Quantcast

തല താഴ്ത്തി തുടക്കം, തലയുയര്‍ത്തി മടക്കം; ഇവിടെ വംശീയവെറിയും ക്ലീന്‍ബൌള്‍ഡ്

ഇത്രയും ട്വിസ്റ്റ് നിറഞ്ഞൊരു ടെസ്റ്റ് പരമ്പര ഇന്ത്യന്‍ കായിക ചരിത്രത്തിലുണ്ടായിട്ടുണ്ടോ? മില്ലേനിയല്‍-പോസ്റ്റ് മില്ലേനിയല്‍ തലമുറയുടെ ഓര്‍മയില്‍ എന്തായാലും ഉണ്ടായിരിക്കില്ല

MediaOne Logo

  • Published:

    19 Jan 2021 2:46 PM GMT

തല താഴ്ത്തി തുടക്കം, തലയുയര്‍ത്തി മടക്കം; ഇവിടെ വംശീയവെറിയും ക്ലീന്‍ബൌള്‍ഡ്
X

2011 ലോകകപ്പ് ഫൈനലില്‍ മുംബെയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മഹേന്ദ്രസിങ് ധോണി ഹെലികോപ്ടര്‍ ഷോട്ടിലൂടെ വിജയറണ്‍ കുറിക്കുംവരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എവിടെയായിരുന്നു? ഡ്രസിങ് റൂമില്‍ ചെന്ന് കളികാണാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിപ്പായിരുന്നു 'ക്രിക്കറ്റ് ദൈവം'. ഒരു അഭിമുഖത്തില്‍ സച്ചിന്‍ തുറന്നുസമ്മതിച്ചതാണ് ഇക്കാര്യം. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ നൂറുകോടി ജനങ്ങള്‍ അയാള്‍ക്കുവേണ്ടി ഇന്ത്യയുടെ മുക്കുമൂലകളിലിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയാറുണ്ട്.

ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിലെ ലൈവ് കമന്‍റിക്കിടെ ഹര്‍ഷ ബോഗ്ലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനോട് ഇന്ത്യയിലെ തത്സമയ കാഴ്ചക്കാരെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ആറു മില്യനിലധികം പേരാണ് ഇന്ത്യയില്‍ അപ്പോള്‍ ലൈവായി കളി വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണു ബോഗ്ലെ പറഞ്ഞത്. വീടകങ്ങളിലുള്ളവര്‍ മാത്രമാകില്ല, തൊഴിലിടങ്ങളിലുള്ളവരും അക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും ബോഗ്ലെ പറഞ്ഞു.

എന്നാല്‍, ഇന്ന് ഇത്രയും ഇന്ത്യക്കാര്‍ ടെലിവിഷനു മുന്‍പിലിരുന്ന് ഈ കളി പൂര്‍ണമായും കണ്ടിട്ടുണ്ടാകുമോ?! അവരില്‍ പലരും ഇന്നു പുലര്‍ച്ചെ മുതല്‍ തങ്ങളുടെ പൂജാമുറിയിലായിരുന്നിരിക്കണം. റൂമില്‍ ടെലിവിഷന്‍ തുറന്നുവച്ച് അപ്പുറത്തെ പൂജാമുറിയില്‍ പോയി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരിക്കണം അവരില്‍ പലരും. ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുടെ മാത്രമല്ല, കൂടുതല്‍ ക്രിക്കറ്റ് അന്ധവിശ്വാസികളുടെ കൂടി രാജ്യമാണല്ലോ ഇന്ത്യ.

