Quantcast

ഗൾഫ്-യൂറോപ്പ് റെയിൽപാത: കൈകോർത്ത് സൗദിയും തുർക്കിയും, ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും

തുർക്കി-സിറിയ-ജോർദാൻ റെയിൽ പദ്ധതിക്ക് കരുത്താകുന്നതാണ് പുതിയ സൗദി പങ്കാളിത്തം

MediaOne Logo

Web Desk

  • Updated:

    2026-06-09 17:57:08

Published:

9 Jun 2026 11:25 PM IST

ഗൾഫ്-യൂറോപ്പ് റെയിൽപാത: കൈകോർത്ത് സൗദിയും തുർക്കിയും, ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും
X

മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത പാതകളുടെ വികസനത്തിന് വഴിതുറന്ന് സൗദിയും തുർക്കിയും തമ്മിൽ നിർണായക കരാർ ഒപ്പുവെച്ചു. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസറും തുർക്കി ഗതാഗത മന്ത്രി അബ്ദുൽകാദിർ ഉറലോഗ്ലുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയിൽവേ, ലോജിസ്റ്റിക്‌സ് മേഖലകളിലെ സഹകരണത്തിനായുള്ള നിർണായക കരാറുകൾ യാഥാർഥ്യമായത്. ഗൾഫ് രാജ്യങ്ങളെയും യൂറോപ്പിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ കരഗതാഗത ശൃംഖലയുടെ തുടക്കമാണിതെന്ന് തുർക്കി മന്ത്രി വ്യക്തമാക്കി. മേഖലയിലെ വ്യാപാര വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കരാറുകൾ വലിയ വേഗത നൽകുമെന്നും, അതിർത്തികൾ കടന്നുള്ള ഈ റെയിൽ ശൃംഖല സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.

തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ നേരത്തെ ഒപ്പുവെച്ച റെയിൽവേ പുനരുദ്ധാരണ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. യുദ്ധവും ആഭ്യന്തര പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന സിറിയൻ അതിർത്തിയിലെ റെയിൽപ്പാതകൾ തുർക്കി ഇതിനകം തന്നെ വീണ്ടും സജീവമാക്കിത്തുടങ്ങിയിട്ടുണ്ട്. ഏകദേശം 550 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതിയിലൂടെ യൂറോപ്പിൽ നിന്നുള്ള റെയിൽ ശൃംഖലകൾ തുർക്കി വഴി സിറിയയിലെ ആലപ്പോ, ഡമസ്‌കസ് നഗരങ്ങളിലേക്കും അവിടെനിന്ന് ജോർദാൻ തലസ്ഥാനമായ അമ്മാൻ വഴി ചെങ്കടലിലെ അഖബ തുറമുഖത്തിലേക്കും നീളും. ഗൾഫും യൂറോപ്പും തമ്മിലുള്ള ചരക്കുനീക്കത്തിന്റെ സമയവും ചെലവും പകുതിയിലധികമായി കുറയ്ക്കാൻ സഹായിക്കുന്ന ഈ റെയിൽപാത മിഡിൽ ഈസ്റ്റിന്റെ സാമ്പത്തിക മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതും.

Next Story