Top

അക്ഷയ് കുമാറിന്‍റെ ലക്ഷ്മി- ക്ലീഷെകളുടെ ഘോഷയാത്ര

ട്രാന്‍സ്‍ജെന്‍ഡറുകളുടെ ശരീരഭാഷയും പെരുമാറ്റരീതികളും സംബന്ധിച്ച സമൂഹത്തിന്‍റെ വികലമായ പൊതുബോധം അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.

MediaOne Logo

  • Updated:

    2020-11-11 10:49:45.0

Published:

11 Nov 2020 10:49 AM GMT

അക്ഷയ് കുമാറിന്‍റെ ലക്ഷ്മി- ക്ലീഷെകളുടെ ഘോഷയാത്ര
X

ലൈറ്റ് തനിയെ കത്തുന്നു - കെടുന്നു, വാതില്‍ തനിയെ തുറന്നുവരുന്നു - അടഞ്ഞുപോകുന്നു, നിഴലിന്‍റെ രൂപത്തില്‍ വരുന്നു - ആളുകളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു, പൊടുന്നനെ കാറ്റുവീശുന്നു - മഴ പെയ്യുന്നു.. ലക്ഷ്മി എന്ന (നേരത്തെ ലക്ഷ്മി ബോംബ്) അക്ഷയ് കുമാര്‍ സിനിമ കാണുമ്പോള്‍ പ്രേതത്തിന്‍റെ ഈ എന്‍ട്രി എത്ര ഹൊറര്‍ സിനിമകളില്‍ കണ്ടുകഴിഞ്ഞിരിക്കുന്നു, പേടിക്കാനില്ല എന്ന് സ്വയം ആശ്വസിക്കുകയോ നിരാശപ്പെടുകയോ ചെയ്യാം. പ്രേതം പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അറുബോറന്‍ പശ്ചാത്തല സംഗീതം കൂടിയുണ്ട് ലക്ഷ്മിയില്‍. പ്രേതത്തെ പതിവ് വാര്‍പ്പുമാതൃകയില്‍ അവതരിപ്പിച്ചു എന്നത് മാത്രമല്ല ഈ സിനിമയുടെ പ്രശ്നം. ലക്ഷ്മി എന്ന ട്രാന്‍സ് ജെന്‍ഡര്‍ പ്രേതമായി തിരിച്ചെത്തി പ്രതികാരം ചെയ്യുമ്പോള്‍, ട്രാന്‍സ്‍ജെന്‍ഡറുകളുടെ ശരീരഭാഷയും പെരുമാറ്റരീതികളും സംബന്ധിച്ച സമൂഹത്തിന്‍റെ വികലമായ പൊതുബോധം അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.

അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ആസിഫ് ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന, പ്രേതങ്ങള്‍ ഇല്ലെന്നും പ്രേതബാധ ഒഴിപ്പിക്കല്‍ തട്ടിപ്പാണെന്നും ആളുകളെ ബോധവല്‍ക്കരിക്കുന്ന ശാസ്ത്രാവബോധമുള്ള വ്യക്തിയാണ്. പ്രേതം പ്രവേശിച്ച ശരീരങ്ങളെ തല്ലി ഒഴിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന മന്ത്രവാദിയെ ആസിഫ് പൊതുജന മധ്യത്തില്‍ തുറന്നുകാണിക്കുന്നുണ്ട്. ഒന്നു കയ്യടിച്ചേക്കാം എന്ന് തോന്നുന്നിടത്ത് ആസിഫിന്‍റെ 'മാസ്' ഡയലോഗ്.. പ്രേതങ്ങളെ എന്നെങ്കിലും താന്‍ നേരില്‍ കണ്ടാല്‍ കൈകളില്‍ വളകള്‍ ഇടുമെന്ന്.. അതെ അതുതന്നെ. വളകള്‍ - സ്ത്രൈണത - ബലഹീനത - ഭീരുത്വം. നല്ല ഒന്നാന്തരം സ്ത്രീവിരുദ്ധത. ശാസ്ത്രീയമായാണ് ചിന്തിക്കുന്നതെങ്കിലും ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ഇല്ലാത്ത ഈ ശരീരത്തില്‍ പ്രവേശിച്ചാണ് ട്രാന്‍സിജെന്‍ഡര്‍ ലക്ഷ്മിയുടെ പ്രേതം പ്രതികാരം ചെയ്യുന്നത് എന്നതാണ് അടുത്ത വൈരുധ്യം.

