Quantcast

ക്ലാസിക്കോ വിജയങ്ങളില്‍ റയലിനെ മറികടന്ന് ബാഴ്‍സ

റയലിനെതിരെ ബാഴ്‍സയുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയായിരുന്നു ഇത്. 

MediaOne Logo

Web Desk

  • Published:

    3 March 2019 7:11 AM GMT

ക്ലാസിക്കോ വിജയങ്ങളില്‍ റയലിനെ മറികടന്ന് ബാഴ്‍സ
X

നാല് ദിവസത്തിനിടെ രണ്ടാമതും റയല്‍ മാഡ്രിഡിനെ വെട്ടിവീഴ്‍ത്തിയ ബാഴ്‌സലോണ പുതിയൊരു നേട്ടം കൂടി കൊയ്‍തെടുത്തു. കാല്‍പ്പന്ത് കളിയിലെ ക്ലാസിക്കോ പടയോട്ടങ്ങളില്‍ ജയ പരാജയങ്ങളുടെ പുസ്തകത്താളുകളില്‍ പുതിയൊരു അധ്യായം കൂടിയാണ് ബാഴ്‍സ എഴുതിചേര്‍ത്തത്. എതിരാളിയുടെ തട്ടകത്തില്‍ ബാഴ്‍സ നേടിയ ജയത്തിലൂടെ റയലിന് മേല്‍ വിജയങ്ങളുടെ കാര്യത്തില്‍ മെസിയും കൂട്ടരും ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ക്ലാസിക്കോ മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 96 തവണ വിജയം ബാഴ്‍സയ്ക്കൊപ്പവും 95 വട്ടം വിജയം റയലിനൊപ്പവുമാണ് നിന്നത്. റയലിനെതിരെ ബാഴ്‍സയുടെ തുടര്‍ച്ചയായ നാലാം വിജയം കൂടിയായിരുന്നു ഇത്. 2004 ന് ശേഷം ഇതാദ്യമായാണ് ബാഴ്‍സ റയലിനെതിരെ തുടര്‍ച്ചയായി നാല് ജയം നേടുന്നത്.

റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബാഴ്‌സ ലാ ലിഗയില്‍ പത്ത് പോയിന്‍റ് ലീഡോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോക്ക് 25 കളികളില്‍ നിന്ന് 50 പോയിന്‍റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്‍റാണുള്ളത്. ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ റയല്‍ ഡിഫന്‍റര്‍ സര്‍ജിയോ റാമോസിനെയും ഗോളി കോര്‍ട്ടോയിസിനെയും മറികടന്നുള്ള റാക്കിറ്റിച്ചിന്‍റെ മനോഹരമായ ഗോള്‍. റയലിന്‍റെ അക്രമ ഫുട്ബോള്‍ മുഖമാണ് പലപ്പോഴും സ്വന്തം തട്ടകത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പല തവണയും കയ്യേറ്റത്തിന്‍റെ വക്കു വരെ സാഹചര്യങ്ങള്‍ വഴി വെച്ചു.

ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്‌സ റയലിനെ തറപറ്റിച്ചിരുന്നു. രണ്ടാംപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്‌സയുടെ ജയം. കളിയില്‍ ഉടനീളം ബാഴ്സക്കു തന്നെയായിരുന്നു മുന്‍തൂക്കം. മെസിയെയും സുവാരസിനെയും തളച്ചിടാന്‍ കോര്‍ട്ടോയിസിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു.

TAGS :

Next Story