Quantcast

റിയാദിലെ തആവുൻ, ഇസ്തിഹാർ പാർപ്പിട മേഖലകളിൽ സൗജന്യ പാർക്കിങ്; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

റിയാദ് പാർക്കിങ് ആപ്പിലൂടെ മേഖലയിൽ താമസിക്കുന്നവർക്ക് പെർമിറ്റ് സ്വന്തമാക്കാം

MediaOne Logo

Web Desk

  • Updated:

    2026-05-22 14:14:08.0

Published:

22 May 2026 7:07 PM IST

Expanding managed parking areas to Al Taawun and Al Azdehar neighborhoods in Riyadh
X

റിയാദ്: പാർപ്പിട മേഖലകളിൽ വാഹനങ്ങളുടെ അശാസ്ത്രീയമായ പാർക്കിങ് തടയുന്നതിനായുള്ള 'റിയാദ് പാർക്കിങ്' പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഞായറാഴ്ച മുതൽ അൽ തആവുൻ, അൽ ഇസ്തിഹാർ എന്നീ ജനവാസ മേഖലകളിൽ കൂടി നിയന്ത്രിത സൗജന്യ പാർക്കിങ് സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ രണ്ട് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ റിയാദിൽ നിയന്ത്രിത പാർക്കിങ് പദ്ധതിക്ക് കീഴിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കിങ് അബ്ദുല്ല റോഡ്, അബൂബക്കർ സിദ്ദീഖ് റോഡ് എന്നിവയ്ക്കടുത്തുള്ള പ്രദേശമാണ് അൽ തആവുൻ. ഇമാം സൗദ് ബിൻ അബ്ദുൽ അസീസ് റോഡിനും ഈസ്റ്റ് റിങ് റോഡിനും സമീപമുള്ള മേഖലയാണ് അൽ ഇസ്തിഹാർ.

അൽവുറൂദ്, റഹ്മാനിയ, അൽമുറൂജ്, അൽഉൽയാ, അൽസുലൈമാനിയ, അൽമുഹമ്മദിയ തുടങ്ങിയ മുൻനിര കേന്ദ്രങ്ങളിൽ ഇതിനകം തന്നെ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ പാർക്കിങ് നിയന്ത്രണങ്ങൾ പൂർണമായും സൗജന്യമാണെന്നും താമസക്കാരിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ലെന്നും റിയാദ് പാർക്കിങ് അതോറിറ്റി വ്യക്തമാക്കി. റിയാദ് പാർക്കിങ് ആപ്ലിക്കേഷൻ വഴി താമസക്കാർക്ക് തങ്ങൾക്കും തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്കൾ, മക്കൾ) സന്ദർശകർക്കുമായി അൺലിമിറ്റഡ് പെർമിറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഒരു വർഷമായിരിക്കും ഈ പെർമിറ്റിന്റെ കാലാവധി. അതേ സമയം താമസക്കാരും അവരുടെ ബന്ധുക്കളും അല്ലാത്തവരിൽ നിന്ന് പാർക്കിങ് ഫീ ഈടാക്കും.

വാണിജ്യ മേഖലകളിലെ തെരുവുകളിൽ നിന്നുള്ള വാഹനങ്ങൾ പാർപ്പിട മേഖലകളിലേക്ക് വൻതോതിൽ അതിക്രമിച്ചു കയറുന്നത് തടയാനും പ്രദേശവാസികൾക്കും അവരുടെ സന്ദർശകർക്കും പാർക്കിങ് മുൻഗണന ഉറപ്പാക്കാനുമാണ് ഈ നടപടി. നിലവിൽ വിവിധ മേഖലകളിലായി 90,000-ത്തിലധികം പെർമിറ്റുകൾ അനുവദിച്ചുകഴിഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾക്ക് നിർദേശങ്ങളും മൂന്ന് തവണ റിമൈൻഡർ എസ്.എം.എസ് സന്ദേശങ്ങളും അയച്ച് ബോധവൽക്കരണം പൂർത്തിയാക്കി. ഞായറാഴ്ച മുതൽ പാർക്കിങ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ വാഹനങ്ങൾ രംഗത്തുണ്ടാകും. റോഡരികിലെ അലക്ഷ്യമായ പാർക്കിങ് ഒഴിവാക്കാനും നഗരസൗന്ദര്യം നിലനിർത്താനും പൊതുജനങ്ങൾ ഈ നിയമങ്ങളോട് സഹകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

TAGS :

Next Story