ഇത്രയും ട്വിസ്റ്റ് നിറഞ്ഞൊരു ടെസ്റ്റ് പരമ്പര ഇന്ത്യന്‍ കായിക ചരിത്രത്തിലുണ്ടായിട്ടുണ്ടോ? മില്ലേനിയല്‍-പോസ്റ്റ് മില്ലേനിയല്‍ തലമുറയുടെ ഓര്‍മയില്‍ എന്തായാലും ഉണ്ടായിരിക്കില്ല. കടലാസിലും കളത്തിലും പുലികളായ കങ്കാരുസംഘത്തെ അവരുടെ സ്വന്തം മണ്ണില്‍, മുറിവേറ്റു തകര്‍ന്ന ഒരുപറ്റം ഇന്ത്യന്‍ യുവത്വം അടിയറവു പറയിച്ച, അപൂര്‍വ സുന്ദരമായ മുഹൂര്‍ത്തങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിക്കറ്റ് ലോകം കണ്ടുകൊണ്ടിരുന്നത്. അതിന്റെ ഏറ്റവും പാരമ്യത്തിനായിരുന്നു ഇന്ന് ഗാബയുടെ പൊട്ടിപ്പൊളിഞ്ഞുകൊണ്ടിരുന്ന പിച്ച് സാക്ഷ്യംവഹിച്ചത്. ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥസൗന്ദര്യം കൊണ്ട് നിറഞ്ഞാടിയ ഏതാനും ദിനങ്ങള്‍. അഞ്ചാംദിനത്തിലേക്കു കളി നീണ്ട്, അവസാന മണിക്കൂറുകള്‍വരെ ആവേശവും ഉദ്വേഗവും മാറിമറിഞ്ഞുകൊണ്ടിരുന്ന സമ്മോഹനമായ ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യവും സ്വഭാവവും കാരണം മാറ്റിനിര്‍ത്തിയിരുന്ന ഒരു 'ടി20' ജനറേഷനെ അഞ്ചുദിനം ടെലിവിഷനുമുന്‍പില്‍ ആവേശഭരിതരാക്കി പിടിച്ചുനിര്‍ത്തിയ ദിവസങ്ങളായിരുന്നു ഇത് എന്നതാണ് ഏറ്റവും കൗതുകരം.

ഓസീസ് ക്രിക്കറ്റ് ജേണലിസ്റ്റ് മെലിന്‍ഡ ഫാറെലുമായി ചേര്‍ന്നുനടത്തിയ 'ഗുഡ്, ബാഡ്, റിഡിക്കുലസ് ' യൂടൂബ് പ്രോഗ്രാമില്‍ ക്രിക്കറ്റ് അനലിസ്റ്റും എഴുത്തുകാരനുമായ ഭരത് സുന്ദരേശന്‍, സിഡ്‌നിയിലെ ബാറ്റിങ് സ്വര്‍ഗത്തില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ വീരോചിതമായ പോരാട്ടത്തെ വിശേഷിപ്പിച്ചത് survival of the unfittest എന്നായിരുന്നു. ഈ പരമ്പരയ്ക്കു തന്നെ നല്‍കാവുന്ന ഏറ്റവും കൃത്യവും മനോഹരവുമായ തലവാചകവും അതുതന്നെയായിരിക്കും. സിഡ്‌നിയില്‍ നടന്നത് അസാമാന്യമായ ചെറുത്തുനില്‍പ്പും അതിജീവനവുമാണെങ്കില്‍, ഗാബയില്‍ സംഭവിച്ചിരിക്കുന്നത് ശരിക്കും അട്ടിമറി തന്നെയാണ്. ദുര്‍ബലരുടെ ചെറുസംഘങ്ങള്‍ സര്‍വായുധ വിഭൂഷിതരായ അധീശശക്തികള്‍ക്കെതിരെ നടത്തിയ അട്ടിമറിയുടെ അപൂര്‍വാധ്യായങ്ങള്‍ ചരിത്രത്തിലുണ്ട്. ശരിക്കും അതുപോലൊന്നു തന്നെയാണ് ഇന്ന് ഓസീസ് മണ്ണില്‍ സംഭവിച്ചിരിക്കുന്നത്.

ആള്‍ബലം കൊണ്ടും ആള്‍ക്കരുത്തുകൊണ്ടും ഏറ്റവും കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ നാട്ടില്‍ ചെന്നു കീഴടക്കിയത്, ഒരുപക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പരിചയസമ്പത്തും മൂര്‍ച്ചയും ഏറ്റവും കുറഞ്ഞതെന്ന് പറയാവുന്ന സ്‌ക്വാഡാണ്. ഇത് വെറുമൊരു കായിക അതിജീവനത്തിന്റെ ചരിത്രമല്ല. തലമുറകളെ പതിറ്റാണ്ടുകളോളം പ്രചോദിപ്പിക്കാന്‍ പോന്ന മാനുഷിക അതിജീവന പോരാട്ടത്തിന്റെ തന്നെ അസാമാന്യമായ അധ്യായമാണ്. നൂറ്റാണ്ടുകാലത്തേക്കെങ്കിലും കായികലോകത്ത് ഈ ദിനം ഓര്‍ക്കപ്പെടുമെന്നുറപ്പാണ്.

