Quantcast

ജോ റൂട്ടിന്റെ 'കാലു പിടിച്ചു'; ചെന്നൈയിൽ ഹൃദയം കീഴടക്കി കോലി

87-ാം ഓവറിലാണ് റൂട്ട് പേശിവലിവു മൂലം വേദന കൊണ്ട് പുളഞ്ഞ് കളത്തിൽ കിടന്നത്

MediaOne Logo

  • Published:

    6 Feb 2021 3:57 AM GMT

ജോ റൂട്ടിന്റെ കാലു പിടിച്ചു; ചെന്നൈയിൽ ഹൃദയം കീഴടക്കി കോലി
X

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഹൃദയങ്ങൾ കീഴടക്കി ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലി. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് സഹായവുമായി ഓടിയെത്തിയതാണ് കോലിയെ കളിയിൽ വേറിട്ടു നിർത്തിയത്. കളത്തിൽ ആക്രമണാത്മക സ്വഭാവം കൊണ്ട് പേരു കേട്ട നായകന്റെ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് അടയാളപ്പെടുന്ന വേളയായി അതു മാറി.

87-ാം ഓവറിലാണ് റൂട്ട് പേശിവലിവു മൂലം വേദന കൊണ്ട് പുളഞ്ഞ് കളത്തിൽ കിടന്നത്. ഉടൻ തന്നെ കോലി അടുത്തെത്തി കാൽ മുകളിലേക്ക് ഉയർത്തി നിവർത്തിപ്പിടിച്ച് സഹായിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബിസിസിഐ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നാണ് ബിസിസിഐ ഇതിന് ഹാഷ്ടാഗ് നൽകിയത്.

തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ റൂട്ട് സെഞ്ച്വറി (128*) നേടി. റൂട്ടിന്റെ സെഞ്ച്വറി മികവിൽ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 263 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഓപണർ ഡോം സിബ്ലി അർധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ബുംറ രണ്ടു വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി.

റൂറിൽ നൂറ്

നൂറാം ടെസ്റ്റിൽ സെഞ്ച്വറി എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. കോളിൻ ക്രൗഡെ, അലക്‌സ് സ്റ്റുവർട്ട് എന്നിവരാണ് മറ്റുള്ളവർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറാം മത്സരത്തിൽ ശതകം നേടുന്ന ഒമ്പതാമത്തെ താരവുമാണ് റൂട്ട്.

ജാവേദ് മിയാൻദാദ് (പാകിസ്താൻ), ഗോൾഡൻ ഗ്രീനിഡ്ജ് (വെസ്റ്റിൻഡീസ്), ഇൻസമാമുൽ ഹഖ് (പാകിസ്താൻ), റിക്കി പോണ്ടിങ് (ഓസ്ട്രേലിയ), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), ഹഷിം അംല (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മറ്റുള്ളവർ. നൂറാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ഏക താരം റിക്കി പോണ്ടിങ്ങാണ്.

TAGS :

Next Story