരിച്ചുവരുന്നുവെന്നും രവീണ ട്വീറ്റ് ചെയ്തു.

സത്യം വിളിച്ചുപറഞ്ഞാല്‍ നുണ പറയുന്നു, ഭ്രാന്താണ്, മനോരോഗിയാണ് എന്നിങ്ങനെ മുദ്രകുത്തപ്പെടും. മാധ്യമ പ്രവര്‍ത്തകര്‍ നിങ്ങളുടെ കഠിനാധ്വാനങ്ങളെല്ലാം ഇല്ലാതാക്കുന്ന വാര്‍ത്തകള്‍ എഴുതി പേജുകള്‍ നിറയ്ക്കും. ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ പിറന്നുവീണിട്ടും.. നല്‍കിയ എല്ലാത്തിനും നന്ദിയുണ്ട്.. പക്ഷേ ചിലര്‍ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം മുഷിച്ചിലുണ്ടാക്കുന്നുവെന്ന് രവീണ വിശദീകരിക്കുന്നു.

ഇതിനുള്ളില്‍ ജനിച്ചവര്‍ക്കും ഇത് സംഭവിക്കാം,, അകത്തുള്ളവര്‍, പുറത്തുള്ളവര്‍ എന്നിങ്ങനെ ചില ആങ്കര്‍മാര്‍ ആഞ്ഞടിക്കുന്നു. അവര്‍ തന്നെ കുഴിച്ചുമൂടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പൊരുതി. വൃത്തികെട്ട രാഷ്ട്രീയം എല്ലായിടത്തമുണ്ട്. സിനിമയെ സ്‌നേഹിക്കുന്നു. പക്ഷേ, സമ്മര്‍ദങ്ങള്‍ കൂടുതലാണ്. നല്ല ആളുകളും മോശം ആളുകളുമുണ്ട്. അതാണ് ലോകം. തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നടക്കാം. നല്ല നാളെയ്ക്കായി പ്രാര്‍ഥിക്കുന്നു- എന്ന് പറഞ്ഞാണ് രവീണ ട്വീറ്റ് അവസാനിപ്പിച്ചത്.

ബോളിവുഡിലെ കോക്കസിനും അവഗണനക്കും കിടമത്സരത്തിനുമെതിരെ നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാതിരുന്ന സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരമോ പ്രതിഫലമോ ലഭിച്ചില്ല എന്നായിരുന്നു നടി കങ്കണ റണാവത്തിന്‍റെ പ്രതികരണം. ഒരാള്‍ മരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന സ്നേഹം കപടമാണെന്നായിരുന്നു നടന്‍ സെയ്ഫ് അലിഖാന്‍റെ പ്രതികരണം. നിശബ്ദമായി ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ബോളിവുഡിലെ ആരും കൂടെ നിന്നിരുന്നില്ലെന്നും സുശാന്തിന്‍റെ സുഹൃത്തും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി വെളിപ്പെടുത്തുകയുണ്ടായി.

TAGS :

Next Story