ക്രിക്കറ്റ് 'മൈന്‍ഡ് ഗെയിമാ'ണെന്നാണ് പറയാറ്. ഗ്രൗണ്ടില്‍ ക്യാപ്റ്റനും, ക്രീസിലുള്ള ബാറ്റ്‌സ്മാനും, പന്തെറിയാന്‍ വരുന്ന ബൗളറെടുമെല്ലാമെടുക്കുന്ന, നിമിഷനേര തീരുമാനങ്ങള്‍ പലതും വലിയ വിജയങ്ങളായി മാറിയത് സ്ഥിരം കാണുന്നതാണ്. എന്നാല്‍, കളത്തിനുപുറത്തുമുള്ള ചില 'മൈന്‍ഡ് ഗെയിമു'കളുണ്ട്. ഗ്രൗണ്ടിലെ ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്‍ക്കുമേല്‍ ഗ്രൗണ്ടിനുപുറത്തെ പലതരം ഘടകങ്ങളും കണക്കുകളും നീക്കങ്ങളുമെല്ലാം ജയിക്കുന്ന പല ഘട്ടങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്; പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റില്‍. ഗാബയിലെ 32 വര്‍ഷത്തെ കങ്കാരു വിജയഗാഥ അത്തരമൊരു കളിക്കു പുറത്തെ 'മൈന്‍ഡ് ഗെയിം' കണക്കാണ്. മൂന്നാം ടെസ്റ്റില്‍ അശ്വിന്റെ പ്രതിരോധത്തില്‍ വശംകെട്ട ഓസീസ് ക്യാപ്റ്റന്‍ ടിം പെയിന്‍ 'ഗാബയിലേക്ക് വരൂ' എന്നു വെല്ലുവിളിച്ചത് ആ ഗെയിമിന്റെ ഭാഗമാണ്. ഇത്രയും കരുത്തരായ ഓസീസിന്, പരുക്കുകൊണ്ടു വലഞ്ഞ ഇന്ത്യയെ തകര്‍ക്കാനായില്ലെങ്കില്‍ അതു സാധാരണ പരാജയമായിരിക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുമുന്‍പ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഓസീസ് താരങ്ങളുടെ തന്നെ വികാരങ്ങളിളക്കാന്‍ ശ്രമിച്ചതും അതേ തന്ത്രം തന്നെ.

എന്നാല്‍, ഗ്രൗണ്ടിനു പുറത്തെ ഇത്തരത്തിലുള്ള മുഴുവന്‍ മൈന്‍ഡ് ഗെയിമുകള്‍ക്കുംമേലാണ് കളത്തിലെ അസാമാന്യ പോരാട്ടവീര്യം കൊണ്ട് ഇന്ത്യ വിജയക്കൊടി നാട്ടിയിരിക്കുന്നത്.

റോളര്‍കോസ്റ്റര്‍ സീരീസ്

ഇതിനെയൊരു റോളര്‍കോസ്റ്റര്‍ സീരീസെന്നു തന്നെ വിശേഷിപ്പിക്കാം. ശരിക്കും റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ രണ്ട് വശങ്ങളിലേക്കും ചാഞ്ഞും ചരിഞ്ഞും ചാഞ്ചാടിക്കളിച്ചുംകൊണ്ടിരുന്ന ഒരു ക്രിക്കറ്റ് പരമ്പര. അപ്രവചനാത്മകതയും അപ്രതീക്ഷിതത്വങ്ങളും നിറഞ്ഞതായിരുന്നു പരമ്പരയിലെ ഓരോ സെഷനുകളും. മാറിയും മറിഞ്ഞും കൊണ്ടിരുന്ന കളിക്കൊടുവില്‍ എല്ലാ മത്സരത്തിലും അപ്രതീക്ഷിതഫലങ്ങളുമാണ് കൊണ്ടുതന്നതും. ഈ പരമ്പര കരുതിവച്ചതെല്ലാം പ്രതീക്ഷകള്‍ക്കുപുറത്തുള്ളതായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറിന്റെ നാണക്കേടില്‍നിന്ന് തുടങ്ങുന്നു ഈ ടെസ്റ്റ് പരമ്പരയുടെ റോളര്‍കോസ്റ്റര്‍ ഉദ്വേഗം. വിരാട് കോലിയെന്ന, സമകാലിക ക്രിക്കറ്റിലെ ഇതിഹാസം ഭാഗമായ ഒരു ടീം 36 റണ്‍സിന് കൂടാരം കയറുന്നു. അങ്ങനെ അഡലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടുവിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുന്നു.

