മിന, അറഫ, മുസ്ദലിഫ യാത്ര; ഹാജിമാർക്കായി 24,000 ബസുകൾ
ഇന്ന് വൈകീട്ട് യാത്ര ആരംഭിക്കും

റിയാദ്: തീർഥാടകരുടെ സുരക്ഷിത യാത്രക്കായി മക്കയിലെ ബസ് ഡിപ്പോകളിൽ 24,000 ത്തിലധികം ബസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജനറൽ ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ഹജ്ജ് തീർഥാടകരുടെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഒരുക്കങ്ങൾ.
ഹജ്ജ് സീസണിനായി 33,000 ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും, സീസണിലുടനീളം യാത്രാ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തന മേൽനോട്ട പ്ലാനിന്റെ ഭാഗമായാണ് ഈ നടപടി.
പദ്ധതി പ്രകാരം നഗരങ്ങൾക്കിടയിലുള്ള യാത്രക്കായി 32 റൂട്ടുകളിലായി 139 ബസുകൾ സർവീസ് നടത്തും. പ്രതിവാരം 1,139 ലധികം സർവീസുകളാണ് ഇവ നടത്തുക. ഇത് സൗദിയിലെ വിവിധ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും, വിവിധ പ്രവേശന കവാടങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും സഹായിക്കും.
അംഗീകൃത നിരക്കുകളിലും കർശനമായ നിയന്ത്രണ മേൽനോട്ട വ്യവസ്ഥകൾക്ക് വിധേയമായും വിവിധ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം, പുണ്യസ്ഥലങ്ങളും മക്കയിലെ പ്രധാന കേന്ദ്രങ്ങളും തമ്മിലുള്ള സുരക്ഷിതവും വ്യവസ്ഥാപിതവുമായ ഗതാഗതം സാധ്യമാക്കാൻ ഈ സംയോജിത പ്രവർത്തനങ്ങളിലൂടെ സാധിക്കും.
Adjust Story Font
16

