യുഎസുമായുള്ള വ്യാപാര കരാർ ഇന്ത്യയെ ഡാറ്റ കോളനിയാക്കി മാറ്റും: രാഹുൽ ഗാന്ധി
അമേരിക്കയെ സന്തോഷിപ്പിക്കാൻ നമ്മുടെ കർഷകരുടെ താൽപര്യങ്ങൾ ബലി കഴിച്ചതും നമ്മൾ ഇന്ധനം വാങ്ങുന്ന കാര്യം തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചതും എന്തിനാണെന്നും രാഹുല്‍ ഗാന്ധി

- Published:
20 Feb 2026 10:53 PM IST

ന്യൂഡല്‍ഹി: ഇളവുകൾ അങ്ങോട്ട് കൊടുത്ത് ഇങ്ങോട്ട് ഇന്ത്യക്ക് യാതൊരു നേട്ടവുമില്ലാത്ത വ്യാപാര കരാറിന് അമേരിക്കക്ക് മുന്നിൽ പ്രധാനമന്ത്രി മുട്ടുമടക്കിയത് സമ്മർദം മൂലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വ്യാപാര കരാർ ഇന്ത്യയെ ഡേറ്റ കോളനിയാക്കി മാറ്റുമെന്ന് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
കരാറിലൂടെ രാജ്യത്തെ വിറ്റു തുലയ്ക്കുകയാണെന്ന, തന്റെ പാർലമെന്റ് പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയെ സന്തോഷിപ്പിക്കാൻ നമ്മുടെ കർഷകരുടെ താൽപര്യങ്ങൾ ബലി കഴിച്ചതും നമ്മൾ ഇന്ധനം വാങ്ങുന്ന കാര്യം തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചതും എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർഷം തോറും 100 ശതകോടി ഡോളർ ആക്കി ഉയർത്താൻ സമ്മതിച്ചപ്പോൾ തിരിച്ച് നമുക്കെന്ത് ഗുണമാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
"വ്യാപാര കരാറിനെക്കുറിച്ചുള്ള പാർലമെന്റ് പ്രസംഗത്തിൽ ഞാൻ എന്തിനാണ് ജിയു-ജിറ്റ്‌സു (Jiu-Jitsu) ഉപമ ഉപയോഗിച്ചത്? അമേരിക്കക്കാരെ പ്രീണിപ്പിക്കാൻ നമ്മുടെ കർഷകർ എന്തിനാണ് ബലിയാടാക്കപ്പെട്ടത്? എണ്ണ വിതരണത്തിൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ അനുവാദം നൽകിക്കൊണ്ട് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ എന്തിനാണ് വിട്ടുവീഴ്ച ചെയ്തത്?"
"പരസ്പരമുള്ള ഉറപ്പുകളൊന്നുമില്ലാതെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി പ്രതിവർഷം 100 ബില്യൺ ഡോളർ വർദ്ധിപ്പിക്കാൻ എന്തിനാണ് സമ്മതിച്ചത്? ഈ കരാർ ഇന്ത്യയെ ഒരു 'ഡാറ്റാ കോളനി'യാക്കി മാറ്റുമെന്ന് ഞാൻ എന്തുകൊണ്ടാണ് പറഞ്ഞത്? ഇന്ത്യ ഇത്രയധികം വിട്ടുകൊടുക്കുകയും എന്നാൽ തിരിച്ച് വളരെക്കുറച്ച് മാത്രം ലഭിക്കുകയും ചെയ്യുന്ന ഇത്തരമൊരു കരാറിന് മോദിജി എന്തിനാണ് സമ്മതിച്ചത്? ഈ നിരുപാധികമായ കീഴടങ്ങലിന്റെ ഉത്തരം പ്രധാനമന്ത്രിക്ക് മേൽ പ്രയോഗിക്കപ്പെട്ടിരിക്കുന്ന സമ്മര്‍ദവും പിടിമുറുക്കവുമാണ് ഒളിഞ്ഞിരിക്കുന്നത്''- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
"ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡാറ്റയാണ്. നമ്മുടെ ഡാറ്റ നരേന്ദ്ര മോദി തുച്ഛമായ വിലയ്ക്ക് അമേരിക്കൻ കമ്പനികൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും കൈമാറുന്നു എന്നതാണ് സത്യം. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, നമ്മൾ ഒരു 'ഡാറ്റാ കോളനി'യായി മാറാൻ പോകുകയാണ്. ഇന്ത്യയെപ്പോലെ ഇത്രയും വലിയൊരു രാജ്യം നമ്മുടെ ഡാറ്റയും ടെക്സ്റ്റൈൽ വ്യവസായവും കാർഷിക മേഖലയും ഉൾപ്പെടെയുള്ള സർവ്വതും എന്തിനുവേണ്ടിയാണ് വിട്ടുകൊടുത്തത്?''- രാഹുല്‍ ഗാന്ധി ചോദിച്ചു.
Adjust Story Font
16
