ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ 22,000 ജീവനക്കാരും 3,000 വാഹനങ്ങളും സജ്ജമാക്കി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം
വന വകുപ്പ് മന്ത്രി മാജിദ് അൽ ഹുഖൈലിന്റെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്

റിയാദ്: ഹജ്ജ് തീർഥാടകർക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ 22,000-ത്തിലധികം ജീവനക്കാരെയും 3,000-ത്തിലധികം ആധുനിക വാഹനങ്ങളെയും സജ്ജമാക്കിയതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു. ഭവന വകുപ്പ് മന്ത്രി മാജിദ് അൽ ഹുഖൈലിന്റെ മേൽനോട്ടത്തിലാണ് മക്ക മുനിസിപ്പാലിറ്റിയുടെ കീഴിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ മൊബൈൽ ലബോറട്ടറികൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റസാസ്മ പറഞ്ഞു. ഇവയിലൂടെ പ്രതിദിനം 1,300 സാമ്പിളുകൾ പരിശോധിക്കും. അതായത് ഓരോ മിനിറ്റിലും ഒരു സാമ്പിൾ വീതം പരിശോധിച്ച് ഉറപ്പുവരുത്തും. തീർഥാടകർക്ക് യാതൊരുവിധ ആശങ്കയുമില്ലാതെ സുരക്ഷിതമായി കർമങ്ങൾ അനുഷ്ഠിക്കാൻ വേണ്ടിയാണ് ഈ കടുത്ത ജാഗ്രത.
ഓരോ പുണ്യസ്ഥലത്തുമായി 3,000-ത്തിലധികം ശുചീകരണ തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ശരാശരി 76 തീർഥാടകർക്ക് ഒരു ശുചീകരണ യൂണിറ്റ് എന്ന തോതിലാണ് ക്രമീകരണം. ഭൂഗർഭ മാലിന്യ സംഭരണികൾ, കംപ്രസ്സർ യൂണിറ്റുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ശുചിത്വം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി ആരോഗ്യം എന്നിവ ഉറപ്പാക്കാനുള്ള ദൈനംദിന മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്.
പുണ്യസ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ, കംപ്രസ്സർ യൂണിറ്റുകൾ, ചരക്ക് കണ്ടെയ്നറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 88,000 ശുചീകരണ ഘടകങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹജ്ജ് സീസണിൽ 250 ടണ്ണിലധികം മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ ഫീൽഡ് ടീമുകൾ നേരിട്ട് ശേഖരിച്ച് അംഗീകൃത നിർദേശങ്ങൾക്കനുസരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
പരിസ്ഥിതി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി, തീർഥാടകർ എത്തുന്നതിന് 12 മുതൽ 24 മണിക്കൂർ മുൻപ് തന്നെ അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ സമഗ്രമായ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യാവസ്ഥയ്ക്ക് ഭീഷണിയാകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കി സുരക്ഷിതമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി 3,000-ത്തിലധികം ജീവനക്കാരെയാണ് ഈ മേഖലയിൽ മാത്രം നിയോഗിച്ചിട്ടുള്ളത്.
Adjust Story Font
16