പ്രേതത്തിന്‍റെ വരവ് വിളിച്ചറിയിക്കുന്ന ആദ്യ സൂചനകള്‍ കഴിഞ്ഞാല്‍ ആസിഫ് (അക്ഷയ് കുമാര്‍), ഭാര്യ രശ്മി (കിയാര അദ്വാനി) എന്നിവരിലൂടെ കോമഡി ട്രാക്കിലാണ് കഥ പുരോഗമിക്കുന്നത്. മകള്‍ രശ്മി മുസ്‍ലിമിനെ വിവാഹം ചെയ്തതിനാല്‍ മൂന്ന് വര്‍ഷമായി അവളോട് മിണ്ടാത്ത അച്ഛന്‍ സച്ചിന്‍ (രാജേഷ് ശര്‍മ), ഒരു കുപ്പി മദ്യം കഴിച്ചാല്‍ പിന്നെ ഭര്‍ത്താവിന്‍റെ നിലപാടുകളെ ചോദ്യംചെയ്യുന്ന രശ്മിയുടെ അമ്മ (ആയിഷ റാസ). മൂന്ന് വര്‍ഷം കഴിഞ്ഞ് അമ്മ തന്നെ രശ്മിയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു. ആ വീടിന് പതുക്കെ പതുക്കെ ഇരുവരും സ്വീകാര്യരാവുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവരുടെ പ്രണയമോ വിവാഹമോ സിനിമകളില്‍ പോലും സ്വീകാര്യമല്ലാത്ത വിധം അസഹിഷ്ണുത നിറഞ്ഞതാണ് നിലവിലെ സാമൂഹ്യാന്തരീക്ഷം എന്നതാണ് ഈ സീനുകളുടെ പ്രസക്തി. സിനിമ റിലീസ് ആവും മുന്‍പ് ആസിഫ് - രശ്മി എന്ന രണ്ട് പേരുകള്‍ കേട്ടപ്പോള്‍ തന്നെ ലവ് ജിഹാദ് എന്ന സംഘപരിവാര്‍ മുറവിളി ഉയരാന്‍ തുടങ്ങിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കേദാര്‍നാഥ് എന്ന സിനിമ ഇറങ്ങിയപ്പോഴും സമാന അവസ്ഥയായിരുന്നു. ഇത്തരം പ്രതിഷേധ സീരീസില്‍ ഏറ്റവും ഒടുവിലത്തേതാണ് തനിഷ്കിന്‍റെ പരസ്യത്തിന് എതിരെ ഉയര്‍ന്ന കോലാഹലങ്ങള്‍.

സന്തോഷം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നും സിനിമയുടെ ഫോക്കസ് വീണ്ടും പ്രേതത്തിലേക്ക്. രശ്മിയുടെ വീട്ടിലേക്ക് വരുമ്പോള്‍ ഇവര്‍ക്കൊപ്പം ഷാന്‍ എന്ന ആസിഫിന്‍റെ ബന്ധുവായ കൊച്ചുകുട്ടി കൂടിയുണ്ട്. രശ്മിയുടെ സ്വന്തം വീട്ടില്‍ സഹോദരന്‍റെ മകളുമുണ്ട്. എന്നാല്‍ വീട്ടില്‍ അസ്വാഭാവികമായ സംഭവങ്ങള്‍ തുടങ്ങിയത് മുതല്‍ ക്ലൈമാക്സ് വരെ ഈ കുട്ടികളെ സിനിമയില്‍ കാണാനേ ഇല്ല. രാത്രിയിലെ കരച്ചില്‍ ശബ്ദം, തനിയെ ചലിക്കുന്ന കളിപ്പാട്ടം, എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വീട്ടിലെ മുറികളില്‍ കയറിയിറങ്ങുന്നതിനിടെ കുടുംബാംഗങ്ങള്‍ പരസ്പരം കൂട്ടിമുട്ടി പേടിച്ച് നിലവിളിക്കുന്നത്- വീണ്ടും ക്ലീഷെകളുടെ മഹോത്സവം. വീട്ടില്‍ നിന്നും പ്രേതത്തെ പുറത്താക്കാനുള്ള വീട്ടുകാരുടെ ശ്രമം കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത് എങ്കിലും ഫലത്തില്‍ അത്ര കോമഡിയായില്ല.

