Quantcast

താങ്ങായി നടന്നവൻ തണൽ തേടുന്നു

സാമൂഹ്യ പ്രവർത്തകൻ സി.കെ പ്രകാശൻ്റെ ചികിത്സാ സഹായത്തിന് മുന്നിട്ടിറങ്ങി പ്രവാസികൾ

MediaOne Logo

Salahu K

  • Published:

    23 July 2021 5:03 AM GMT

താങ്ങായി നടന്നവൻ തണൽ തേടുന്നു
X

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം സലാലയിൽ സമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, കൂത്തു പറമ്പിനടുത്തെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ സി.കെ.പ്രകാശൻ ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ. കഴിഞ്ഞ ഒൿടോബറിൽ കാലിനനുഭവപ്പെട്ട ചൊറിച്ചിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരൾ രോഗം തനിക്ക് ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഷുഗർ ഉണ്ടായിരുന്നവെന്നല്ലാതെ മറ്റൊരു ആരോഗ്യ പ്രശ്നവും അദ്ദേഹത്തെ ഇതുവരെ അലട്ടിയിരുന്നുമില്ല. 2020 നവംബർ അഞ്ചിന് തുടർ ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

കോഴിക്കോട് മിംസിലെ പരിശോധനയിൽ കരൾ സീറോസിസാണെന്ന് മനസ്സിലായി. മരുന്നു കൊണ്ട് സുഖപ്പെടുത്താം എന്ന ഡോക്ടറുടെ പ്രതീക്ഷക്ക് അധികം ആയുസ്സുണ്ടായില്ല. ഇപ്പോൾ കരൾ മാറ്റി വെക്കാനുള്ള ശാസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോൿടർമാർ. ഇതിനുള്ള തുക കണ്ടെത്താനാകെ വിശമിക്കുകയാണീ കുടുംബം. ആദ്യം അഡ്മിറ്റായപ്പോൾ വന്ന മൂന്ന് ലക്ഷം അടുത്തവർ സഹായിച്ച് അടക്കാൻ കഴിഞ്ഞതായും ഇപ്പോൾ ചികിത്സിക്കാൻ പോലും തുകയില്ലാതെ പ്രയാസപ്പെടുകയാണെന്നും ഭാര്യ പ്രസന്ന മീഡിയവണ്ണിനോട് പറഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം നീര് കുത്തിയെടുക്കാൻ ആശുപത്രിയിൽ പോണം , അത് കണ്ണൂരിൽ നിന്നാണ് ചെയ്യുന്നത്

പ്രകാശൻ സലാലയിൽ കാർ സർവ്വീസ് സ്റ്റേഷൻ നടത്തിവരികയായിരുന്നു. നഷ്ടത്തിലായിരുന്ന സ്ഥാപനം സ്പോണസർക്ക് തന്നെ തിരിക നൽകിയിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. സാധാരണ പ്രവാസിയുടേത് പോലെ പണി തീരാത്ത ഒരു വീടാണുള്ളത്. മകൾ പഠിക്കുകയാണ് . മകൻ സുഹ്യത്തിന്റെ സഹായത്തോടെ മൂന്ന് മാസം മുമ്പ് ദുബൈയിലേക്ക് പോയെങ്കിലും ജോലിയൊന്നും ആയിട്ടില്ല.

കൈരളി സലാലയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ജീവകാരുണ്യ വിഭാഗത്തിന്റെ ചാർജ് കൂടി വഹിച്ചിരുന്നു. പ്രയാസപ്പെടുന്നവർക്കായി കൈരളി ഒരുക്കിയ എല്ലാ ഫണ്ട് ശേഖരണത്തിന്റെയും മുന്നിൽ പ്രകാശനെ കാണാൻ കഴിഞ്ഞിരുന്നു. ഒരാൾ ആശുപത്രിയിലായും മരണപ്പെട്ടാലും പ്രകാശനാകും ആദ്യം ഓടിയെത്തുക. അടിസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളിൽ എന്നും മുൻ നിരയിൽ നടന്ന മനുഷ്യ സ്നേഹിയായിരുന്നു പ്രകാശൻ. പ്രവർത്തനങ്ങൾ വ്യൿതിപരമായ എന്തെങ്കിലും പബ്ളിസിറ്റി ആഗ്രഹിച്ചിരുന്നില്ലെന്ന് മാത്രമല്ല വാർത്തയിൽ തന്റെ പേര് വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്ന അപൂർവ്വം സാമൂഹ്യ പ്രവർത്തകരിൽ ഒരാളായിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒരു ഹോബിയായി ഏറ്റെടുത്ത പരസഹായി. സാധാരണ പോലെ സ്വയം ജീവിക്കാൻ മറന്നു പോയ ഒരു പ്രവാസി. നമുക്ക് വേണ്ടി ആളുകളുടെ മുന്നിൽ കൈ നീട്ടിയിരുന്ന പ്രകാശന്റെ ആരോഗ്യം എന്ത് വില കൊടുത്തും തിരിച്ച് പിടിക്കണമെന്ന് വാശിയിലാണ് സലാലയിലെ പ്രവാസികൾ .

കൈരളി അതിന് മുന്നിൽ തന്നെയുണ്ട്. പ്രകാശൻ ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ മുൻ മന്ത്രി കെ.കെ.ഷൈലജ ടീച്ചറുടെ നേത്യത്വത്തിലും സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും, ചികിത്സക്ക് ആവശ്യമായ ഭീമമായ തുക അവരെയും അലട്ടുന്നുണ്ട്. എന്നിരുന്നാലും പ്രവാസികൾ ഒറ്റക്കെട്ടായി അത് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശന്റെ കുടുംബം. കൂടുതൽ വിവരങ്ങൾക്ക് 0096899098715

Next Story