Top

ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 3,570 ഇന്ത്യക്കാർ

വിദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന്​ മന്ത്രി വി. മുരളീധര​ൻ. വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ്​ മന്ത്രിയുടെ വിചിത്ര മറുപടി

MediaOne Logo

Web Desk

  • Updated:

    2021-07-22 18:23:57.0

Published:

22 July 2021 6:23 PM GMT

ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 3,570 ഇന്ത്യക്കാർ
X

ഗൾഫ്​ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇവരിൽ 3,280 പേരും ഗൾഫിലാണ്​ മരിച്ചത്​​. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്​ സൗദി ​അറേബ്യയിലാണ്​. അതിനിടെ, വിദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന്​ മന്ത്രി വി. മുരളീധര​ൻ. വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ്​ മന്ത്രിയുടെ വിചിത്ര മറുപടി.

പി.വി അബ്​ദുൽ വഹാബ്​ എം.പിയുടെ ചോദ്യത്തിന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രേഖാമൂലം നൽകിയ മറുപടിയിലാണ്​ വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം വ്യക്​തമാക്കുന്നത്​. ഗൾഫ്​ ഉൾപ്പെടെ പുറംരാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന്​ ചോദ്യത്തിന്​ കൃത്യമായ ഉത്തരം ഇതുവരെയും ലഭിച്ചിരുന്നില്ല. വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ മുഖേന ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും മറുപടിയിൽ മന്ത്രി മുരളീധരൻ വിശദീകരിക്കുന്നു .

1154 പേരാണ്​ സൗദി അറേബ്യയിൽ മാത്രം കോവിഡ്​ ബാധിച്ചു മരിച്ച ഇന്ത്യക്കാർ. യു.എ.ഇയാണ്​ തൊ​ട്ടു ചുവടെ. 894 ​ഇന്ത്യക്കാരാണ്​ യു.എ.ഇയിൽ മരിച്ചത്​. കുവൈത്തിൽ 546 മരണം റിപ്പോർട്ട്​ ചെയ്​തു. ഒമാനിൽ 384ഉം ബഹ്​റൈനിൽ 196ഉം ഖത്തറിൽ 106ഉം ഇന്ത്യക്കാർ കോവിഡ്​ ബാധിച്ചു മരിച്ചുവെന്നാണ്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്​. ഗൾഫ്​ മാറ്റി നിർത്തിയാൽ 290 പേർ മാത്രമാണ്​ മറ്റു വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ചു മരിച്ചത്​. 31 പേർ മരിച്ച നൈജീരിയയാണ്​ ഈ പട്ടികയിൽ മുന്നിൽ.

കോവിഡ്​ മൂലം വിദേശത്തു മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഏതെങ്കിലും അർഥത്തിലുള്ള ധനസഹായം നൽകാൻ പദ്ധതിയുണ്ടോ എന്ന പി.വി അബ്​ദുൽ വഹാബിന്‍റെ ചോദ്യത്തിന്​ വിചിത്രമായ മറുപടിയാണ്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി നൽകിയത്​. ആവശ്യപ്പെട്ട കേസുകളിൽ മൃതദേഹം നാട്ടിലെത്തിക്കാനോ അതതിടങ്ങളിൽ സംസ്​കരിക്കാനോ ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയിൽനിന്ന്​ സഹായം നൽകിയെന്നാണ്​ മറുപടി. കോവിഡ്​ മരണവുമായി ബന്ധപ്പെട്ട്​ മൃതദേഹ​​ങ്ങൾ അതത്​ വിദേശ​ രാജ്യങ്ങളിൽ തന്നെ സംസ്​കരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഗൾഫ്​ രാജ്യങ്ങളിൽ സർക്കാർ ചെലവിൽ തന്നെയാണ്​ മൃതദേഹ​സംസ്​കരണം നടന്നതും.

TAGS :

Next Story