Quantcast

ഐ.സി.സിയുടെ മികച്ച നായകന്മാരുടെ പട്ടിക, കോഹ്‍ലിയെ പിന്തള്ളി ഇംറാന്‍ ഖാന്‍ ഒന്നാമത്; സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

അവസാന നിമിഷം വരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയായിരുന്നു പോളിങ്ങില്‍ മുമ്പിലുണ്ടായിരുന്നത്

MediaOne Logo

  • Published:

    13 Jan 2021 2:44 PM GMT

ഐ.സി.സിയുടെ മികച്ച നായകന്മാരുടെ പട്ടിക, കോഹ്‍ലിയെ പിന്തള്ളി ഇംറാന്‍ ഖാന്‍ ഒന്നാമത്; സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
X

ഏറ്റവും മികച്ച നായകന്‍ ആര് എന്ന ചോദ്യവുമായി ഐസിസിയുടെ ട്വിറ്റര്‍ നടത്തിയ പോളിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ പിന്തള്ളി മുന്‍ പാകിസ്താന്‍ നായകനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ വിജയിച്ചു. ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന, ടി20, ടെസ്റ്റ് ടീമുകളില്‍ ഒരു പാകിസ്താന്‍ താരം പോലും ഇടം പിടിക്കാത്തത് പാക് ആരാധകര്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് വഴിവെച്ചിരുന്നു. ഈ ഒരു അവസരത്തില്‍ ഇംറാന്‍ ഖാനെ മികച്ച നായകനായി തെരഞ്ഞെടുത്തത് വലിയ ആവേശമാണ് പാകിസ്താന്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്. പോളില്‍ ഇംറാന്‍ ഖാന്‍ വിജയിച്ചതിനെത്തുടര്‍ന്ന് നിരവധി കോലാഹലങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

'ദി പേസ് സെറ്റേഴ്സ്' എന്ന പേരിലാണ് ഐസിസി ഓപ്പണ്‍ പോള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, ദക്ഷിണാഫ്രിക്ക മുന്‍ ക്യാപ്റ്റന്‍ എബിഡി വില്ലേഴ്സ്, മുന്‍ ആസ്ട്രേലിയന്‍ നായകന്‍ മെഗ് ലാന്നിങ് എന്നിവരാണ് ഇംറാന്‍ ഖാന്‍റെ എതിരാളികളായി പോളിലുണ്ടായിരുന്നത്. നായക പദവിയിലെത്തിയ ശേഷം താരങ്ങളുടെ ആവറേജ് എത്രമാത്രം ഉയര്‍ന്നു എന്ന കണക്കിന്‍റെ അടിസ്ഥാനത്തിലാണ് നാല് പേരെ അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുത്തത്.

അവസാന നിമിഷം വരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയായിരുന്നു പോളിങ്ങില്‍ മുമ്പിലുണ്ടായിരുന്നത്. എന്നാല്‍, വളരെ പെട്ടന്നായിരുന്നു ഇംറാന്‍ ഖാന്‍റെ മുന്നേറ്റം. അവസാന ലാപ്പ് അവസാനിക്കുമ്പോള്‍ 47.3 ശതമാനം വോട്ടുകള്‍ ഇംറാന്‍ ഖാന്‍ നേടിയപ്പോള്‍ വിരാട് കോഹ്‍ലിക്ക് ലഭിച്ചത് 46.2 ശതമാനം വോട്ടുകളാണ്. ഇംറാന്‍ ഖാന്‍ പോളിങ്ങില്‍ വിജയിച്ചത് പല പാക് ടെലിവിഷനുളില്‍ പ്രധാന വാര്‍ത്തയായിപ്പോലും സംപ്രേക്ഷണം ചെയ്തു.

ഇംറാന്‍ ഖാന്‍ പോളില്‍ വിജയിച്ചത് ചതിയിലൂടെയാണെന്നും ഇത് ശരിയല്ലെന്നും പലരും പോസ്റ്റിന് താഴെ കമന്‍റുമായി രംഗത്തെത്തി. തുടക്കം മുതല്‍ മുമ്പിലായിരുന്ന വിരാട് കോഹ്‍ലി അവസാനമായപ്പോള്‍ പിന്നിലായത് മോദി വിരുദ്ധരായ ഇന്ത്യക്കാര്‍ ഇംറാന്‍ ഖാനെ പിന്തുണച്ചത് കൊണ്ടാണെന്ന വിമര്‍ശനവുമായി പലരും വിമര്‍ശനങ്ങളുന്നയിച്ചു. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്ന രീതിയില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെയും പ്രതികരണങ്ങളുയരുന്നുണ്ട്.

TAGS :

Next Story