വിരാട് കോലിയും മുന്‍നിര ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയുമില്ലാതെ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ഇതിനു പുറമെ അഡലെയ്ഡിലെ കൂട്ടത്തകര്‍ച്ചയുടെ നടുക്കുന്ന ഓര്‍മയും. കളിക്കിടയില്‍വച്ച് മറ്റൊരു മുന്‍നിര ബൗളര്‍ ഉമേഷ് യാദവിനെയും നഷ്ടപ്പെടുന്നു. ഒടുവില്‍, ലോകക്രിക്കറ്റിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് അറ്റാക്കിനെതിരെ ഇന്ത്യ എട്ടുവിക്കറ്റിന്റെ മിന്നും വിജയം സ്വന്തമാക്കുന്നു.

ഡെവിഡ് വാര്‍ണര്‍കൂടി മടങ്ങിയെത്തിയതോടെ കൂടുതല്‍ കരുത്തരായ കങ്കാരുക്കള്‍ അഡലെയ്ഡ് തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളോടെയുമാണ് സിഡ്‌നിയിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിലെ മോശം പ്രകടനത്തിനു മറുപടി ബാറ്റിലൂടെ തന്നെ നല്‍കുമെന്നുറച്ച് സ്റ്റീവ് സ്മിത്തും. എന്നാല്‍, കളി എളുപ്പത്തില്‍ തീര്‍ത്ത് ബ്രിസ്‌ബെയിനിലേക്ക് വിമാനം കയറാനിരുന്ന ഓസ്‌ട്രേലിയയെ കാത്തിരുന്നത് മറ്റൊരു 'മാസ്റ്റര്‍ പ്ലാനാ'യിരുന്നു. ഋഷഭ് പന്തിന്റെ കൗണ്ടര്‍ അറ്റാക്കും വിഹാരി-അശ്വിന്‍ കൂട്ടുകെട്ടിന്റെ അസാമാന്യമായ ചെറുത്തുനില്‍പ്പുമായി, തോല്‍ക്കുമെന്നുറപ്പിച്ച കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നാടകീയമായി സമനിലയില്‍ കുരുക്കിയിടുന്നു.

ഒടുവില്‍ മൂന്നു പതിറ്റാണ്ടുനീണ്ട അജയ്യതയുടെ ചരിത്രബലത്തിലാണ് കങ്കാരുക്കള്‍ ഇന്ത്യയെ അവസാന ടെസ്റ്റിന് ഗാബയിലേക്ക് ക്ഷണിച്ചത്. മറുവശത്ത് പരുക്കുകൊണ്ടു വലഞ്ഞ് ടീം ഇന്ത്യയും. ഇന്ത്യന്‍ പേസിന്റെ കുന്തമുന ജസ്പ്രീത് ബുംറയില്ല. സ്പിന്‍ കരുത്തും മൂന്നാം ടെസ്റ്റിലെ നിര്‍ണായക ഇന്നിങ്‌സ് കളിച്ച അശ്വിനും ഹനുമ വിഹാരിയുമില്ല. ജഡേജ നേരത്തേയില്ല. എന്നാല്‍, പുതുമുഖങ്ങളും ഇളമുറക്കാരുമായ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മന്‍ ഗില്‍, നടരാജന്‍, ഋഷഭ് പന്ത് എല്ലാം ചേര്‍ന്ന് ആ ചരിത്രവും തിരുത്തിക്കുറിച്ചു. ഇന്ത്യ മൂന്നു വിക്കറ്റിനു കളി ഓസീസില്‍നിന്ന് തട്ടിപ്പറിക്കുന്നു; കൂടെ പരമ്പരയും.

വംശീയവെറി

സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപങ്ങളുമായി നേരിട്ടത് മറക്കാനാകില്ല. ജസ്പ്രീത് ബുംറയ്ക്കും കന്നി സീരീസ് കളിക്കുന്ന മുഹമ്മദ് സിറാജിനും നേരെയായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നത്. സിറാജിനെയും ബുംറയെയും ചേര്‍ത്തുപിടിച്ച് രഹാനെ കളി നിര്‍ത്തിച്ച്, നടപടിയെടുക്കും വരെ ഉറച്ചുനിന്നത് നല്ല കാഴ്ച തന്നെയായിരുന്നു. വംശീയ വെറിയന്മാരെ ഗ്രൗണ്ടില്‍നിന്ന് സുരക്ഷാ വിഭാഗം ഇറക്കിവിടുകയും ചെയ്തു.

