Quantcast

കറുപ്പിന്റെയും വെളുപ്പിന്റെയും മാനസിക സംഘര്‍ഷങ്ങൾ; റോമ റിവ്യൂ

വെനീസ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം, തൊണ്ണൂറ്റിയൊൻപതാമത് അക്കാദമി അവാർഡിലേക്കുള്ള മെക്സിക്കോയുടെ ഒഫീഷ്യൽ സെലക്ഷൻ, ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിലും മികച്ച പരാമർശങ്ങൾ നേടി മുന്നേറിയ ചിത്രം. 

MediaOne Logo
കറുപ്പിന്റെയും വെളുപ്പിന്റെയും മാനസിക സംഘര്‍ഷങ്ങൾ; റോമ റിവ്യൂ
X

വെനീസ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം, തൊണ്ണൂറ്റിയൊൻപതാമത് അക്കാദമി അവാർഡിലേക്കുള്ള മെക്സിക്കോയുടെ ഒഫീഷ്യൽ സെലക്ഷൻ, ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിലും മികച്ച പരാമർശങ്ങൾ നേടി മുന്നേറിയ ചിത്രം. റോമ ഒരു അത്ഭുതമാകുന്നത് ഇങ്ങിനെയാണ്. ഗ്രാവിറ്റി, ചിൽഡ്രൻ ഓഫ് മെൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിച്ച സംവിധായകൻ അൽഫോൺസോ ക്വാറോണിന്റെ മറ്റൊരു മാസ്റ്റർ പീസ്. ഒരു കഥക്കുള്ളിൽ തന്നെ പല ചെറുകഥകൾ ഒളിപ്പിച്ച് വയ്ക്കാനുള്ള ക്വാറോണിന്റെ കഴിവ് റോമയിലും വ്യക്തമായിരുന്നു.

മെക്സിക്കോ നഗരത്തിലെ ഒരു മധ്യവർഗ്ഗ അണുകുടുംബത്തിലെ വീട്ടു ജോലിക്കാരിയാണ് ക്ലിയോ. അവളുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളും പ്രണയവും മാതൃത്വവും വീക്ഷണങ്ങളുമാണ് റോമ. സിനിമ ആരംഭിക്കുന്നത് തന്നെ കാർ പോർച്ച് വൃത്തിയാക്കുന്ന ക്ലിയോയിലൂടെയാണ്. ആദ്യത്തെ ആ ഷോട്ടിലൂടെ തന്നെ വീടിന്റെ മുഖചിത്രം സംവിധായകൻ പ്രേക്ഷക മനസ്സിൽ വരച്ചിടുന്നു. കൂടാതെ കഥയിൽ ആ ഇടത്തിന് വലിയ പ്രാധാന്യമുണ്ടെന്ന സൂചനയും. ആദ്യത്തെ മൂന്ന് ഷോട്ടുകളിൽ പാനിങ് മാത്രമാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. അത് വ്യക്തമായി കഥ നടക്കുന്ന പശ്ചാത്തലം നമ്മിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ സഹായകമായി.

കാർ പാർക്ക് ചെയ്യാനായി ഡോക്ടറായ ഗൃഹനാഥൻ പാടുപെടുന്നത് അദ്ദേഹത്തിന് കുടുംബത്തോടുള്ള താൽപര്യക്കുറവിനെ എടുത്ത് കാണിക്കുന്നു. പിന്നീട് ഗൃഹനാഥനും ഭാര്യ സോഫിയയും പിരിയുകയാണ്. ഗർഭിണിയായ ക്ലിയോയെ വിട്ട് പോകുന്ന കാമുകൻ ഫെർമിൻ എന്ന കഥാപാത്രവും കഥയിലേക്കെത്തുമ്പോൾ ഒറ്റപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ കഥ സംവിധായകൻ പറയുന്നു. ഒരു വശത്ത് സമ്പന്നയെങ്കിൽ മറുവശത്ത് ദരിദ്രയെന്ന് മാത്രം വ്യത്യാസം. ഇത് പോലെ ഒരുപാട് കഥകൾ റോമ പറയാതെ പറയുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ് ഫോർമാറ്റാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. മെക്സിക്കോ നഗരത്തിലെ താഴ്ന്ന കുടുംബത്തിൽ പെട്ട നിറം കുറഞ്ഞ ക്ലിയോയുടെ കഥ അങ്ങിനെ തന്നെയാണ് പറയേണ്ടത്. ക്ലിയോയുടെ മനസ്സിലെ സംഘർഷങ്ങളും നിസ്സഹായതകളും കറുപ്പും വെളുപ്പുമായി നമുക്ക് സ്ക്രീനിൽ കാണാൻ സാധിക്കും.

