Quantcast

വൈറൽ ഡാൻസ് അങ്ങ് യുഎന്നിലുമെത്തി; നവീനും ജാനകിക്കും അന്താരാഷ്ട്ര പ്രശംസ

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ഹിന്ദു മതമൗലികവാദികളുടെ അധിക്ഷേപങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും ഡാൻസ് ജിഹാദ് ആരോപണങ്ങളെയുമെല്ലാം യുഎന്‍ പ്രത്യേക പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു

MediaOne Logo

Web Desk

  • Published:

    22 Oct 2021 11:13 AM GMT

വൈറൽ ഡാൻസ് അങ്ങ് യുഎന്നിലുമെത്തി; നവീനും ജാനകിക്കും അന്താരാഷ്ട്ര പ്രശംസ
X

സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ വൈറൽ നൃത്തം ഒടുവില്‍ അങ്ങ് യുഎന്നിലുമെത്തി. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകി ഓംകുമാർ, നവീൻ റസാഖ് എന്നിവരുടെ റാസ്പുടിൻ നൃത്തച്ചുവടുകളെയാണ് യുഎൻ പ്രതിനിധി പ്രത്യേകം എടുത്തുപറഞ്ഞു പ്രശംസിച്ചത്.

കഴിഞ്ഞ ദിവസം നടന്ന യുഎൻ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിനിടെയായിരുന്നു മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ ചർച്ചയായത്. യുഎന്നിന്റെ കൾച്ചറൽ റൈറ്റ്‌സ് സ്‌പെഷ്യൽ റാപ്പോർട്ടർ കരീമ ബെന്നൗൺസ് ആണ് വൈറൽ ഡാൻസ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്. സാംസ്‌കാരികമായ കൂടിച്ചേരലുകൾക്കുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

''സാംസ്‌കാരികമായ വേർതിരിവുകളെല്ലാം മാറ്റിനിർത്തി ഒന്നിച്ചു നൃത്തച്ചുവടുകൾ വച്ച രണ്ട് യുവാക്കൾക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ ഹിന്ദു മതമൗലികവാദത്താൽ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമിരയായി രണ്ടുപേരും. ഡാൻസ് ജിഹാദ് ആരോപണങ്ങൾവരെ ഉയരുകയുണ്ടായി''- ബെന്നൗൺസ് ചൂണ്ടിക്കാട്ടി.

ഇനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണവും അവർ പ്രത്യേകം എടുത്തുപറഞ്ഞു പ്രശംസിച്ചു. ഇത് നമ്മുടെയെല്ലാം പ്രതികരണമാകേണ്ടതാണ്. സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടിൽ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അവർ കൂട്ടിച്ചേർത്തു.

ബോണി എം ബാൻഡിന്റെ ലോകപ്രസിദ്ധമായ 'റാ റാ റാസ്പുടിൻ' ഗാനത്തിനു ചുവടുപിടിച്ചായിരുന്നു നവീന്റെയും ജാനകിയുടെയും ഡാൻസ്. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാം റീലായി പങ്കുവച്ചത്. വിഡിയോ നിമിഷനേരങ്ങൾക്കകം രാജ്യാതിർത്തികൾ കടന്ന് തരംഗം സൃഷ്ടിച്ചു. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. മാനന്തവാടി സ്വദേിശിയായ നവീൻ നാലാം വർഷ ബിരുദ വിദ്യാർത്ഥിയും.

TAGS :

Next Story