ഹജ്ജ്: സൽമാൻ രാജാവിന്റെ അതിഥികളായി 2,500 തീർഥാടകർ മക്കയിലെത്തി
ഇവർക്കായി വിമാനത്താവളം മുതൽ താമസയിടങ്ങൾ വരെ ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക അതിഥികളായി എത്തിയ തീർഥാടകരുടെ വരവ് പൂർത്തിയായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 2,500 പേരാണ് ഇതിനകം മക്കയിൽ എത്തിച്ചേർന്നത്. ഇവർക്കായി വിമാനത്താവളം മുതൽ താമസയിടങ്ങൾ വരെ ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൗദിയുടെ ഔദ്യോഗിക അതിഥികളായ തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുന്നത് വരെ കൃത്യമായ പരിചരണവും സുരക്ഷയും മന്ത്രാലയം ഉറപ്പുനൽകുന്നുണ്ട്.
സുഗമമായ തീർഥാടനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വിലയിരുത്താൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘം നേരിട്ട് ഫീൽഡ് പരിശോധന നടത്തി. തീർഥാടകർ താമസിക്കുന്ന ഹോട്ടലുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, ഡൈനിംഗ് ഹാളുകൾ എന്നിവ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ സുപ്രീം കമ്മിറ്റി തലവൻ സുൽത്താൻ അൽ മസ്‌റൂഅ് സന്ദർശിച്ചു. തീർഥാടകർക്കായി ഒരുക്കിയ സാംസ്‌കാരിക, ബോധവൽക്കരണ പരിപാടികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് അതിഥികൾക്കായി ഈ വിപുലമായ സേവനങ്ങൾ ഒരുക്കിയത്.
Adjust Story Font
16