ആസിഫിലാണ് പ്രേതം പ്രവേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ തിരിച്ചറിയുന്നു. പക്ഷേ ആസിഫ് എന്ന പുരുഷനില്‍ പരകായപ്രവേശം നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ പ്രേതത്തിന്‍റെ ശരീരഭാഷക്ക് ദിലീപിന്‍റെ ചാന്തുപൊട്ടില്‍ നിന്ന് വലിയ വ്യത്യാസമില്ല. പ്രത്യേക രീതിയില്‍ കൈകള്‍ കൊട്ടുന്നതും പല്ല് കടിക്കുന്നതും സ്ത്രൈണതയുടെ അമിതാഭിനയവും ഉള്‍പ്പെടെ ട്രാന്‍സ് ജെന്‍ഡറുകളെ എങ്ങനെയാണോ സിനിമകളില്‍ ഇത്രയും കാലം വികലമായി ചിത്രീകരിച്ചിരുന്നത് അതേ വാര്‍പ്പ് മാതൃകയില്‍ തന്നെയാണ് ലക്ഷ്മിയിലും അവതരിപ്പിച്ചിരിക്കുന്നത്. പ്രതികാരം ചെയ്യാന്‍ വന്ന പ്രേതം ചുവന്ന വളകളിട്ട്, ചുവന്ന സാരി ചുറ്റി, ചുവന്ന പൊട്ട് കുത്തി, ശരീരത്തില്‍ മഞ്ഞള്‍ തേച്ചുപിടിപ്പിച്ച് നടക്കുന്നതാണ് പിന്നീട് കാണുന്നത്. തന്‍റെ വരവിന്‍റെ ഉദ്ദേശം ഒഴിപ്പിക്കാന്‍ വന്നയാളോട് ഒറ്റ ശ്വാസത്തില്‍ പറയുകയാണ് ലക്ഷ്മി. ഫ്ലാഷ് ബാക്കിലെ യഥാര്‍ഥ ലക്ഷ്മിയെ അവതരിപ്പിച്ച ശരദ് കേല്‍ക്കര്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ കേല്‍ക്കര്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് സിനിമയില്‍ അനുവദിച്ചിട്ടുള്ളത്.

നീട്ടിവലിച്ച സബ് പ്ലോട്ടുകള്‍ കഴിഞ്ഞ് ഈ യഥാര്‍ഥ പ്ലോട്ടിലേക്ക് കഥ എത്തുമ്പോഴേക്കും, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്തെല്ലാം അധിക്ഷേപങ്ങളോട് എത്രത്തോളം പൊരുതിയാണ് ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്ന് സൂക്ഷ്മമായി കാണിക്കുന്നതില്‍ ഈ സിനിമ പരാജയപ്പെടുന്നു. പകരം കഥാപാത്രങ്ങള്‍ നടത്തുന്ന പ്രസ്താവനകളാണ് ലക്ഷ്മിയില്‍ നമ്മള്‍ കാണുന്നത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിട്ടും ട്രാന്‍സ്ജെന്‍ഡര്‍ ജീവിതത്തിന്‍റെ ഡിറ്റേയ്‍ലിങ് കാഞ്ചനയില്‍ ഉള്ള അത്രയും പോലും ലക്ഷ്മിയില്‍ ഇല്ല. 9 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പ്രമേയം ചില മാറ്റങ്ങളോടെ ഹിന്ദിയില്‍ എത്തിയപ്പോള്‍, എല്‍.ജി.ബി.ടി വിഭാഗം ഇത്രയും കാലം എന്തിനൊക്കെ വേണ്ടിയാണോ പൊരുതിക്കൊണ്ടിരുന്നത് ആ പോരാട്ടത്തിന്‍റെ രാഷ്ട്രീയം അടയാളപ്പെടുത്തുന്നതില്‍ ലക്ഷ്മി എന്ന സിനിമ പരാജയപ്പെട്ടു.

കാഞ്ചനയില്‍ നിന്ന് ലക്ഷ്മിയില്‍ എത്തിയപ്പോള്‍ സംവിധായകന്‍ രാഘവ ലോറന്‍സ് ചെയ്ത കൌതുകമുള്ള ഒരേയൊരു കാര്യം ഇതാണ്- ബോളിവുഡില്‍ ദേശീയതയുടെ വക്താവായ, ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇന്‍റര്‍വ്യു ചെയ്യാന്‍ മോദി തെരഞ്ഞെടുത്ത, ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് അവകാശപ്പെട്ട അക്ഷയ് കുമാറിനെ കൊണ്ട് ആസിഫ് എന്ന കഥാപാത്രം ചെയ്യിച്ചു എന്നതാണത്. വ്യത്യസ്ത മതങ്ങളില്‍പ്പെടുന്നവര്‍ പ്രണയിക്കുന്നത് തെറ്റ് അല്ലെന്നും മുസ്‍ലിംകളെ അപരവല്‍ക്കരിച്ച് മാറ്റിനിര്‍ത്തേണ്ടതല്ലെന്നും ആസിഫിലൂടെ അക്ഷയ് കുമാറിനെ കൊണ്ട് പറയിച്ചു. അക്ഷയ് കുമാര്‍ എന്ന തങ്ങളുടെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന നടനെ ബഹിഷ്കരിക്കാന്‍, ദേശസ്നേഹികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്തെത്തി എന്നതാണ് ഇതിന്‍റെ അനന്തരഫലം.

TAGS :

Next Story