കഴിഞ്ഞ വർഷത്തെ സുവർണ്ണ ചകോരത്തിലേക്കൊരു തിരിച്ച് പോക്ക്...എന്ത് കൊണ്ട് വാജിബ് ?

MediaOne Logo

റോഷിന്‍ രാഘവന്‍

  • Updated:

    2018-12-12 09:57:55.0

Published:

12 Dec 2018 9:57 AM GMT

കഴിഞ്ഞ വർഷത്തെ സുവർണ്ണ ചകോരത്തിലേക്കൊരു തിരിച്ച് പോക്ക്...എന്ത് കൊണ്ട് വാജിബ് ?
X

ഇരുപത്തിമൂന്നാമത് ഐ.എഫ്.എഫ്.കെ അതിന്റെ അവസാന ദിവസങ്ങളിലാണ്. നാളെ അവസാനിക്കാനിരിക്കുന്ന മേളയിൽ സുവർണ്ണ ചകോരത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. 14 ചിത്രങ്ങളിൽ ഏത് സുവർണ്ണ ചകോരം നേടുമെന്നതിന്റെ ചർച്ചകളാണ് ഐ.എഫ്.എഫ്.കെയിൽ ചൂട് പിടിക്കുന്നത്. ആയതിനാൽ കഴിഞ്ഞ വർഷത്തെ സ്ഥിതി എന്തെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വർഷം സുവർണ്ണ ചകോരം നേടിയത് ആൻമരിയ ജാസിൻ സംവിധാനം നിർവഹിച്ച വാജിബിനാണ്. പൊതുവെ സറ്റയറിക്കലായി കഥപറഞ്ഞ് പോയ വാജിബിനെ ഒന്ന് കൂടി പരിശോധിക്കുന്നത് ഇത്തവണത്തെ സാധ്യതകളുടെ ഒരു നേർചിത്രം നൽകുമായിരിക്കാം.

എന്താണ് വാജിബ്? എന്തുകൊണ്ടു വാജിബ്?

ഖുർആനിൽ പറയുന്നത് പ്രകാരം ഇസ്‌ലാം മതത്തിൽ വിശ്വാസമർപ്പിക്കുന്ന ഓരോ വ്യക്തിയും നിർബന്ധമായും ജീവിതത്തില്‍‍ ചെയ്തിരിക്കേണ്ട കാര്യങ്ങളെയാണ് ഫർദ്ദ്‌ എന്ന് വിളിക്കപ്പെടുന്നത്. ഫർദ്ദ്‌ കൃത്യമായി നിറവേറ്റുന്ന മനുഷ്യർക്ക് അള്ളാഹു ഥവാബ്‌ (പ്രതിഫലം) നൽകുമെന്നാണ് വിശ്വാസം. എങ്കിൽ മറ്റൊരു വിഭാഗം എന്നത് ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതും ചെയ്താൽ ഥവാബ്‌ ലഭിക്കുന്നതുമായ കര്‍മ്മങ്ങളെ ഐഛികം (സുന്നത്ത്) എന്നും പറയുന്നു. വിശ്വാസങ്ങളിലെ കഥകൾ ഇനിയുമുണ്ട്. ഇനി കഥയിലെ വിശ്വാസങ്ങളെ കുറിച് ചർച്ച ചെയ്യാം. എന്തെന്നാൽ ജീവിതത്തിലെ വിശ്വാസവും അവിശ്വാസവും യാഥാർഥ്യങ്ങളും അയാഥാർഥ്യങ്ങളും തമ്മിലുള്ള സംവാദങ്ങളാണ് ആൻ മരിയ ജാസിർ സംവിധാനം ചെയ്ത വാജിബ് എന്ന ചിത്രം.

ആദർശവാദങ്ങളും പ്രായോഗികതകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് വാജിബ്. സ്വന്തമായി ആദര്‍ശങ്ങളുള്ള, ഫലസ്തീനിൽ നിന്നും വിദേശത്തേക്കു കുടിയേറിപ്പാർത്ത ഷാദി എന്ന യുവാവ് തന്റെ സഹോദരിയുടെ വിവാഹത്തിനായി സ്വന്തം നാടായ നസ്‌റത്തിലേക്ക് തിരികെ വരുന്ന സാഹചര്യത്തിലൂടെയാണ് കഥയുടെ പുരോഗമനം. ഭാര്യയുമായി വേർപ്പെട്ടിരിക്കുന്ന തന്റെ പിതാവായ അബു ഷഡിയുമൊത്ത്‌ ഷാദി സഹോദരിയുടെ കല്യാണം ക്ഷണിക്കാനായി ബന്ധു മിത്രാതികളുടെ വീടുകളിലേക്ക് ഒരു പഴയ വോൾവോ കാറിൽ യാത്ര തീരിക്കുകയാണ്. മത പ്രായോഗികതയുടെ വിശ്വാസിയായ അച്ഛന്റെ ചിന്തകൾക് എതിരെ ചിന്തിക്കുന്ന, സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന ഷാദി അച്ഛനുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നു. വാക്കുകളുടെ ശക്തിയെ കൂട്ടുപിടിച്ചു, ഈ ഏറ്റുമുട്ടലിലൂടെ ഇസ്രായേലിൽ ജീവിക്കുന്ന ഫലസ്തീൻ അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ സംവിധായിക ഒരു 'സർകാസ്റ്റിക് ഫോർമുല ' ഉപയോഗിച്ചു തുറന്നു കാണിക്കുകയാണ്. അബു ഷാദി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത ദുവോ മുഹമ്മദും ഷാദിയുടെ വേഷപ്പകർച്ചയിൽ സാലെ ബേക്കറിയും ചിത്രത്തിലുടനീളം തങ്ങളുടെ പ്രകടനങ്ങൾ സുന്ദരമാക്കി.

