ജിദ്ദയിൽ അനധികൃത പലഹാര നിർമാണ കേന്ദ്രത്തിന് പൂട്ട്; 20 ടൺ കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
പലഹാരങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കൾ ഭൂരിഭാഗവും ജീർണിച്ച നിലയിലായിരുന്നു

ജിദ്ദ: ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക് പൂട്ട്. ജിദ്ദ മുനിസിപ്പാലിറ്റി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. പരിശോധനയിൽ കേന്ദ്രത്തിൽ നിന്നും 20 ടൺ കേടായ ഭക്ഷണവും പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും യാതൊരുവിധ നിബന്ധനകളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലാണ് അതീവ ദയനീയമായ സാഹചര്യത്തിൽ ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് നെഗറ്റീവ് ഫിനോമിന മോണിറ്ററിങ് ആന്റ് അഡ്രസ്സിങ് വിഭാഗം ഡയറക്ടർ ജനറൽ യാസർ ബിൻ സിറാജ് ബക്ഷ് വ്യക്തമാക്കി. പലഹാരങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കൾ ഭൂരിഭാഗവും ജീർണിച്ച നിലയിലായിരുന്നു. പല ഭക്ഷ്യസാധനങ്ങളും കടുത്ത സൂര്യപ്രകാശത്തിന് താഴെ തുറസ്സായ രീതിയിലാണ് സൂക്ഷിച്ചിരുന്നത്. മിഠായികളും പേസ്ട്രികളും തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും പൂർണമായും ഉപയോഗശൂന്യവും വൃത്തിഹീനവുമായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി.
ജനവാസ മേഖലയിലെ കെട്ടിടത്തിനുള്ളിൽ ലൈസൻസുകളോ ഹെൽത്ത് കാർഡുകളോ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഫാക്ടറിക്കുള്ളിൽ കണ്ടെത്തിയ മുഴുവൻ ഭക്ഷ്യവസ്തുക്കളും കഴിക്കാൻ കൊള്ളാത്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുനിസിപ്പാലിറ്റി സംഘം ഇവ പൂർണമായി നശിപ്പിച്ചത്. ഇതോടൊപ്പം നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കുകയും, സ്ഥാപനം പൂർണമായി പൂട്ടി സീൽ ചെയ്യുകയും ചെയ്തു. നിയമലംഘനം നടത്തിയവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

