Quantcast

'പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യം'; ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ഒമാൻ സുൽത്താൻ

സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുമെന്ന് നേതാക്കൾ

MediaOne Logo

Web Desk

  • Published:

    12 March 2026 4:28 PM IST

പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യം; ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ഒമാൻ സുൽത്താൻ
X

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സംയുക്ത ശ്രമങ്ങൾക്ക് ഇരുപക്ഷവും മുൻഗണന നൽകും. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് നയതന്ത്ര ചർച്ചകളും സഹകരണവും അനിവാര്യമാണെന്ന് നേതാക്കൾ സംസാരത്തിൽ വ്യക്തമാക്കി.

മധ്യസ്ഥതയുടെയും സമാധാനത്തിന്റെയും പാതയിൽ ഒമാൻ എന്നും ഉറച്ചുനിൽക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് ചർച്ചയിൽ ആവർത്തിച്ചു. ഒമാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് തരത്തിലുള്ള വെല്ലുവിളികളെയും രാജ്യം ശക്തമായി അപലപിക്കുന്നതായും രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ സംയമനവും നയതന്ത്രജ്ഞതയും പാലിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. സമാധാനപരമായ പരിഹാരങ്ങൾക്കായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഒമാൻ തുടരുമെന്നും സുൽത്താൻ വ്യക്തമാക്കി.

TAGS :

Next Story