Quantcast

'തിരക്കഥ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മമ്മൂട്ടി ദൃശ്യം നിരസിക്കാനുള്ള കാരണം ഇതാണ്'; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

വെറും 58 മണിക്കൂറുകൾ കൊണ്ട് 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ് ദൃശ്യം 3

MediaOne Logo

Web Desk

  • Published:

    24 May 2026 2:06 PM IST

തിരക്കഥ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മമ്മൂട്ടി ദൃശ്യം നിരസിക്കാനുള്ള കാരണം ഇതാണ്; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്
X

കൊച്ചി: നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ദൃശ്യം എന്ന ഒറ്റച്ചിത്രം മതി ജീത്തു ജോസഫ് സംവിധായകനെ രേഖപ്പെടുത്താൻ. ഒന്നും രണ്ടും കടന്ന് മൂന്നിലെത്തിയിരിക്കുകയാണ് ദൃശ്യം. വെറും 58 മണിക്കൂറുകൾ കൊണ്ട് 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ് ദൃശ്യം 3. ദൃശ്യത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നും പിന്നീട് അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിട്ടുണ്ടുണ്ട്. മമ്മൂട്ടി ദൃശ്യം വേണ്ടെന്ന് വയ്ക്കാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തിക്കൊണ്ടുള്ള ജീത്തു ജോസഫിന്‍റെ പഴയൊരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

ദൃശ്യത്തിന്‍റെ കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ മറ്റ് ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും ജീത്തു പറയുന്നു. “മമ്മൂട്ടിക്ക് ഇഷ്ടപ്പെടാതിരുന്ന കഥയല്ല ദൃശ്യം. ഞാൻ ഈ കഥ ചെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ഗംഭീര കഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അച്ഛനും കുടുംബവുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകൾ അദ്ദേഹം അപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരേ പാറ്റേണിലുള്ള സിനിമകൾ അടുപ്പിച്ച് ചെയ്യാത്തതിനാൽ, ഒന്നുകിൽ ഒന്നര-രണ്ട് വർഷം കാത്തിരിക്കാനോ അല്ലെങ്കിൽ മറ്റാരെയെങ്കിലും വെച്ച് സിനിമ ചെയ്യാനോ അദ്ദേഹം നിർദ്ദേശിച്ചു” ജീത്തു ജോസഫ് പറഞ്ഞു.

പിന്നീട് മോഹൻലാലിലേക്ക് ഈ പ്രോജക്ട് എത്തിയെങ്കിലും, ചിത്രത്തിന്റെ കാസ്റ്റിംഗിൽ മമ്മൂട്ടി മികച്ച പിന്തുണ നൽകിയിരുന്നതായി ജീത്തു ജോസഫ് ഓർമ്മിക്കുന്നു. മീനയുമായി സിനിമയെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടിയുടെ ഒരു ലൊക്കേഷനിലാണ് ജീത്തു പോയത്. ദൃശ്യം തീർച്ചയായും ചെയ്യേണ്ട ഒരു സിനിമയാണെന്ന് മീനയോട് പറഞ്ഞത് മമ്മൂട്ടിയായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ പൊലീസുകാരനെ അവതരിപ്പിക്കാൻ കലാഭവൻ ഷാജോണിനെയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോൾ, അത് മികച്ച തീരുമാനമാണെന്ന് പറഞ്ഞ് മമ്മൂട്ടി പിന്തുണച്ചു. തന്റെ കാരവാനിൽ വിളിച്ചിരുത്തിയാണ് ദൃശ്യത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചതെന്നും, ഇതൊരു മികച്ച സിനിമയായി മാറണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം മമ്മൂട്ടി പറഞ്ഞിട്ടാണ് താൻ ദൃശ്യത്തിന്‍റെ ഭാഗമാകുന്നതെന്ന് നടി മീന പറഞ്ഞു. ‘‘ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഡ്ഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആന്‍റണിയോട് പറ‍ഞ്ഞു.

ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തെക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എല്ലാം നല്ലതായിരുന്നു, പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാനെന്‍റെ 200 ശതമാനം നൽകിയിട്ടുണ്ട്. പക്ഷേ ഇന്ന് എനിക്കൊരു മകളുണ്ട്. നൂറ് ശതമാനം ഒരു സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ? ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്‍റണി പറഞ്ഞിരുന്നു. അങ്ങനെ ‍ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.’’ മീന കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story