ഇസ്രായേലിൽ വളരെ കുറച്ച് മാത്രം ബാക്കിയുള്ള ഫലസ്തീൻ ക്രിസ്ത്യാനികളുടെ വീടുകളിലേക്ക് കല്യാണക്കുറിയുമായി അബുഷാദി കയറിച്ചെല്ലുന്നതോടെയാണ് അച്ഛനും മകനും തമ്മിലുള്ള ആദർശപരമായ പ്രശ്നങ്ങൾക്കു തുടക്കമാവുന്നത്. അബുഷാദി തനിക് ലഭിക്കാനിരിക്കുന്ന ഉദ്യോഗ കയറ്റത്തെയും കുടുംബത്തിന്റെ ഉന്നമനത്തിനും വേണ്ടി ഇറ്റലിയിൽ പ്രണയിനിയുമൊത്തു താമസിക്കുന്ന ഷാദിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. ഇത് അച്ഛനും മകനും തമ്മിലുള്ള പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു. ഈ ചെറിയ കുടുംബ പ്രശ്നം അവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും നേരിടുന്ന സാഹചര്യങ്ങളിലൂടെയും ഫലസ്‌തീൻ അഭയാർഥികളുടെ രാഷ്ട്രീയ സാമൂഹിക ചിന്താഗതികളിലേക്ക് വിരൽ ചൂണ്ടുന്നു.

സ്ത്രീകളുടെ കഥാപാത്ര സൃഷ്ടിയും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും അവസാന സീനിൽ ശബ്ദമായും മാത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്ന അബുഷാദിയുടെ വേർപിരിഞ്ഞു പോയ ഭാര്യയും, മരിയ സിറിയക് അവതരിപ്പിച്ച അമലുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. കല്യാണ വേഷത്തിന്റെ കാര്യത്തിൽ പോലും തന്റെ ഇഷ്ടം അച്ഛന് വേണ്ടി മാറ്റി വയ്ക്കുന്ന മകളും വിവാഹ മോചനത്തിന് ശേഷം സ്വന്തം ജീവിതം സ്വയം നയിക്കുന്ന ഭാര്യയും ഇസ്രായേൽ ഫലസ്തീൻ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഘടകങ്ങളായി അബുഷാദിയുടെ തലയ്ക്ക് മുകളിൽ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നു.

കല്യാണക്കുറിയുമായി അച്ഛനും മകനും കടന്നു ചെല്ലുന്ന ഓരോ വീടുകളും ഇസ്രായേൽ ഫലസ്തീൻ രാജ്യങ്ങളിലെ ജീവിത രീതികളുടെ പ്രതിഫലനങ്ങളാണ്. ഒരു തവണ കയറിച്ചെന്ന വീടും ജീവിതങ്ങളും പിന്നീടൊരിക്കലും സിനിമയിലുടനീളം വരാതിരിക്കാൻ കഥാകൃത്തും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മോടി പിടിപ്പിക്കുന്ന ഒരു ഘടകങ്ങളും ഇല്ലാതെ തന്നെ വളരെ ലളിതമായ രീതിയിൽ കൈകാര്യം ചെയ്തതായിരുന്നു ക്യാമറ വർക്ക്. സർകാസ്റ്റിക് ആയി കഥ പറയുന്ന രീതിയിലൂടെ ആസ്വാദ്യകരമായ രീതിയിൽ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞു. എങ്കിലും മുൻകാല കാമുകിയും ഷഡിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ ആവശ്യമില്ലാത്തതായി അനുഭവപെട്ടു. തുടക്കം മുതൽ തുടരെ തുടരെ പറയുന്ന വാഹനത്തിലെ റേഡിയോ സന്ദേശങ്ങൾ ഇസ്രായേലിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകൾ സാഹചര്യത്തെ ദൃഢപ്പെടുത്താൻ ഉപയോഗിച്ചതാണെങ്കിലും പ്രേക്ഷകനോടുള്ള സംവിധായകന്റെ സ്പൂൺ ഫീഡിങ് മെന്റാലിറ്റി ആയി അനുഭവപെട്ടു പക്ഷെ മികച്ചു നിൽക്കുന്ന തിരക്കഥയും അതിലേക് തുന്നിപിടിച്ച മനോഹരമായ ക്ലൈമാക്സും വാജിബ് ഒരു മികച്ച സിനിമയാണെന്ന വസ്തുത ശരി വയ്ക്കുന്നു.

പ്രതിഫലങ്ങൾക്കു വേണ്ടിയുള്ള പ്രഹസനങ്ങളുടെ കഥയാണെന്ന ആമുഖം സിനിമയുടെ നാമധേയത്തിലൂടെ നൽകുകയും, ഇസ്രായേലിലെ പ്ളാസ്റ്റിനെ അഭയാർഥികളുടെ രാഷ്ട്രീയവും അവിടുത്തെ നിലവിലുള്ള സത്യാവസ്ഥയും തമ്മിൽ ഒരുപാടു അന്തരമുണ്ട് എന്ന് ക്ലൈമാക്സ് ഡയലോഗിലൂടെ സിനിമയുടെ ആകെതുകയും വാജിബ് പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിക്കുന്നു.

ഒരു സമൂഹം കെട്ടിപ്പെടുത്താൻ സാമൂഹിക ജീവികളായ മനുഷ്യരുടെ നിലപാടുകൾ വളരെ പ്രധാനമേറിയതാണ്. ''സുന്ദരമാവാൻ' കാരണവും ഇത് തന്നെയാണ്.

TAGS :

Next Story