Quantcast

കേസിന് പിന്നാലെ റിയ മുങ്ങി, റിയയെ മുംബൈ പൊലീസിലെ ചിലർ സഹായിക്കുന്നുവെന്ന് അഭിഭാഷകൻ

സുശാന്തിന്റെ മരണത്തിന് നാല് മാസം മുൻപ് അതായത് ഫെബ്രുവരിയിൽ തന്നെ റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയിരുന്നുവെന്നും അഭിഭാഷകൻ

MediaOne Logo

  • Published:

    30 July 2020 5:42 AM GMT

കേസിന് പിന്നാലെ റിയ മുങ്ങി, റിയയെ മുംബൈ പൊലീസിലെ ചിലർ സഹായിക്കുന്നുവെന്ന് അഭിഭാഷകൻ
X

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ റിയ ചക്രവർത്തി വസതിയിൽ നിന്ന് മാറി. സുശാന്തിന്റെ പിതാവ് കെ കെ സിങിന്റെ പരാതി പ്രകാരം അന്വേഷണത്തിനായി പറ്റ്ന പൊലീസ് മുംബൈയിൽ റിയയുടെ വസതിയിൽ എത്തിയെങ്കിലും കാണാനായില്ല.ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസിനോടും റിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിയ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം റിയയെ മുംബൈ പൊലീസിലെ ചിലർ സഹായിക്കുന്നുണ്ടെന്ന് സുശാന്തിന്റെ കുടുബത്തിന്റെ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു. പറ്റ്ന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്യണമെന്നും കേസ് പറ്റ്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിലധികം എന്ത് തെളിവ് വേണം മുംബൈ പൊലീസ് റിയയെ സഹായിക്കുകയാണ് എന്നതിന് എന്നാണ് അഭിഭാഷകന്റെ ചോദ്യം. സുശാന്തിന്റെ മരണത്തിന് നാല് മാസം മുൻപ് അതായത് ഫെബ്രുവരിയിൽ തന്നെ റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയിരുന്നുവെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ചീത്തകൂട്ടുകെട്ട് സുശാന്തിന് പ്രതികൂലമായി തീരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയതെന്ന് വികാസ് സിങ് പറഞ്ഞു.

സൽമാൻ ഖാൻ, സഞ്ജയ് ​ദത്ത് തുടങ്ങിയവരുടെ കേസുകൾ കെെകാര്യം ചെയ്ത സതീഷ് മനേഷ് ഷിൻഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിൽ റിയയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്. പറ്റ്നയിലെ രാജീവ് ന​ഗറിലാണ് സുശാന്തിന്റെ പിതാവ് കെ കെ സിങ് താമസിക്കുന്നത്. അതുകൊണ്ടാണ് രാജീവ് ന​ഗർ സ്റ്റേഷനിൽ പരാതി നൽകിയത്.

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നാൽപതോളം സിനിമാപ്രവർത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. സംവിധാകനും നിർമാതാവുമായ കരൺ ജോഹറിനെയും ഉടൻ ചോദ്യംചെയ്യും.

TAGS :

Next Story