ഹോക്കി ലോകകപ്പ്; ഇന്ത്യ പൂര്‍ണ സജ്ജം, ലക്ഷ്യം ചരിത്ര വിജയമെന്ന് കോച്ച്
ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ് നെതര്‍ലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്

ഇന്ത്യയിലെ 1.3 ബില്യന്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ടീം തയ്യാറായിരിക്കുന്നതായി ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ ഹരേന്ദ്ര സിംഗ്. ലോകകപ്പ് പോരാട്ടത്തില്‍ വ്യാഴാഴ്ച്ച നെതര്‍ലാന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീം, വെല്ലുവിളി ഏറ്റെടുക്കാന്‍ പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ് നെതര്‍ലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്.

ലോക റാങ്കിംഗില്‍ അഞ്ചാമതാണ് ഇന്ത്യയെങ്കില്‍, നലാം സ്ഥാനത്താണ് ഡച്ച് പട. ടീം മാനസികമായും, കായികമായും സജ്ജമാണെന്ന് സിംഗ് പറഞ്ഞു. 1.3 ശതകോടി ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ അത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. മികച്ച തയ്യാറെടുപ്പാണ് ടീം നടത്തിയിട്ടുള്ളതെന്നും ഹരേന്ദ്ര സിംഗ് പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ ഇന്ത്യക്ക് നെതര്‍ലാന്‍ഡിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചരിത്രം വെറും ചരിത്രം മാത്രമാണെന്നും, അത് വെറുതെ വായിച്ച് പോവാനുള്ളതാണെന്നും സിംഗ് പറഞ്ഞു.

വളരെ തയ്യാറെടുപ്പോടെയാണ് ഡച്ചുകാര്‍ വന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യ ചരിത്രം രചിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മികച്ച ടീമുമായും നാം ഏറ്റുമുട്ടണം. അതാണ് ലോകകപ്പെന്നും ഹരേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയെ പോലെ തന്നെ അറ്റാക്കിങ് ഹോക്കി കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നെതര്‍ലാന്‍ഡ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടീം വലിയ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ മാന്‍പ്രീത് സിംഗ് പറഞ്ഞു. ചരിത്രം സൃഷ്ടിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16