റോമയിലെ ഓരോ സീനും ഓരോ കട്ടുകളും ഓരോ സന്ദർഭങ്ങളും പ്രേക്ഷകനിൽ വലിയ പ്രതീക്ഷകൾ നൽകുന്നു. ക്രിസ്മസ് രാത്രി ചെലവഴിക്കാനായി സോഫിയയും കുട്ടികളും ക്ലിയോയും ഒരു റിസോർട്ടിലേക്ക് പോകുന്നതും അവിടെ ഒരു തീപിടിത്തമുണ്ടാകുന്നതുമെല്ലാം തത്ത്വചിന്താപരമായി നമ്മെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. തീ കത്തുമ്പോൾ 1970 തിരിച്ച് വരാനായി ഒരു കഥാപാത്രം പാട്ട് പാടുന്നത് വളരെയധികം സങ്കടത്തിലാഴ്ത്തി.

ക്ലോസ് അപ്പും വൈഡ് ഷോട്ടും ക്ലബ് ചെയ്യാനുള്ള ക്വാറോണിന്റെ അസാമാന്യ കഴിവ് റോമയിലും പ്രകടമായിരുന്നു. കഥ പറയുമ്പോൾ കഥയുടെ പശ്ചാത്തലം കൂടി പ്രേക്ഷകരുടെ മനസ്സിലേക്ക് കുത്തിയിറക്കാൻ ഇതിലൂടെ സംവിധായകന് സാധിച്ചു. പാനിങ് ഷോട്ടുകൾ കൂടുതൽ ഉപയോഗിച്ചിരിക്കുന്നതിലൂടെ കഥാപാത്രം എന്ത്, എവിടെ, എങ്ങിനെ ചെയ്യുന്നു എന്നതിലുള്ള വ്യക്തതയും നമുക്ക് നൽകുന്നു. ആദ്യ മൂന്ന് സീനുകളിലെ വൈഡ് പാനിങ്ങുകളും ഫെർമിനിന്റെ പരിശീലന സ്ഥലം കാണിക്കുമ്പോഴുള്ള ഷോട്ടുമെല്ലാം എടുത്ത് പറയേണ്ടവയാണ്.

എല്ലാ സീനുകളിലും പ്രത്യേകതകൾ കണ്ടെത്താൻ റോമയിൽ സാധിക്കും. 1970ൽ മെക്സിക്കോയിൽ നടന്ന 120 ആളുകൾ കൊല്ലപ്പെട്ട വിദ്യാർഥി സമത്തിന്റെ പുനരാവിഷ്കരണമെല്ലാം മനോഹരമായിരുന്നു. കലാപ സമയത്ത് ഗർഭിണിയായ ക്ലിയോയുടെ നിറവയറിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന കാമുകൻ ഫെർമിന്റെ പ്രവൃത്തിയെയും പ്രസവത്തിൽ കുട്ടി മരിക്കുന്നതിനെയും കൂട്ടിവായിക്കാൻ തത്ത്വചിന്താപരമായി സാധിക്കുന്നുണ്ട്.

ക്ലൈമാക്സിലെ കടലിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന സീൻ അതിഗംഭീരമായി. ഇടക്കിടെ ആകാശത്തിലുടെ പറന്നകലുന്ന വിമാനങ്ങൾ പല പല ജീവിത യാത്രകളുടെ ചോദ്യചിഹ്നങ്ങളായി നിഴലിച്ച് നിൽക്കുന്നു. എല്ലാത്തിനുമൊടുവിൽ ക്ലിയോയായി വേഷമിട്ട അപ്പാരിസിയോയുടെ മുഖം ഒരു വിങ്ങലായി പ്രേക്ഷകനിൽ അവശേഷിക്കുന്നു... റോമ അക്ഷരാർത്ഥത്തിൽ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്.

TAGS :

Next Story