ഖത്തർ ത്രൂ യുവർ ലെൻസ് ഫോട്ടോഗ്രഫി പുരസ്കാരം തൂക്കി മലയാളികൾ
വീഡിയോ വിഭാഗത്തിൽ ആദ്യ അഞ്ചിൽ നാല് സ്ഥാനവും മലയാളികൾക്ക്

ദോഹ: ടൂറിസം വകുപ്പിന് കീഴിലെ മാർക്കറ്റിങ് വിഭാഗമായ വിസിറ്റ് ഖത്തർ, കണ്ടന്റ് ക്രിയേറ്റർമാർക്കായി നടത്തിയ ഖത്തർ ത്രൂ യുവർ ലെൻസ് മത്സരത്തിൽ മലയാളിത്തിളക്കം. വീഡിയോ വിഭാഗത്തിൽ ആദ്യ അഞ്ചിൽ നാലു സ്ഥാനങ്ങളും മലയാളികൾ സ്വന്തമാക്കി. ഫോട്ടോഗ്രഫി വിഭാഗത്തിലും ഒരു മലയാളി ഇടം പിടിച്ചു. വീഡിയോ വിഭാഗത്തിൽ തലശ്ശേരി പാനൂർ സ്വദേശി മിദിലാജ് കരീമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഒന്നര ലക്ഷം ഖത്തർ റിയാൽ, അഥവാ 39 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക.
കോട്ടയം ഏറ്റുമാനൂർ സാജൻ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും തൃശൂർ വലപ്പാട് സ്വദേശി സഈദ് ഖാലിദ് നാലാം സ്ഥാനവും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം റിയാലും നാലാം സ്ഥാനത്തിന് മുപ്പതിനായിരം റിയാലുമാണ് സമ്മാനത്തുക. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മുഹമ്മദ് സിയാൻ അഞ്ചാം സ്ഥാനം സ്വന്തമാക്കി. ഫോട്ടോഗ്രഫി വിഭാഗത്തിൽ ഫാരിസ് എംപി ഒമ്പതാം സ്ഥാനം നേടി. 1300ലേറെ എൻട്രികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
മുപ്പതു മുതൽ അറുപത് സെക്കന്റ് വരെ ദൈർഘ്യമുള്ള വീഡിയോ, ഖത്തറിന്റെ അനന്യത വിളിച്ചോതുന്ന ചിത്രങ്ങൾ എന്നിവയാണ് മത്സരത്തിനായി സമർപ്പിക്കേണ്ടിയിരുന്നത്. വൗച്ചറുകൾ അടക്കം ആകെ ആറു ലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. 2025 ഒക്ടോബർ 1 മുതൽ ഡിസംബർ 20 വരെയായിരുന്നു എൻട്രികൾ സമർപ്പിക്കാനുള്ള സമയം. രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും ഒരുപോലെ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.
Adjust Story Font
16

