Quantcast

യാത്രാ വിലക്ക് തുടരുന്നു; ഗള്‍ഫില്‍ കൊവിഡ് ബാധ ആയിരം കവിഞ്ഞു

സൗദിയിൽ 38, യു.എ.ഇയിൽ 15, ഒമാനിൽ 9, കുവൈത്തിൽ 7, ഖത്തറിൽ മൂന്ന്, ബഹ്റൈനിൽ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

MediaOne Logo

Web Desk

  • Published:

    18 March 2020 3:33 AM GMT

യാത്രാ വിലക്ക് തുടരുന്നു; ഗള്‍ഫില്‍ കൊവിഡ് ബാധ ആയിരം കവിഞ്ഞു
X

ഗൾഫിൽ തുടർച്ചയായി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ യാത്രാ, വിസാ വിലക്കുകളും മറ്റു മുൻകരുതൽ നടപടികളും ഊർജിതം. ഇന്നലെ മാത്രം ആറ് ഗൾഫ് രാജ്യങ്ങളിലുമായി 74 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 1185 ആയി.

യു.എ.ഇയിൽ വിസാ വിലക്ക് കൂടുതൽ കർക്കശമാക്കി. ബഹ്റൈനിൽ യാത്രാനിയന്ത്രണം ഇന്ന് പ്രാബല്യത്തിൽ വരും. സൗദിയിൽ 38, യു.എ.ഇയിൽ 15, ഒമാനിൽ 9, കുവൈത്തിൽ 7, ഖത്തറിൽ മൂന്ന്, ബഹ്റൈനിൽ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏതാനും ഇന്ത്യക്കാരും ഉൾപ്പെടും.

രോഗവ്യാപനം തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള തീരുമാനം. യു.എ.ഇയിൽ നേരത്തെ അനുവദിച്ച വിസിറ്റ് ഉൾപ്പെടെ എല്ലാതരം വിസകളും തൽക്കാലം റദ്ദാക്കി. പ്രധാന മാളുകളൂടെ സമയം ഉച്ചക്ക് 12 മുതൽ രാത്രി എട്ടു വരെയായി ചുരുക്കി. ഫ്ലൈ ദുബൈ ഇന്ത്യൻ സർവീസുകൾ നിർത്തി. സൗദിയിലും പള്ളികളിൽ പ്രാർഥന നിർത്തി. ഇരു ഹറമുകൾക്കും വിലക്ക് ബാധകമായിരിക്കില്ല.

ഭക്ഷ്യോൽപന്നങ്ങളും മറ്റും വിൽക്കുന്നവ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. ഒമാനിലും പള്ളികൾ അടക്കാൻ നിർദേശിച്ചു. കടകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ജിമ്മുകൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചു, ഒമാനികളല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കി.

ബഹ്റൈൻ ഇന്നു മുതൽ വിമാന സർവീസുകൾ പരിമിതപ്പെടുത്തും. വിസ ഓൺ അറൈവൽ സംവിധാനം നിലയ്ക്കും. അടുത്ത മൂന്നു മാസത്തെ സ്വദേശികളുടെയും വിദേശികളുടെയും വൈദ്യുതി, ജല ബില്ലുകൾ സർക്കാർ അടക്കുമെന്ന് ബഹ്റൈൻ അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ 430 കോടി ദിനാറിൻെറ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. കർശന നിയന്ത്രണത്തിലൂടെയും കടുത്ത നടപടികളിലൂടെയും രോഗവ്യാപനം തടയാൻ തന്നെയാണ് കുവൈത്തിൻെറ തീരുമാനം.

TAGS :

Next Story