എന്നാല്‍, സംഭവത്തെക്കുറിച്ചു വന്നൊരു ശ്രദ്ധേയമായ ലേഖനത്തില്‍ ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ ചാര്‍ലി ഡെവിസ് 'ക്രിക്കി ഡോട്ട് കോമി'ല്‍ എഴുതിയത് ഇതൊരു പുതിയ കാര്യമല്ലെന്നാണ്. വംശീയത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഡി.എന്‍.എയില്‍ തന്നെയുള്ളതാണെന്ന് മുന്‍പു നടന്ന സമാന സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ച് ഡെവിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 'ബ്ലാക്ക് ലിവ്‌സ് മാറ്റര്‍' കാംപയിനിന്റെ ഭാഗമാകാന്‍ ഓസീസ് ക്രിക്കറ്റ് അസോസിയേഷന്‍ വിസമ്മതിച്ച് അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

****

ഈ പരമ്പര ക്രിക്കറ്റ് ചരിത്രത്തില്‍ എങ്ങനെയൊക്കെ ഓര്‍ക്കപ്പെടും? ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടലിന്റെയും വീരോചിതമായ ഒരു സമനിലയുടെയും നാടകീയമായ ഒരു വിജയത്തിന്റെയും പേരില്‍ ഈ പരമ്പര എക്കാലവും ഓര്‍ക്കപ്പെടാനുള്ള വകുപ്പുണ്ട്. എന്നാല്‍, ദുര്‍ബലമായൊരു സംഘം അതിശക്തര്‍ക്കുമേല്‍ നേടിയ അപൂര്‍വ പോരാട്ട വിജയമല്ലാതെ മറ്റെന്താണ് 2020-21ലെ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി. ബാക്കപ്പ്-നെറ്റ്‌സ് ബൗളര്‍മാരായെത്തി, പകരക്കാരായി അന്തിമ ഇലവനില്‍ ഇടം പിടിച്ച്, കന്നി മത്സരങ്ങളില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവച്ച നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, മറ്റൊരു കന്നിക്കാരന്‍ ശുഭ്മന്‍ ഗില്‍, എല്ലാത്തിനുമപ്പുറം യുവതാരം ഋഷഭ് പന്ത്... ഇവരെല്ലാമല്ലേ ഈ പരമ്പര തന്നെ. അശ്വിന്റെയും വിഹാരിയുടെയും പരുക്കുമായി നടത്തിയ അസാമാന്യ പോരാട്ടവും, എല്ലാംകൊണ്ടും തികഞ്ഞ ഓള്‍റൗണ്ടര്‍ ജഡേജ പരുക്കേറ്റ വിരലുമായി അവസാന പോരാട്ടത്തിനായി പാഡിട്ട് ഒരുങ്ങിയിരുന്നതും, നൂറാം മത്സരം കളിച്ച നഥാന്‍ ലയണിന് ഇന്ത്യന്‍ ടീം ഒപ്പുവച്ച ജഴ്‌സി സമ്മാനിച്ചതും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മറക്കാനാകാത്ത കാഴ്ചകളുമായിരുന്നു. ക്യാപ്റ്റന്‍ രഹാനെ, ടെസ്റ്റ് സ്‌പെഷലിസ്റ്റ് പുജാര, സീനിയര്‍ താരം രോഹിത് എന്നിവരുടെയെല്ലാം സംഭാവനകളും മറക്കാതിരിക്കാം.

പലതരത്തില്‍ ദുര്‍ബലമായൊരു ടീമിനെ രഹാനെ ചിറകുവിരിച്ച് ചേര്‍ത്തുപിടിക്കുന്നതാണ് പരമ്പരയിലുടനീളം കണ്ടത്. മെല്‍ബണില്‍ മികച്ച ഫീല്‍ഡ് സെറ്റിങ് നീക്കങ്ങളിലൂടെയും നല്ലൊരു ഇന്നിങ്‌സിലൂടെയും രഹാനെ കളി മുന്നില്‍നിന്ന് നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ബാറ്റിങ്ങിനെ തുണക്കുന്ന സിഡ്‌നിയിലും ബാറ്റിങ് ശവപ്പറമ്പെന്ന് അറിയപ്പെട്ടിരുന്ന ഗാബയിലും ടീമിനെ ആത്മവിശ്വാസത്തോടെ അവസാന നിമിഷംവരെ പോരാടാന്‍ പ്രേരിപ്പിച്ചത് അയാള്‍ തന്നെയാണ്.

TAGS :

Next Story